Exclusive:ആലപ്പുഴ മാന്നാറിൽ യുവതിയുടെ കൊലപാതക കേസിൽ വമ്പൻ ട്വിസ്റ്റ്; സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടമില്ല| major twist in mannar kala murder case No body remains found in samples taken from septic tank
Last Updated:
15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽകുമാർ കൊന്ന് കുഴിച്ചുമൂടിയെന്ന് ആയിരുന്നു കേസ്. ഇതോടെ ഇസ്രായേലിലുള്ള മുഖ്യ പ്രതിയായ അനിൽകുമാറിനെ നാട്ടിൽ എത്തിക്കാനും അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാകും
ശരണ്യ സ്നേഹജൻ
ആലപ്പുഴ: മാന്നാർ കല കൊലപാതക കേസിൽ വൻ വഴിത്തിരിവ്. കലയുടെ മൃതദേഹം മറവ് ചെയ്തെന്ന് പൊലീസ് കരുതുന്ന സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടിൽ ആണ് സ്ഥിരീകരണം. 15 വർഷങ്ങൾക്ക് മുൻപ് കാണാതായ കലയെ ഭർത്താവ് അനിൽകുമാർ കൊന്ന് കുഴിച്ചുമൂടിയെന്ന് ആയിരുന്നു കേസ്. ഇതോടെ ഇസ്രായേലിലുള്ള മുഖ്യ പ്രതിയായ അനിൽകുമാറിനെ നാട്ടിൽ എത്തിക്കാനും അന്വേഷണ സംഘത്തിന് ബുദ്ധിമുട്ടാകും.
15 വർഷങ്ങൾക്ക് മുൻപ് കുഴിച്ചു മൂടപ്പെട്ട സത്യം പുറം ലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലായിരുന്നു. മാന്നാർ ഇരമത്തൂരിൽ നിന്ന് കാമുകനുമായി അപ്രത്യക്ഷമായെന്ന് പറഞ്ഞ കല കൊല്ലപ്പെട്ടു എന്നായിരുന്നു അന്നത്തെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭ്യമായ കത്തിന്റെ ഉള്ളടക്കം. അമ്പലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു ഗാർഹീക പീഡന കേസുമായി ബന്ധപ്പെട്ടും കലയുടെ മരണം സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചു. കലയെ ഭർത്താവ് അനിൽകുമാർ കൊലപ്പെടുത്തി തങ്ങളുടെ സഹായത്തോടെ മറവ് ചെയ്തുവെന്ന് ചോദ്യം ചെയ്യലിൽ ബന്ധുക്കൾ കൂടി സമ്മതിച്ചതോടെ വർഷങ്ങൾ നീണ്ട രഹസ്യത്തിന്റെ ചുരുൾ അഴിയുകയായിരുന്നു.
രഹസ്യ വിവരത്തിന്റെയും തുടർ പരിശോധനകളുടെയും അടിസ്ഥാനത്തിൽ 2024 ജൂലൈ 1ന് പൊലീസ് കലയുടെ ഭർത്താവ് അനിൽകുമാർ, അനിൽകുമാറിന്റെ ബന്ധുക്കളായ ജിനു , സോമൻ , പ്രമോദ് എന്നിവരെ പ്രതിചേർത്ത് മാന്നാർ പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ആലുവയിൽ ജോലി ചെയ്തിരുന്ന കലയെ നാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന അനിൽകുമാർ വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മറ്റ് പ്രതികളെ വിവരം അറിയിക്കുകയായിരുന്നു.
കാറിന്റെ പിൻസീറ്റിൽ ഇരുത്തി വീട്ടിൽ എത്തിച്ചു നാല് പേരും ചേർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്തു എന്നാണ് മൊഴി. ഒന്നാം പ്രതിയായ അനിൽകുമാർ ഇസ്രായേലിൽ ആയിരുന്നതിനാൽ മറ്റ് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അനിൽകുമാറിന്റെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ടാങ്കിൽ നിന്നും മൃതദേഹത്തിന്റേത് എന്ന് കരുതുന്ന സാമ്പിളുകൾ പൊലീസ് ശേഖരിച്ചു.
എല്ലുകളുടെ അവശിഷ്ടങ്ങൾ ഉൾപ്പടെ എന്ന് കരുതി പൊലീസ് ശേഖരിച്ച സാമ്പിളുകൾ ഒന്നും തന്നെ മൃതദേഹവശിഷ്ടങ്ങൾ അല്ല എന്നാണ് കണ്ടെത്തൽ. ഇതിനിടയിൽ ഒരു വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിയാത്തതിനാൽ അനിൽകുമാറിനെ നാട്ടിൽ എത്തിക്കാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമവും അംഗീകരിക്കപ്പെട്ടില്ല.
കലയെ മറ്റൊരു സെപ്റ്റിക് ടാങ്കിൽ ആകാം കുഴിച്ചിട്ടത് എന്ന സംശയവും പൊലീസിനുണ്ട്. ഇനി അന്വേഷണ സംഘത്തിന് ഒരടി മുന്നോട്ട് പോകണമെങ്കിൽ അനിൽകുമാറിനെ ഏത് വിധേനയും നാട്ടിൽ എത്തിച്ചേ മതിയാകൂ. അതിന്റെ ഭാഗമായി ബ്ലൂ കോർണർ നോട്ടീസിനായുള്ള ഇടപെടൽ പൊലീസ് നടത്തുകയാണ്. കൊലപ്പെടുത്തിയെന്നും മൃതദേഹം കണ്ടുവെന്നുമുള്ള ദൃക്‌സാക്ഷി മൊഴി ഉൾപ്പടെയുള്ള കേസിൽ കല മരണപ്പെട്ടു എന്ന് ആധികാരികമായി തെളിയിക്കാൻ സത്യത്തിൽ വാക്കാൽ ഉള്ള മൊഴികൾക്ക് അപ്പുറം അന്വേഷണ സംഘത്തിന്റെ കൈവശം ബലപ്പെട്ട യാതൊന്നും ഇല്ലെന്ന് തന്നെ പറയാം.
Alappuzha,Alappuzha,Kerala
July 08, 2025 11:43 AM IST
Exclusive: ആലപ്പുഴ മാന്നാറിൽ യുവതിയുടെ കൊലപാതക കേസിൽ വമ്പൻ ട്വിസ്റ്റ്; സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടമില്ല