Leading News Portal in Kerala

മരിച്ചുപോയ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളെ പ്രണയിച്ച യുവതി സ്വത്തു തര്‍ക്കത്തിന് പിന്നാലെ അമ്മായിയമ്മയെ കൊലപ്പെടുത്തി | Woman kills mother-in-law over land dispute, had affairs with husband’s 2 brothers


Last Updated:

ഭര്‍ത്താവിന്റെ മരണശേഷം യുവതി അയാളുടെ സഹോദരനുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു

ജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്ജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്
ജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മരിച്ചുപോയ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളെ പ്രണയിച്ച യുവതി സ്വത്തു തര്‍ക്കത്തിന് പിന്നാലെ അമ്മായിയമ്മയെ കൊലപ്പെടുത്തി. 54-കാരിയായ സുശീലാ ദേവിയാണ് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കൊലപ്പെടുത്തിയത് ഇളയ മരുമകള്‍ പൂജയും അവരുടെ സഹോദരി കമലയും കമലയുടെ കാമുകന്‍ അനില്‍ വര്‍മയുമാണെന്ന് കണ്ടെത്തി. പൂജയും കമലയും നിലവില്‍ പോലീസ് കസ്റ്റഡയിലാണുള്ളത്. കമലയുടെ മകന്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ വെടിയേറ്റതിനെ തുടർന്ന് ചികിത്സയിലാണ്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മൂന്നുപേരും ചേര്‍ന്നാണ് സുശീലാദേവിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. കൊലപാതകത്തിന് ശേഷം മൂന്ന് പേരും ചേര്‍ന്ന് ഇരയുടെ വീട്ടില്‍ നിന്ന് ഏകദേശം എട്ട് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചതായും പോലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങള്‍ ബന്ധുവിന് മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനില്‍ വര്‍മയെ പോലീസ് പിടികൂടിയത്. ഇതിനിടെ വര്‍മ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് നേരെ പോലീസും വെടിവെപ്പ് നടത്തി. കാലിന് പരിക്കേറ്റ അനിലിനെ പോലീസ് കാവലില്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജൂണ്‍ 24നാണ് സുശീലാദേവിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫൊറന്‍സിക് തെളിവുകള്‍, സാക്ഷി മൊഴികള്‍, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ 48 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ കണ്ടെത്തി. ഇതേ വീട്ടില്‍ താമസിച്ചിരുന്ന പൂജയെയും അവരുടെ സഹോദരിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരെയും ജയിലിലേക്ക് അയക്കുകയും ചെയ്തു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൂജ കൊലപാതകത്തില്‍ തന്റെ സഹോദരിക്കും അവരുടെ കാമുകനും പങ്കുള്ളതായി അറിയിച്ചു. ഇരുവരുടെയും സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അവർ സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് ഗ്യാനേന്ദ്ര കുമാര്‍ പറഞ്ഞു. കൊലപാതകം നടന്ന് തൊട്ടുപിന്നാലെ അനില്‍ വര്‍മ ഗ്രാമം വിട്ടു. ഇതിനിടെ മോഷ്ടിച്ച സ്വര്‍ണവും ആഭരണങ്ങളും വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പിടിയിലാകുന്നത്.

സ്വത്തിന്റെ അനന്തരാവകാശവും ഭൂമി തര്‍ക്കവും സംബന്ധിച്ച ദീര്‍ഘകാലമായുള്ള കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ മരണശേഷം പൂജ അയാളുടെ സഹോദരന്‍ കല്യാണ്‍ സിംഗുമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നു. വൈകാതെ തന്നെ ഇയാളും മരിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ അച്ഛന്‍ അജയ് സിംഗിന്റെയും മറ്റൊരു സഹോദരന്‍ സന്തോഷിന്റെയും സംരക്ഷണയിലാണ് പൂജ കഴിഞ്ഞത്. തുടർന്ന്, വിവാഹിതനായ സന്തോഷുമായി അവര്‍ പ്രണയബന്ധം ആരംഭിച്ചു. വൈകാതെ ഇരുവര്‍ക്കും ഒരു പെണ്‍കുട്ടി ജനിച്ചു. സന്തോഷിന്റെ നിയമപരമായുള്ള ഭാര്യ രാഗിണി ഈ ബന്ധത്തെ എതിര്‍ത്ത് രംഗത്തെത്തി.

പൂജ കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുകയും കൃഷിഭൂമി വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തതായി പോലീസ് പറഞ്ഞു. കുടുംബത്തിന് മൊത്തത്തില്‍ 6.5 ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടായിരുന്നു. ഗ്വാളിയോറിലേക്ക് താമസം മാറുന്നതിന് തന്റെ പങ്കായ മൂന്നേകാല്‍ ഏക്കര്‍ ഭൂമി വില്‍ക്കാന്‍ പൂജ കുടുംബാംഗങ്ങളെ നിര്‍ബന്ധിച്ചു. ഇതിന് സന്തോഷും അച്ഛന്‍ അജയും സമ്മതിച്ചുവെങ്കിലും സുശീലാ ദേവി എതിര്‍ത്തു. തുടര്‍ന്ന് ഭൂമി വില്‍ക്കുന്നതിന് തടസ്സം സൃഷ്ടിച്ച സുശീലയെ കൊലപ്പെടുത്താന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

സുശീലയുടെ കൊലപാതത്തിന് പിന്നാലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആഭരണങ്ങള്‍ മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഒരു മോട്ടോര്‍ സൈക്കിളും ഒരു നാടന്‍ പിസറ്റളും കാണാതായതായി പോലീസ് പറഞ്ഞു.

മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ അനില്‍ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഗ്രാമപ്രദേശത്തിന് സമീപം വെച്ച് ഒരു പോലീസ് സംഘം ഇയാളെ തടയാന്‍ ശ്രമിച്ചപ്പോള്‍ വര്‍മ വെടിയുതിര്‍ത്തു. പോലീസ് തിരിച്ചുനടത്തിയ വെടിവെപ്പില്‍ ഇയാളുടെ കാലിന് വെടികൊണ്ടു.

മോഷ്ടിക്കപ്പെട്ട സ്വര്‍ണവും വെള്ളിയും ആഭരണങ്ങളും രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിലും പിസ്റ്റളും കണ്ടെടുത്തായി പോലീസ് പറഞ്ഞു. ഇതിനിടെ പൂജയുടെ ഭര്‍ത്താവിന്റെയും അയാളുടെ സഹോദരന്റെ മരണം സംബന്ധിച്ച് പോലീസ് അന്വേഷണം പുനഃരാരംഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

മരിച്ചുപോയ ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളെ പ്രണയിച്ച യുവതി സ്വത്തു തര്‍ക്കത്തിന് പിന്നാലെ അമ്മായിയമ്മയെ കൊലപ്പെടുത്തി