Leading News Portal in Kerala

സൊറോക്ക ആശുപത്രിയും ടെല്‍അവീവ് സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടവും ആക്രമിച്ചതിന് ഇറാന്‍ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്രായേല്‍ | Israel irked after missiles from Iran hit Soroka hospital Tel Aviv stock exchange


അതേസമയം, ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടയില്‍ യുഎസ് ഏറ്റുമുട്ടലില്‍ പങ്കുചേരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. “ഞാന്‍ അത് ചെയ്‌തേക്കാം, ചെയ്യാതിരിക്കാം. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല”, ട്രംപ് വൈറ്റ്ഹൗസ് സൗത്ത് ലോണില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം ഉള്‍പ്പെടെയുള്ള ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തിട്ടുണ്ട്.

കടുത്ത സംഘര്‍ഷം ഇറാനും ഇസ്രായേലും തമ്മില്‍ തുടരുന്നതിനിടയിലാണ് ഇതില്‍ പങ്കുചേരുമെന്ന സൂചന ട്രംപ് നല്‍കിയിരിക്കുന്നത്. റഷ്യ ഈ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആദ്യം സ്വന്തം കാര്യം നോക്കാന്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് ട്രംപ് ആവശ്യപ്പെട്ടു. റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തില്‍ പരിഹാരം കാണാന്‍ ആദ്യം യുക്രെയ്നുമായി ചര്‍ച്ച നടത്താനാണ് ട്രംപ് പുടിനോട് ആവശ്യപ്പെട്ടത്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളില്‍ നടന്ന 10 സംഭവങ്ങള്‍ ഇതാ…

1. ഇസ്രായേല്‍ ആശുപത്രി ആക്രമണം

വ്യാഴാഴ്ച ഇറാനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ബിര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് പതിച്ചത്. ആശുപത്രിയുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. അതേസമയം, 60 വയസ്സുള്ള ഒരാള്‍ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് സൊറോക്ക ആശുപത്രി അഭ്യര്‍ത്ഥിച്ചു.

2. ഇറാന് ഇസ്രായേലിന്റെ മുന്നറിയിപ്പ്

ആശുപത്രി ആക്രമിച്ചതിന് പിന്നാലെ ഇറാനെതിരെയുള്ള ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിജ്ഞയെടുത്തു. “ടെഹ്‌റാനിലെ ഭീകര ഭരണകൂടം ഇന്ന് മറ്റൊരു യുദ്ധക്കുറ്റം ചെയ്തു. ഒരു ഇസ്രായേലി ആശുപത്രിയില്‍ മിസൈല്‍ വിക്ഷേപിച്ചു. അവര്‍ മനഃപൂര്‍വ്വം സാധാരണക്കാരെ ലക്ഷ്യം വച്ചിരുന്നു. ഇന്നുവരെ ഇസ്രായേലിലെ സാധാരണക്കാരെ മാത്രമേ അവര്‍ കൊലപ്പെടുത്തിയിട്ടുള്ളൂ. ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഇസ്രായേലിയും ഒരു സൈനികനല്ല. ഇറാനിലെ ഭീരു ഭരണകൂടം ഈ കുറ്റകൃത്യത്തിന് വലിയ വില നല്‍കേണ്ടിവരും”, ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രിയും ഇസ്രായേലിലെ കാബിനറ്റ് അംഗവുമായ എലി കോഹന്‍ എക്‌സില്‍ കുറിച്ചു.

3. ഇസ്രായേലില്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ വിവിധയിടങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ ആക്രമിച്ചു

ഇസ്രായേലിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തി. 20-ല്‍ അധികം മിസൈലുകളാണ് ഒന്നിലധികം പ്രദേശങ്ങളിലായി ഇസ്രായേലിനെതിരെ ഇറാന്‍ വിക്ഷേപിച്ചത്. ടെല്‍ അവീവിലെ സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടവും ഇറാന്‍ ആക്രമിച്ചു തകർത്തു. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍തോതിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

