Leading News Portal in Kerala

ഇറ്റലിയിലെ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം | Man dies after getting sucked into Plane engine at Milan airport


Last Updated:

അപകട മരണത്തെ തുടർന്ന് വിമാനത്താവളത്തിലെ ഏകദേശം 19 വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തിരുന്നു

News18News18
News18

ഇറ്റലിയിലെ മിലാനിലെ ബെര്‍ഗാമോ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പിന്നാലെ ഇവിടെ നിന്നുള്ള വിമാനസര്‍വീസുകള്‍ താത്കാലികമായി നിറുത്തിവെച്ചു. 35 വയസ്സ് പ്രായമുള്ള യുവാവ് വിമാനത്താവളത്തിലേക്ക് ഓടിക്കയറുകയും ടേക്കോഫിന് തയ്യാറായി നില്‍ക്കുകയായിരുന്ന വോളോത്തിയ വിമാനകമ്പനിയുടെ എയര്‍ബസ് എ319ന്റെ എഞ്ചിനിൽ കുടുങ്ങിപ്പോകുകയുമായിരുന്നുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ , കൊല്ലപ്പെട്ടയാള്‍ യാത്രക്കാരനാണോ അതോ വിമാനത്താവളത്തിലെ ജീവനക്കാരനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇയാള്‍ അവിചാരിതമായാണ് വിമാനത്താവളത്തിന്റെ പരിസരത്തേക്ക് പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അനുമതിയില്ലാത്ത വഴിയിലൂടെ ടെര്‍മിനല്‍ ഏരിയയിലേക്ക് വാഹനമോടിച്ച് എത്തിയശേഷം വാഹനം ഉപേക്ഷിച്ച് അകത്തേക്ക് ഓടിക്കയറുകയായിരുന്നു. ഗ്രൗണ്ട് ഫ്‌ളോറിലെ ആഗമന സ്ഥലത്ത് എത്തിയശേഷം വിമാനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്ക് നേരിട്ട് എത്തിച്ചേരുന്ന സുരക്ഷാ വാതിലുകള്‍ ഇയാൾ ബലംപ്രയോഗിച്ച് തുറന്നതായും പറയപ്പെടുന്നു.

അപകടത്തില്‍പ്പെട്ട എയര്‍ബസ് എ 319 സ്‌പെയിനിലെ അസ്റ്റൂറിയാസിലേക്ക് പറക്കാന്‍ ഒരുങ്ങുകയായിരുന്നു. പറക്കുന്നതിന് മുമ്പ് നടത്തുന്ന ”പുഷ്ബാക്ക്” നടപടിക്രമം പൂര്‍ത്തിയാക്കുകയായിരുന്നു വിമാനം.

അപകടം സംഭവിക്കാനുള്ള കാരണം നിലവില്‍ ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ വൊളോത്തിയ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് മിലാന്‍ വിമാനത്താവളം. ചൊവ്വാഴ്ച രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഏകദേശം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ചു. ഇതിന്റെ ഫലമായി ഏകദേശം 19 വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയൂ. നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലായിട്ടുണ്ട്.