Pahalgam Terror Attack| ‘ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തരുത്’ ; ICCക്ക് കത്ത് നൽകി BCCI India and Pakistan should not be included in the same group In international cricket tournaments BCCI writes to ICC
Last Updated:
ഐസിസി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലെങ്കിലും ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇനി ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കി
പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഇന്ത്യയെയും പാകിസ്ഥാനെയും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുത്തരുതെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ( ബിസിസിഐ ) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് ( ഐസിസി ) കത്തുനൽകി.ഐസിസി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിലെങ്കിലും ഇന്ത്യ-പാകിസ്ഥാൻ മത്സരം ഇനി ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം സെപ്തംബറിൽ നടക്കുന്ന വനിതാ എകദിന ലോകകപ്പാണ് അടുത്ത വലിയ ഐസിസി ടൂർണമെന്റ്. ഇന്ത്യയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. എട്ട് ടീമുകൾ ഉൾപ്പെടുന്ന ടൂർണമെന്റിലേക്ക് പാകിസ്ഥാനും യോഗ്യത നേടിയിട്ടുണ്ട്. റൗണ്ട് റോബിൻ ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുന്നത്. ഒരോ ടീമും ബാക്കിയുള്ള എല്ലാ ടീമുകളെയും നേരിടണം. എന്നാൽ പാകിസ്ഥാൻ അവരുടെ ഒരു മത്സരവും ഇന്ത്യയിൽ കളിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ എന്ത് തീരുമാനിച്ചാലും അത് ബോർഡ് പാലിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് (26/11) ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകൾ നടന്നിട്ടില്ല. ഐസിസിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളും നിലവിൽ ഏറ്റു മുട്ടുന്നത്.ഈവർഷം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് വനിതാ ഏകദിന ലോകകപ്പ്. 2026ൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനും ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ബിസിസിഐ കത്ത് നൽകിയ പശ്ചാത്തലത്തിൽ ഐസിസിയുടെ തീരുമാനം എന്താണെന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ പാകിസ്ഥാൻ വേദിയായ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലായിരുന്നു നടന്നത്.
New Delhi,Delhi
April 25, 2025 4:10 PM IST