4. ഇറാന്റെ ആണവ കേന്ദ്രത്തിനടുത്തുള്ള പ്രദേശം ലക്ഷ്യമിട്ട് ഇസ്രായേല്‍

ഇറാന്റെ ഖോണ്ടാബ് ആണവ കേന്ദ്രത്തിന്റെ ഹെവി വാട്ടര്‍ ഫെസിലിറ്റിക്ക് സമീപമുള്ള ഒരു പ്രദേശം ഇസ്രായേല്‍ ലക്ഷ്യമിടുന്നതായി ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നേരത്തെ ഒഴിപ്പിച്ച് അരക് റിയാക്ടറില്‍ ഇസ്രായേല്‍ ജെറ്റുകള്‍ ആക്രമണം നടത്തി. അതേസമയം, ആക്രമണത്തെ തുടർന്ന് റേഡിയേഷന്‍ ചോര്‍ച്ചയൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

5. ഹിസ്ബുള്ള കമാന്‍ഡറെ വധിച്ചു

ഹിസ്ബുള്ള കമാന്‍ഡര്‍ യാസിന്‍ ഇസ് അ ദിന്‍ ബുധനാഴ്ച രാത്രി തെക്കന്‍ ലെബനനില്‍ നടന്ന ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഐഡിഎഫ് അറിയിച്ചു. ബാരിഷ് പട്ടണത്തിലാണ് ആക്രമണം നടത്തിയത്. ലിതാനി നദി മേഖലയിലെ ഹിസ്ബുള്ളയുടെ റോക്കറ്റ് പീരങ്കി യൂണിറ്റിന്റെ കമാന്‍ഡറായിരുന്നു യാസിന്‍ ഇസ് അ ദിന്‍ എന്ന് സൈന്യം അറിയിച്ചു. യുദ്ധസമയത്ത് വടക്കന്‍ ഇസ്രായേലില്‍ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ അദ്ദേഹം നടത്തിയതായും ഹിസ്ബുള്ളയുടെ പീരങ്കിപട പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം പങ്കാളിയായതായും ഐഡിഎഫ് അവകാശപ്പെട്ടു.

6. മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്‌പോടനങ്ങള്‍

ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് ആക്രമിച്ചതിന് മറുപടിയായി ഇസ്ഫഹാന്‍, ഷിറാസ്, കെര്‍മന്‍ഷാ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉഗ്ര സ്‌പോടനങ്ങള്‍ നടന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.

7. ഇറാനിയന്‍ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടു

ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിന്റെ സാറ്റലൈറ്റ് സിഗ്നലുകള്‍ തടസപ്പെട്ടതായി ഐആര്‍ജിസിയുമായി ബന്ധപ്പെട്ട തസ്‌നിം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. തെരുവിലിറങ്ങാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാറ്റലൈറ്റ് ഹാക്ക് ചെയ്താണ് ഇത് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

8. യുഎസ് സൈനിക ഇടപെടല്‍ ട്രംപ് പരിഗണിക്കുന്നു

ഇസ്രായേല്‍-ഇറാന്‍ വിഷയത്തില്‍ യുഎസ് സൈനിക ഇടപെടല്‍ ഉണ്ടായേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടലില്‍ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാമെന്ന് ട്രംപ് പ്രസ്താവിച്ചു. വിഷയത്തിൽ യുഎസ് നേരിട്ട് ഇടപ്പെട്ടേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇറാനെതിരായ ആക്രമണ പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കിയെങ്കിലും ടെഹ്‌റാന്‍ അതിന്റെ ആണവ പദ്ധതി ഉപേക്ഷിക്കുമോ എന്നറിയാനായി അന്തിമ ഉത്തരവ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

9. പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

യുഎസ് ഇടപെടലിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കര്‍ശന മുന്നറിയിപ്പ് നല്‍കി.

10. മധ്യസ്ഥതയ്ക്ക് ഒരുങ്ങി റഷ്യ

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തെ പരിഹസിക്കുകയാണ് ഉണ്ടായത്. ഉക്രൈനുമായുള്ള സ്വന്തം പ്രശ്‌നത്തില്‍ ആദ്യം മധ്യസ്ഥത വഹിക്കാന്‍ ട്രംപ് പുടിനോട് പറഞ്ഞു. ഇല്ലെങ്കിൽ പിന്നീട് ഖേദിക്കേണ്ടി വരുമെന്നും പുടിനോട് പറഞ്ഞതായി ട്രംപ് അഭിപ്രായപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/World/

സൊറോക്ക ആശുപത്രിയും ടെല്‍അവീവ് സ്റ്റോക് എക്‌സ്‌ചേഞ്ച് കെട്ടിടവും ആക്രമിച്ചതിന് ഇറാന്‍ വിലകൊടുക്കേണ്ടി വരുമെന്ന് ഇസ്രായേല്‍