വിവാഹിതനായ വ്യക്തിയുമായി അവിഹിതബന്ധമാരോപിച്ച് ജനക്കൂട്ടം സ്ത്രീയെ നഗ്നയാക്കി മർദിച്ച് തലമുണ്ഡനം ചെയ്തു|Woman stripped naked beaten and shaved by mob for allegedly having an affair with a married man
Last Updated:
അര്‍ധനഗ്നയായി മര്‍ദനമേറ്റ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു
തെലങ്കാന: വിവാഹിതനായ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് തെലങ്കാനയില്‍ ജനക്കൂട്ടം സ്ത്രീയെ നഗ്നയാക്കി മര്‍ദ്ദിച്ച് തലമുണ്ഡനം ചെയ്തു. സംഭവത്തില്‍ ആക്രമണത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. ഒരാഴ്ച മുമ്പ് തതികാലയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ധര്മ്മസാദര് പോലീസ് സ്റ്റേഷനിലാണ് സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്.
അര്‍ധനഗ്നയായി മര്‍ദനമേറ്റ യുവതിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയല്‍ഗ്രാമമായ ബൊല്ലോണിപ്പള്ളിയില് നിന്നുള്ള യുവതിയും വിവാഹിതനായ പുരുഷനും തമ്മിലുള്ള ബന്ധമാണ് തര്‍ക്കത്തിന് കാരണം. ആരോപണ വിധേയനായ പുരുഷന്റെ വിവാഹം 20 വർഷം മുമ്പ് കഴിഞ്ഞതാണ്. ഇയാൾക്ക് ഭാര്യയും ആ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. അവിഹിതബന്ധത്തിന്റെ പേരില്‍ ഇയാളെ ഗ്രാമവാസികള്‍ ഒന്നിലധികം തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മുമ്പ് ഒരു തര്‍ക്കത്തിനിടെ ഭര്‍ത്താവ് തന്നെ തീ കൊളുത്താന്‍ ശ്രമിച്ചുവെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥിതി കൂടുതല്‍ വഷളായി.
ഇതിന് ശേഷം പൊതുവായുള്ള പരിഹാരം തേടി ഭാര്യ ഗ്രാമപഞ്ചായത്ത് വിളിച്ചു ചേര്‍ക്കുകയും ഭര്‍ത്താവിനെയും ആരോപണം ഉന്നയിക്കപ്പെട്ട സ്ത്രീയെയും വിളിച്ചു വരുത്തുകയുമായിരുന്നു. ഗ്രാമപഞ്ചായത്ത് ചേരുന്നതിനിടെ സംഘര്‍ഷമുണ്ടാകുകയും ഭാര്യയും ബന്ധുക്കളും ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്നുമാണ് ആരോപണം.
പിന്നാലെ ഗ്രാമവാസികള്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇരുവരെയും ബലമായി തലമുണ്ഡനം ചെയ്തു. എന്നാല്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇടപെട്ട് സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാൻ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം സ്ത്രീ ബൊല്ലോണിപ്പള്ളിയിലെ തന്റെ വീട്ടിലേക്ക് മടങ്ങി. അതേസമയം, ആരോപണം ഉയര്‍ന്ന പുരുഷന് തന്റെ ഗ്രാമം വിട്ടതായും റിപ്പോര്‍ട്ടുണ്ട്.
മര്‍ദനമേറ്റ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി കാസിപേട്ട് എസിപി പിംഗിലി പ്രശാന്ത് റെഡ്ഡി പറഞ്ഞു. സംഘര്‍ഷത്തിനിടെ സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയെങ്കിലും മനപ്പൂര്‍വം വസ്ത്രം അഴിച്ചുമാറ്റിയതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും തിരിച്ചറിയുന്നതിനുമായി വീഡിയോകള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
June 30, 2025 12:43 PM IST
വിവാഹിതനായ വ്യക്തിയുമായി അവിഹിതബന്ധമാരോപിച്ച് ജനക്കൂട്ടം സ്ത്രീയെ നഗ്നയാക്കി മർദിച്ച് തലമുണ്ഡനം ചെയ്തു