Leading News Portal in Kerala

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; ഏഷ്യാ കപ്പും അനിശ്ചിതത്വത്തിലെന്ന് സൂചന remarks on Northeastern states from Bangladesh Indian cricket teams tour of Bangladesh may be cancelled Asia Cup also in limbo


Last Updated:

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണമെന്ന് ബംഗ്ലാദേശിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു

News18News18
News18

ഏപ്രില്‍ 22ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്രിക്കറ്റ് ലോകത്തും പാകിസ്ഥാനെതിരേ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അവരെ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നുമുള്ള ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ഏഴ് സംസ്ഥാനങ്ങള്‍ കൈവശപ്പെടുത്തണമെന്ന ബംഗ്ലാദേശിലെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതിനെതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തില്‍ ചൈനയുമായി ചേര്‍ന്ന് സംയുക്ത സൈനികസംവിധാനത്തെക്കുറിച്ച് ചര്‍ച്ച ആരംഭിക്കേണ്ടത് ആവശ്യമായി കരുതുന്നുവെന്നും വിരമിച്ച മേജര്‍ ജനറല്‍ എഎല്‍എം ഫസ് ലുര്‍ റഹ്‌മാന്‍ പറഞ്ഞു.

ബംഗ്ലാദേശ് പര്യടനം ബിസിസിഐ ബഹിഷ്‌കരിക്കുമോ?

ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാരണം ഇന്ത്യയും ബിസിസിഐയും ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനം റദ്ദാക്കാന്‍ വളരെയധികം സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായ തീരുമാനമൊന്നും എടുത്തിട്ടില്ല.

”ബംഗ്ലാദേശ് പര്യടനം കലണ്ടര്‍ പ്രകാരം നിശ്ചയിച്ചതാണ്. എന്നാല്‍, ഇതുവരെയും അന്തിമതീരുമാനം എടുത്തിട്ടില്ല. നിലവിലെ സാഹചര്യം കാരണം ഇന്ത്യ ബംഗ്ലാദേശ് പരടനം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,” ഒരു സ്രോതസ്സ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2025ലെ ഏഷ്യാകപ്പും റദ്ദാക്കിയേക്കാം

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇതിനോടകം വര്‍ധിച്ചുവരുന്ന സംഘര്‍ഷവും ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് പരാമര്‍ശങ്ങളും 2025ലെ ഏഷ്യാകപ്പ് ടി20 മത്സരത്തെക്കുറിച്ചും ചോദ്യചിഹ്നം ഉയര്‍ത്തുന്നു. സമീപഭാവിയിലൊന്നും ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റിലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ശേഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പ് 2025 നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ പാകിസ്ഥാനെ ബഹിഷ്‌കരിച്ച് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറിയാല്‍ 2025ല്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്നാല്‍ കായികമേഖലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് പാകിസ്ഥാന്റെ ഏകദിന ടീം കാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ആവശ്യപ്പെട്ടു. ”വിരാട്, കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് കുടുംബാംഗങ്ങളെ കാണുമ്പോഴെല്ലാം ഞങ്ങള്‍ സഹോദരങ്ങളെപ്പോലെയാണ് പെരുമാറുന്നത്. പരസ്പരം ധാരാളം കാര്യങ്ങള്‍ പഠിക്കുന്നു. കായികരംഗത്തേക്ക് രാഷ്ട്രീയം കൊണ്ടുവരരുതെന്ന് മാത്രമെ എനിക്ക് പറയാനുള്ളൂ, അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഇന്ത്യയില്‍ ശക്തമായി ഉയരുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ടീം കാപ്റ്റനായ സൗരവ് ഗാഗുലിയും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമര്‍ശം: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശ് പര്യടനം റദ്ദാക്കിയേക്കും; ഏഷ്യാ കപ്പും അനിശ്ചിതത്വത്തിലെന്ന് സൂചന