ജയിലിൽ കിടന്നും മതതീവ്രവാദം വളർത്തൽ; തടിയന്റവിട നസീർ എങ്ങനെ തടവിലായി| Know about thadiyantevide nazeer who is in jail on terror charges and radicalisation
ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ ചാൻ പാഷ, തീവ്രവാദക്കേസിൽ ഒളിവിൽ പോയ ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ വിവിധ ഡിജിറ്റൽ ഉപകരണങ്ങൾ, പണം, സ്വർണം, രേഖകൾ എന്നിവ പിടിച്ചെടുത്തു. തടിയന്റവിട നസീർ ഉൾപ്പെടെയുള്ള ജയിൽതടവുകാർക്ക് ഉപയോഗിക്കുന്നതിനായി നാഗരാജ്, മൊബൈൽ ഫോണുകൾ ഒളിച്ചുകടത്തിയിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.
നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിനാണ് എഎസ്ഐ അറസ്റ്റിലായത്. സിറ്റി ആംഡ് റിസര്‍വിലെ എഎസ്ഐയാണ് ചാന്ദ് പാഷ. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും ജയിലില്‍ പണം എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനീസ് ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
2023ല്‍ പരപ്പന സെൻട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ 8 പേര് നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസ് ഇപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ബെംഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം.
ആരാണ് തടിയന്റവിട നസീർ?
നിരവധി തീവ്രവാദ കേസുകളിലെ പ്രതിയും, വിചാരണ പൂർത്തിയായ കേസുകളിൽ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോൾ തടവിൽ കഴിയുകയും ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് തടിയന്റവിട നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിടെ നസീർ.
കശ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008ലെ ബെംഗളുരു സ്ഫോടന പരമ്പര കേസ്, ഇ കെ നായനാർ വധശ്രമക്കേസ്, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുൾ നാസർ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന്റെ ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിട നസീർ ഉൾപ്പെട്ട പ്രധാന കേസുകൾ.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കർ-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇയാളെന്നും പറയപ്പെടുന്നു. മുൻ പിഡിപി പ്രവർത്തകനും കണ്ണൂർ ഏരിയ ഭാരവാഹിയും ആയിരുന്നു. കേരളത്തിൽ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും അവർ കാശ്മീരിൽ പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
തുടക്കം ഐഎസ്എസിലൂടെ
നസീർ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത് അബ്ദുൾ നാസർ മദനി 1989ൽ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ISS) ആണ്. ഐഎസ്എസ് നിരോധിക്കപ്പെട്ടതോടെ പിഡിപിയുടെ പ്രവർത്തകനായി. കോയമ്പത്തൂർ സ്ഫോടന പരമ്പരയെത്തുടർന്ന് മദനി അറസ്റ്റിലായതോടെ നസീർ സ്വന്തം നിലയ്ക്ക് പ്രവർത്തനം തുടങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തായതിനെത്തുടർന്ന് അറസ്റ്റിലായെങ്കിലും പുറത്തിറങ്ങി.
തീവ്രവാദപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാൻ 2002 ജൂൺ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടരക്കിലോ സ്വർണം മോഷ്ടിച്ചിരുന്നു. ഈ കേസിൽ നസീർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്നാട് സർക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബർ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയിൽ വെച്ച് തീവെച്ച് നശിപ്പിച്ച കേസിൽ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്.
2006 മാർച്ച് 3ന് കോഴിക്കോട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലും മൊഫ്യൂസൽ ബസ്സ്റ്റാൻഡിലുമായി നടന്ന ബോംബ് സ്ഫോടനങ്ങളിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെ വിട്ടു.
2008 ഒക്ടോബറിൽ കാശ്മീരിൽ നാല് മലയാളി യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കേസിൽ, ഒളിവിൽ കഴിയവെ പിടിയിലായി. കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു.
2008ൽ തന്നെ ബെംഗളുരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലും പ്രതിയാണ്.
റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യിൽ വിനോദ് വധം, കള്ളനോട്ട്, പൊലീസുകാരെ ആക്രമിച്ച കേസുകൾ, വിവിധ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം, തെളിവുനശിപ്പിക്കൽ, കാർ മോഷണക്കേസുകൾ തുടങ്ങി മറ്റു നിരവധി കേസുകളിലും പ്രതിയാണ്.
ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകനേതാവായ യാസീൻ ഭട്കൽ, തടിയന്റവിട നസീറുമായി ചേർന്ന് കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.
കേരളത്തിനു പുറമേ, കർണ്ണാടക, തമിഴ്നാട്, ജമ്മു-കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും കേസുകൾ ഉണ്ട്
2009 നവംബറിൽ മേഘാലയ അതിർത്തിയിൽ ബംഗ്ലാദേശിൽ പിടിയിലായി. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ ബംഗ്ലാദേശിലെ ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും എംബസ്സികൾ ആക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപിക്കപ്പെട്ട കുറ്റം. അമേരിക്കയിൽ പിടിയിലായ ലെഷ്കർ പ്രവർത്തകൻ ഡേവിഡ് ഹെഡ്ലി നൽകിയ സൂചനകളെ തുടർന്നായിരുന്നു അറസ്റ്റ്.
Bangalore [Bangalore],Bangalore,Karnataka
July 09, 2025 8:46 AM IST