രാജ്യത്ത് 24 മണിക്കൂർ പൊതുപണിമുടക്ക് തുടങ്ങി; ഡയസ്നോൺ ബാധകം, സർവകലാശാലാ പരീക്ഷകൾ മാറ്റി| Trade unions nationwide strike against the central governments labour policies begun
Last Updated:
ബസ്, ടാക്സി ജീവനക്കാരും പങ്കുചേരുമെന്നതിനാല്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാകുമെന്നാണ് കരുതുന്നത്
ന്യൂഡൽഹി / തിരുവനന്തപുരം: കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും.
ബസ്, ടാക്സി ജീവനക്കാരും പങ്കുചേരുമെന്നതിനാല്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാകുമെന്നാണ് കരുതുന്നത്. അതേസമയം, സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പു മേധാവികൾ അവധി അനുവദിക്കരുത്. ജീവനക്കാർക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കളക്ടർമാരും ഉറപ്പാക്കുകയും വേണം.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്. അതേസമയം, ബിഎംഎസ് പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടില്ല.
കൊച്ചിയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. കോഴിക്കോടേക്ക് പോകേണ്ട എസി ലോഫ്ലോർ ബസ് ആണ് തടഞ്ഞത്. പൊലീസ് സംരക്ഷണം നൽകിയാൽ ഓടുമെന്ന് തടഞ്ഞ ബസിലെ ജീവനക്കാർ പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 09, 2025 7:10 AM IST