Leading News Portal in Kerala

ആയുഷ് മാത്രെ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി കളത്തിലിറങ്ങിയ 17 വയസ്സുകാരന്‍ Ayush Mathre 17-year-old boy who played for Chennai Super Kings in IPL


Last Updated:

ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായാണ് ആയുഷ് മാത്രെ ചെന്നൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്

News18News18
News18

മുംബൈ സ്വദേശിയായ  ആയുഷ് മാത്രെ എന്ന 17കാരന്‍ ഞായറാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടിയാണ് മാത്രെ കളിക്കുന്നത്. ഋതുരാജ് ഗെയ്ക്വാദിന് പകരക്കാരനായാണ് അദ്ദേഹം ചെന്നൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്. ഇതുവരെ ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ലഖ്‌നൗവില്‍ ഇറാനി കപ്പ് മത്സരത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരേ മുംബൈയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി മൂന്നാമതായി ബാറ്റ് ചെയ്യാനാണ് മാത്രെ ഇറങ്ങിയത്.ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുവേണ്ടി ഇറങ്ങുന്ന ഏറ്റവും പ്രായം കളിക്കാരനാണ് മാത്രെ. നേരത്തെ ട്രയല്‍സിനായി ചെന്നൈയിലേക്ക് അദ്ദേഹത്തെ വിളിപ്പിച്ചിരുന്നു. ആക്രമിച്ചു കളിക്കുന്ന മഹാത്രെയുടെ ബാറ്റിംഗ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. 30 ലക്ഷം രൂപയ്ക്കാണ് മാത്രെയെ ചെന്നൈ സ്വന്തമാക്കിയത്.

നാലാം ഓവറില്‍ രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് മാത്രെ ക്രീസിലിറങ്ങിയത്. മുംബൈയുടെ അശ്വനി കുമാറിന്റെ ബോളില്‍ ഒരു ഫോര്‍ അടിച്ചു. ഇതിന് ശേഷം ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലൂടെ ഒരു സിക്‌സര്‍ പറത്തി. ഓവര്‍ അവസാനിച്ചപ്പോള്‍ ഡീപ് സ്വയര്‍ ലെഗ് സ്റ്റാന്‍ഡിലേക്ക് പന്ത് പറപ്പിച്ച അദ്ദേഹം നാല് പന്തുകളില്‍ നിന്ന് 17 റണ്‍സ് നേടി ചെന്നൈ ആരാധകരുടെ മനം കവർന്നു.

അടുത്ത ഓവറില്‍ മുംബൈയ്ക്ക് വേണ്ടി ദീപക് ചാഹറാണ് ബൗള്‍ ചെയ്യാന്‍ എത്തിയത്. ആദ്യ പന്തില്‍ മാത്രെ ഒരു ഫോര്‍ എടുത്തു. ഏഴാം ഓവറില്‍ ആദ്യ പന്തില്‍ ചാഹറിനെതിരേ വീണ്ടും ഫോര്‍ എടുത്തു. ഇതിന് ശേഷവും ചാഹറിന്റെ ബോളില്‍ ഒരു ഫോര്‍ കൂടി നേടി.

അടുത്ത ഓവറില്‍ ചാഹര്‍ വീണ്ടും ബൗള്‍ ചെയ്തതോടെ സിഎസ്‌കെ പ്രതിസന്ധിയിലായി. വെറു പതിനഞ്ച് ബോളില്‍ 32 റണ്‍സ് എടുത്ത് മാത്രെ പുറത്തായി. എന്നാല്‍, കുറഞ്ഞ സമയത്തിനിടെ മികച്ച പ്രകടനമാണ് മാത്രെ പുറത്തെടുത്തത്. 15 ബോളില്‍ നിന്ന് നാല് ഫോറുകളും രണ്ട് സിക്‌സറുകളുമുള്‍പ്പെടെ 213.33 എന്ന അതിശയകരമായ സ്‌ട്രൈക്ക് റേറ്റില്‍ 32 റണ്‍സാണ് മാത്രെ നേടിയത്.

മുംബൈയില്‍ ജനിച്ച മാത്രെ 17 വയസ്സും 278 ദിവസവും പ്രായമുള്ളപ്പോഴാണ് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തരക്രിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ആണ് അദ്ദേഹം.