Leading News Portal in Kerala

ഹിന്ദി നഹീം! സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയ ഉത്തരവ് മഹാരാഷ്ട്ര പിന്‍വലിച്ചു|Maharashtra withdraws order making Hindi mandatory as third language in schools


Last Updated:

ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു

News18News18
News18

സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയ ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാന്‍ പിന്‍വലിച്ചു. മഹാരാഷ്ട്ര നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കുന്നതും ത്രിഭാഷാ പദ്ധതിയും സംബന്ധിച്ച് രണ്ട് സര്‍ക്കാര്‍ പ്രമേയങ്ങള്‍(government resolutions-GRs) പിന്‍വലിച്ചതായി അദ്ദേഹം അറിയിച്ചു. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഡോ. നരേന്ദ്ര ജാദവിന്റെ നേതൃത്വത്തിലുള്ള പുതിയ സമിതി വിഷയം വിശദമായി അവലോകനം ചെയ്യുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

ഏപ്രില്‍ 16നും ജൂണ്‍ 17നും പുറപ്പെടുവിച്ച സര്‍ക്കാര്‍ പ്രമേയങ്ങള്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നയം വിദ്യാര്‍ഥി കേന്ദ്രീകൃതമായി തുടരുമെന്നും മറാത്തിയും മറാത്തി സംസാരിക്കുന്ന വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ക്കുമായിരിക്കും മുന്‍ഗണനകളെന്നും അദ്ദേഹം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉറപ്പ് നല്‍കി. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പുതിയ സമിതി മഷേല്‍ക്കര്‍ സമിതി റിപ്പോര്‍ട്ട് ആഴത്തില്‍ പഠിക്കും. ത്രിഭാഷാ നയം ശ്രദ്ധാപൂര്‍വം നടപ്പിലാക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയിലെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് സംവിധാനത്തിന് കീഴിലുള്ള ക്രെഡിറ്റുകള്‍ നഷ്ടപ്പെടുമെന്നും ഇത് മറ്റ് ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അപേക്ഷിച്ച് അവരെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഷേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആദ്യം അംഗീകരിച്ചത് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് ഫഡ്‌നാവിസ് ഓര്‍മിപ്പിച്ചു. ഒന്നാം ക്ലാസ് മുതല്‍ മറാത്തിക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും രണ്ടാം ഭാഷകളായി നിര്‍ബന്ധമാക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. നയം പുതിയതാണെന്നും നിലവിലെ സര്‍ക്കാരാണ് നിര്‍ബന്ധമാക്കിയതെന്നുമുള്ള പ്രതിപക്ഷ വാദത്തെ അദ്ദേഹം എതിര്‍ത്തു. താക്കറെ റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്നതിന്റെ രേഖകള്‍ ഫഡ്‌നാവിസ് പുറത്തുവിടുകയും ചെയ്തു.

ഹിന്ദിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രമേയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 5ന് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച സംഘടനകളോട് അത് പിന്‍വലിക്കാന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ അഭ്യര്‍ഥിച്ചു. ഏതെങ്കിലും ഭാഷാ നയത്തില്‍ അവസാന തീരുമാനം എടുക്കുന്നതിന് മുമ്പ് സമിതി എല്ലാ പങ്കാളികളെയും കേള്‍ക്കുമെന്നും വിദ്യാര്‍ഥികളുടെ അക്കാദമിക് സാധ്യതകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായി പതിവായി നടത്തി വരുന്ന ചായ സത്ക്കാരം പ്രതിപക്ഷം ബഹിഷ്‌കരിച്ചുവെന്നും പകരം പഴയ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്ന വലിയൊരു കത്ത് അയച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയില്‍ മറാത്തി ഭാഷ നിര്‍ബന്ധമാക്കുകയും ഹിന്ദി ഭാഷ ഓപ്ഷണലായി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഏത് ഇന്ത്യന്‍ ഭാഷയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുടിബി നേതാവ് ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെയും സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ജൂലൈ അഞ്ചിന് ഒരു റാലി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും യുടിബി നേതാക്കളും സര്‍ക്കാര്‍ പ്രമേയങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ചു.

”ഇന്ന് മറാത്തി ജനത ഒന്നിച്ചുനിന്നപ്പോള്‍ സര്‍ക്കാര്‍ പോലും പിന്നാക്കം പോയി. ഈ സര്‍ക്കാര്‍ മറാത്തി ജനതയെ ഭിന്നിപ്പിക്കന്‍ ആഗ്രഹിച്ചു. ജൂലൈ അഞ്ചിന് ഈ വിഷയത്തിനെതിരേ മറാത്തി ഭാഷ സംസാരിക്കുന്ന ആളുകള്‍ ഒന്നിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇതേ ദിവസം ഞങ്ങള്‍ ഒരു ആഘോഷപരിപാടി സംഘടിപ്പിക്കും. അക്കാര്യത്തെപ്പറ്റി ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും,” ഉദ്ധവ് താക്കറെ പറഞ്ഞു.

വിദ്യാര്‍ഥികളെ ഹിന്ദിപഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി  ത്രിഭാഷാ നയം നിര്‍ബന്ധമാക്കാനുള്ള ശ്രമം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. ഇതിന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ അഭിനന്ദം അര്‍ഹിക്കുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ മറ്റൊരു സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. എന്നാല്‍, ഈ സമിതിയുടെ റിപ്പോര്‍ട്ട് വന്നാലും ഇല്ലെങ്കിലും ആളുകള്‍ അത്തമൊരു അടിച്ചേല്‍പ്പിക്കല്‍ വീണ്ടും സഹിക്കില്ല. ഇത് അന്തിമമായ തീരുമാനമാണ്. മറാത്തി ജനത അവരുടെ ഭാഷയ്ക്കായി ഒരുമിച്ച് നില്‍ക്കുന്നത് കാണുന്നത് സന്തോഷമുള്ള കാര്യമാണ്,” സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം നടത്തിയ പ്രസ്താവനയില്‍ രാജ് താക്കറെ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

ഹിന്ദി നഹീം! സ്‌കൂളുകളില്‍ മൂന്നാം ഭാഷയായി ഹിന്ദി നിര്‍ബന്ധമാക്കിയ ഉത്തരവ് മഹാരാഷ്ട്ര പിന്‍വലിച്ചു