Leading News Portal in Kerala

ഇത്രയേറെ റഷ്യക്കാർ ഇസ്രായേലിൽ ഉണ്ടോ ? എന്തുകൊണ്ട് ഇറാനെ സഹായിക്കുന്നില്ല എന്നതിന് കാരണം വ്യക്തമാക്കി പുടിന്‍ Two Million People Of Russia in Israel Putin explains why he doesnt help Iran


Last Updated:

ഇറാൻ വിഷയത്തിൽ റഷ്യക്ക് നിഷ്പക്ഷ നിലപാടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുടിൻ

News18News18
News18

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ യുഎസും ഇടപെടലും സംബന്ധിച്ച് പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഇറാനെതിരെ കഴിഞ്ഞ ദിവസമാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ യുഎസ് സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷത്തില്‍ റഷ്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രസിഡന്റ് പുടിന്‍. ഇസ്രായേലിലുള്ള റഷ്യന്‍ ജനതയുടെ വലിയ സാന്നിധ്യമാണ് ഇതിനുള്ള കാരണവമെന്നും അദ്ദേഹം പറയുന്നുണ്ട്.

സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ഏതാണ്ട് 20 ലക്ഷത്തോളം ആളുകള്‍ ഇസ്രായേലില്‍ താമസിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. റഷ്യയും ഇറാനും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധത്തിലാണെങ്കിലും ഇസ്രായേലില്‍ വലിയൊരു വിഭാഗം റഷ്യക്കാര്‍ താമസിക്കുന്നതിനാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് വ്ളാഡിമിര്‍ പുടിന്‍ വിശദമാക്കി.

സെന്റ്. പീറ്റേഴ്‌സ്ബര്‍ഗില്‍ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുമ്പോഴാണ് പുടിന്‍ ഇക്കാര്യം വിശദീകരിച്ചത്. മുന്‍ സോവിയറ്റ് യൂണിയനില്‍ നിന്നും റഷ്യന്‍ ഫെഡറേഷനില്‍ നിന്നുമുള്ള ഏകദേശം 20 ലക്ഷത്തോളം ആളുകള്‍ നിലവില്‍ ഇസ്രായേലില്‍ തമാസിക്കുന്നുണ്ട്. ഇന്ന് അത് ഏതാണ്ട് ഭൂരിഭാഗവും റഷ്യ സംസാരിക്കുന്ന രാജ്യമാണെന്നും പുടിന്‍ പറഞ്ഞു. സമകാലിക റഷ്യയുടെ ചരിത്രത്തില്‍ ഇക്കാര്യം എപ്പോഴും പരിഗണിക്കുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി.

സംഖ്യകക്ഷികളോടുള്ള റഷ്യയുടെ വിശ്വസ്തതയെ ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങളെ പുടിന്‍ തള്ളിക്കളഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ ‘പ്രകോപനക്കാര്‍’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങളുമായുള്ള റഷ്യയുടെ ദീര്‍ഘകാല സൗഹൃദത്തെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. റഷ്യയുടെ ജനസംഖ്യയുടെ 15 ശതമാനം മുസ്ലീംങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനില്‍ (ഒഐസി) റഷ്യയും ഒരു നീരീക്ഷകനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്ന് പേരിട്ട രഹസ്യ നീക്കത്തിലൂടെ 14,000 കിലോഗ്രാം ബങ്കര്‍ബസ്റ്റര്‍ ബോംബുകളാണ് യുഎസ് ഇറാനില്‍ വര്‍ഷിച്ചത്. ഫാര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ ഇറാന്റെ മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചുു. ഇറാനെതിരായ ആക്രമണത്തെ വന്‍ സൈനിക വിജയമായിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രശംസിച്ചത്. ആക്രമണത്തില്‍ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു എന്നും യുഎസ് അവകാശപ്പെട്ടു.

“ഒന്നുകില്‍ സമാധാനം ഉണ്ടാകും അല്ലെങ്കില്‍ കഴിഞ്ഞ എട്ട് ദിവസമായി കണ്ടതിനേക്കാള്‍ വലിയ ദുരന്തം ഇറാനില്‍ സംഭവിക്കും. ഓര്‍മ്മിക്കുക നിരവധി ലക്ഷ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. സമാധാനം വേഗത്തില്‍ വന്നില്ലെങ്കില്‍ ഈ ലക്ഷ്യങ്ങളെയും പിന്തുടരും”, എന്നാണ് ശനിയാഴ്ച രാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞത്.

യുഎസ് നടപടിക്കുള്ള പ്രതികാരമായി ഇറാന്‍ ഇസ്രായേലിനെതിരെ നിരവധി മിസൈലുകള്‍ വിക്ഷേപിച്ചു. തിരിച്ചടി നല്‍കുന്നതു വരെ സമാധാന ചര്‍ച്ചകളിലേക്കോ നയതന്ത്രത്തിലേക്കോ മടങ്ങില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. ചര്‍ച്ചയ്ക്ക് ഇറാന്‍ സന്നദ്ധമായിരുന്നുവെന്നും എന്നാല്‍ ഇതില്‍ നിന്നും സംഘര്‍ഷത്തിലേക്ക് വീണ്ടുമെത്തിച്ചത് യുഎസും ഇസ്രായേലുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ നേരത്തെ പുടിന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് ട്രംപ് അത് നിരസിച്ചു. ആദ്യം ഉക്രൈനും റഷ്യയും തമ്മിലുള്ള വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പുടിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. അല്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/

ഇത്രയേറെ റഷ്യക്കാർ ഇസ്രായേലിൽ ഉണ്ടോ ? എന്തുകൊണ്ട് ഇറാനെ സഹായിക്കുന്നില്ല എന്നതിന് കാരണം വ്യക്തമാക്കി പുടിന്‍