Leading News Portal in Kerala

മാതാപിതാക്കളുടെ ക്രിസ്ത്യൻ പേര്; തമിഴ്‌നാട്ടിൽ ദളിത് യുവാവിന് ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി നിഷേധിച്ചു|Dalit youth in Tamil Nadu denied permission to get married in temple due to Parents Christian names


Last Updated:

വധൂവരന്മാര്‍ക്കും കുടുംബത്തിനും തഹസില്‍ദാര്‍മാര്‍ നല്‍കിയ എസ്‌സി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും വിവാഹത്തിന് അനുമതി നല്‍കാന്‍ ക്ഷേത്രങ്ങളുടെ വകുപ്പ് തയ്യാറായില്ല

News18News18
News18

മാതാപിതാക്കളുടെ പേര് തടസമായി കാണിച്ച് തമിഴ്‌നാട്ടിൽ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള യുവാവിനും പെണ്‍കുട്ടിക്കും ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി നിഷേധിച്ചു. മാതാപിതാക്കള്‍ക്ക് ക്രിസ്ത്യന്‍ പേരുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ക്ഷേത്രഭരണം നിയന്ത്രിക്കുന്ന ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് (എച്ച്ആര്‍ ആന്‍ഡ് സിഇ) ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിന് അനുമതി നിഷേധിച്ചത്. സംഭവം വിവാദമായതോടെ പാളയംകോട്ടയിലെ മേലവാസല്‍ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്താൻ ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് ശനിയാഴ്ച അനുമതി നല്‍കി.

ജൂണ്‍ 24-നാണ് ജെ ഗോപാല്‍ സാമിയും ജി മഞ്ജുവും തമ്മിലുള്ള വിവാഹം ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയില്‍ വരന്റെ മാതാപിതാക്കള്‍ക്ക് ക്രിസ്ത്യന്‍ പേരുകളാണെന്ന് കാണിച്ച് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. വധൂവരന്മാര്‍ക്കും കുടുംബത്തിനും തഹസില്‍ദാര്‍മാര്‍ നല്‍കിയ എസ്‌സി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും വിവാഹത്തിന് അനുമതി നല്‍കാന്‍ ക്ഷേത്രങ്ങളുടെ വകുപ്പ് തയ്യാറായില്ല. ഹിന്ദു എസ്‌സി പുതിരൈവണ്ണാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് അപേക്ഷകര്‍.

എസ്‌സി വിഭാത്തിലുള്ളവര്‍ ക്രിസ്തുമത വിശ്വാസം പിന്തുടരുന്നവരാണെങ്കില്‍ അവര്‍ക്ക് പിന്നോക്ക വിഭാഗ (ബിസി) സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വരന്‍ ഗോപാല്‍ ചൂണ്ടിക്കാട്ടി. ഗോപാല്‍ സാമിയുടെ അച്ഛന്റെ പേര് ജോസഫ് സാമിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യം വിവാഹം ക്ഷേത്രത്തില്‍ നടത്താന്‍ അനുവദിക്കാതിരുന്നത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. 15 വര്‍ഷത്തില്‍ കൂടുതല്‍ തവണ ശബരിമല അയ്യപ്പക്ഷേത്രത്തിൽ ദര്‍ശനം നടത്തിയിരുന്ന ആളായിരുന്നു തന്റെ അച്ഛനെന്നും ഗോപാല്‍ പറഞ്ഞു.

ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് ഹിന്ദു ആചാര പ്രകാരമാണ്. മഞ്ജുവിന്റെ സഹോദരന്റെ വിവാഹം തമിഴ്‌നാട് ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പിനുകീഴിലുള്ള ഇലഞ്ഞി കുമരര്‍ ക്ഷേത്രത്തില്‍വച്ചാണ് അടുത്തിടെ നടന്നത്. ഈ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും ക്ഷേത്രം ജീവനക്കാര്‍ തങ്ങളുടെ അപേക്ഷ നിരസിക്കുകയായിരുന്നുവെന്ന് ഗോപാല്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് ശനിയാഴ്ച ഹിന്ദു മത ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പ് നടപടി തിരുത്താന്‍ തയ്യാറാകുകയും ക്ഷേത്രത്തില്‍ വിവാഹത്തിന് അനുമതി നല്‍കുകയും ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/India/

മാതാപിതാക്കളുടെ ക്രിസ്ത്യൻ പേര്; തമിഴ്‌നാട്ടിൽ ദളിത് യുവാവിന് ക്ഷേത്രത്തിൽ വിവാഹം നടത്താൻ അനുമതി നിഷേധിച്ചു