Leading News Portal in Kerala

ഓസ്ട്രേലിയയിലെ മോശം പ്രകടനം; ബാറ്റിങ്, ഫീൽഡിങ് പരിശീലകരെ ഇന്ത്യ പുറത്താക്കിയതായി റിപ്പോർട്ട്| batting coach abhishek nayar fielding coach t dilip shown exit door after australia debacle


Last Updated:

ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു

(Picture credit: AP)(Picture credit: AP)
(Picture credit: AP)

ബോർഡർ-ഗാവസ്കർ ട്രോഫിയലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലെ പ്രമുഖരെ പുറത്താക്കയതായി റിപ്പോർട്ട്. ഒരു ദശാബ്ദത്തിനു ശേഷം ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കൈവിടുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സേവനമനുഷ്ഠിച്ച് എട്ട് മാസം മാത്രമായ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കിയതായി ‘ദൈനിക് ജാഗരൻ’ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, ബിസിസിഐ ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ജൂണിൽ അഞ്ച് ടെസ്റ്റുകൾക്കായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കെ പുറത്താക്കൽ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

മൂന്ന് വർഷത്തിലേറെയായി ടീമിൽ പ്രവർത്തിക്കുന്ന സപ്പോർട്ട് സ്റ്റാഫംഗങ്ങളെ സർവീസിൽ നിന്ന് പുറത്താക്കുമെന്ന് ബിസിസിഐ നോട്ടീസ് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു. കളിക്ക്ശേഷം മികച്ച ഫീൽഡിംഗ് പ്രകടനം കാഴ്ചവക്കുന്ന താരങ്ങൾക്ക് മെഡൽ നൽകുന്നതിനുള്ള നൂതന ആശയത്തിന് തുടക്കമിട്ട ഫീൽഡിംഗ് കോച്ച് ടി ദിലീപിനെയും മൂന്ന് വർഷമായി ടീമിൽ പ്രവർത്തിക്കുന്ന പരിശീലകൻ സോഹം ദേശായിയെയും പുറത്താക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

മുൻ സൗരാഷ്ട്ര ബാറ്റർ സിതാൻഷു കൊട്ടക് ഇതിനകം ടീമുമായി ചേര്‍ന്നിട്ടുണ്ട്. റയാൻ ടെൻ ഡോഷേറ്റും തന്റെ റോളിൽ തുടരുമെന്നാണ് വിവരം. സോഹം ദേശായിയുടെ റോൾ ഏറ്റെടുക്കുന്നത് സ്പോർട്സ് സയന്റിസ്റ്റായ അഡ്രിയാൻ ലെ റൂക്സ് ആയിരിക്കും. നിലവിൽ പഞ്ചാബ് കിംഗ്സുമായി ബന്ധപ്പെട്ട് പ്രവർത്തക്കുന്ന അദ്ദേഹം നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. 2000കളുടെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്, ഐ‌പി‌എൽ 2025 ന് ശേഷം അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

2018-19 ലും 2020-21 ലും ഓസ്‌ട്രേലിയയിൽ നടന്ന അവസാന രണ്ട് പര്യടനങ്ങളിൽ വിജയിച്ച ഇന്ത്യൻ ടീം, പെർത്തിൽ ഒരു വലിയ വിജയത്തോടെ നന്നായി തുടങ്ങിയിരുന്നു. ഇതോടെ മൂന്നാം തവണയും ബോർഡർ- ഗാവസ്കർ ട്രോഫി ഇന്ത്യ സ്വന്തമാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഡ്‌ലെയ്ഡിൽ നടന്ന പിങ്ക്-ബോൾ ടെസ്റ്റിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കൂടുതൽ ശക്തമായി തിരിച്ചുവന്നു. തുടർന്ന് ബ്രിസ്‌ബേനിൽ നടന്ന ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു.

മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ വീണ്ടും ഇന്ത്യയെ 184 റൺസിന് തകർത്തു. എന്നാൽ ട്രോഫി നിലനിർത്താൻ അപ്പോഴും അവസരം കൈയിലിരിക്കെ, സിഡ്നിയിൽ നടന്ന അവസാന ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.