Leading News Portal in Kerala

‘ഒരു മകൾ പത്ത് ആൺമക്കൾ‌ക്ക് തുല്യം’; പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്| Kerala high court says Daughters have equal property rights under Hindu Succession Act


Last Updated:

പെൺമക്കൾക്ക് സ്വത്ത് തുല്യമായി വീതിക്കുന്നതിന് തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

കൊച്ചി: ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലും പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു തടസമായിനിന്ന 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കീഴ്‌ക്കോടതി ആവശ്യം തള്ളിയതിനെ തുടർന്ന് അവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നു വിവിധ നിയമങ്ങൾ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി.

1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമത്തിലെ സെക്ഷൻ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമവുമായി ചേർന്നു പോകുന്നില്ല.  സെക്ഷൻ 3 അനുസരിച്ച് പാരമ്പര്യ സ്വത്തിൽ ആർക്കും ജന്മാവകാശമില്ല എന്നു പറയുമ്പോൾ സെക്ഷൻ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവർക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാൽ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തിൽ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിർത്തലാക്കൽ നിയമം നിലനിൽക്കില്ല എന്നും കോടതി വ്യക്തമാക്കി.

ഹർജിക്കാരുടെ കേസിൽ, പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന് സ്വത്തുക്കൾ നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോഴിക്കോട് സബ്കോടതിയിൽ പെൺമക്കൾ നൽകിയ ഹർജി തള്ളി. തുടർന്നുള്ള അപ്പീൽ അഡീഷണൽ സെഷൻസ് കോടതി ഭാഗികമായി അനുവദിച്ചു. അതിനിടെ പിതാവ് മരിച്ചു. തുടർന്നാണ് തുല്യവകാശത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവുകൾ നീതിയുക്തമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കുടുംബ സ്വത്ത് ഹർജിക്കാർക്കും സഹോദരനും തമ്മിൽ തുല്യ ഓഹരികളാക്കാനും നിർദ്ദേശിച്ചു.

കേരള ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾക്ക് പൂർവിക സ്വത്തിൽ അവകാശം നിഷേധിക്കുന്നതിന് പ്രധാന കാരണമായി നിന്നതായിരുന്നു 1975ലെ നിയമത്തിലെ വ്യവസ്ഥകളെന്ന് കോടതി ചൂണ്ടിക്കാട്ടി.

‘മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നു’ തുടങ്ങിയ പുരാണത്തിൽനിന്നുള്ള കാര്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്‍ ഉത്തരവ് തുടങ്ങുന്നത്. ‘10 ആൺമക്കള്‍ക്ക് തുല്യമാണ് ഒരു മകൾ. 10 ആൺമക്കളെക്കൊണ്ടുള്ള ഫലം ഒരു മകൾ‍ തരും’ എന്ന സ്കന്ദപുരാണത്തിൽനിന്നുള്ള വാക്യവും ഉത്തരവിൽ ഉദ്ധരിച്ചു. പെൺമക്കള്‍ക്കുള്ള പിതൃസ്വത്തിന്റെ പിന്തുടർച്ചാവകാശ കാര്യത്തിൽ ഇക്കാര്യങ്ങള്‍ കാണാറില്ല എന്നു പറഞ്ഞുകൊണ്ടാണ് സ്വത്തിൽ തുല്യാവകാശം ഉറപ്പിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഒരു മകൾ പത്ത് ആൺമക്കൾ‌ക്ക് തുല്യം’; പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യ അവകാശം; ഹിന്ദു പിന്തുടർച്ചാവകാശത്തിൽ നിർണായക ഉത്തരവ്