Leading News Portal in Kerala

മ്യൂച്ചല്‍ ഫണ്ടു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ വരെ; ജൂണ്‍ 1 മുതൽ സാമ്പത്തിക മേഖല മാറുന്നത് ഇങ്ങനെ | Major changes in finance sector starting June 1 2025


ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കായുള്ള സെബിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ കട്ട്-ഓഫ് സമയക്രമം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് പരിഷ്‌കരിച്ചു. 2025 ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്ക് ഉച്ചകഴിഞ്ഞ് 3 മണിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് വൈകുന്നേരം ഏഴ് മണിയുമായിരിക്കും കട്ട് ഓഫ് സമയമായി നിശ്ചയിക്കുക. ഈ സമയങ്ങള്‍ക്ക് ശേഷം നടത്തുന്ന ഇടപാടുകള്‍ അടുത്ത പ്രവൃത്തി ദിവസം പ്രോസസ്സ് ചെയ്യും. ഇത് ബാധകമായ നെറ്റ് ആസ്തി മൂല്യത്തെ(എന്‍എവി) ബാധിച്ചേക്കാം. ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു ദിവസം കൊണ്ട് കാലാവധി പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് മാര്‍ഗനിര്‍ദേശങ്ങളിലെ മാറ്റങ്ങള്‍

ചില ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിലെ മാനദണ്ഡങ്ങളിലും ജൂണ്‍ ഒന്ന് മുതല്‍ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിലാണ് മാറ്റങ്ങള്‍ വരുന്നത്.

ജൂണ്‍ 1 മുതല്‍ കൊട്ടക് മഹീന്ദ്ര ബാങ്ക് ഇന്ധനം, വാടക, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ റിവാര്‍ഡ് പോയിന്റുകളില്‍ പരിധി നിശ്ചയിക്കും. പ്രതിമാസ പരിധി കഴിഞ്ഞുള്ള ഇന്ധന പേയ്‌മെന്റുകള്‍ക്ക് ഒരു ശതമാനം ഇടപാട് ഫീസ് ഈടാക്കും. തുക എത്രയാണെങ്കിലും വാടക, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എന്നിവയ്ക്ക് ഒരു ശതമാനം ചാര്‍ജും ഈടാക്കും. വാലറ്റ് ലോഡുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമിംഗിനും മറ്റ് ചാര്‍ജുകള്‍ ബാധകമായിരിക്കും.

ടാറ്റ ന്യൂ ഇന്‍ഫിനിറ്റി, ടാറ്റ ന്യൂ പ്ലസ് കാര്‍ഡ് ഉടമകള്‍ക്കുള്ള ലോഞ്ച് ആക്‌സസ് പോളിസി ജൂണ്‍ 10 മുതല്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിഷ്‌കരിക്കും. നേരത്തെയുള്ള സ്വൈപ്പ് അധിഷ്ഠിത സംവിധാനം മാറ്റി, ചെലവുകള്‍ അടിസ്ഥാനമാക്കിയുള്ള വൗച്ചറുകള്‍ നല്‍കും.

ആക്‌സിസ് ബാങ്ക് അവരുടെ റിവാര്‍ഡ്‌സ് ക്രെഡിറ്റ് കാര്‍ഡില്‍ ഘട്ടം ഘട്ടമായുള്ള മാറ്റങ്ങള്‍ ജൂണ്‍ 20 മുതല്‍ തുടങ്ങും. ഇത് ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍, ലോഞ്ച് ആക്‌സസ്, ചെലവ് വിഭാഗങ്ങള്‍ എന്നിവയെ ബാധിക്കും.

ഇപിഎഫ്ഒ 3.0

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ) ജൂണില്‍ EPFO 3.0 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എടിഎമ്മുകളിലൂടെയും യുപിഐയിലൂടെയും തത്സമയം പിഎഫ് പിന്‍വലിക്കാന്‍ അവസരം, യുപിഐ ആപ്പുകള്‍ വഴി ബാലന്‍സ് പരിശോധന, വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗ് എന്നിവ ഇത് സുഗമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ കാര്യക്ഷമമായ പരാതി പരിഹാര സംവിധാനവും പ്രതീക്ഷിക്കുന്നുണ്ട്.

ഐടിആര്‍ ഫയലിംഗിന് ഫോം 16 സമര്‍പ്പിക്കേണ്ട അവസാന തീയതി

ശമ്പളക്കാരായ ജീവനക്കാര്‍ക്ക് ഫോം 16 നല്‍കുന്നതിനുള്ള തൊഴിലുടമകളുടെ അവസാന തീയതി ജൂണ്‍ 15 ആണ്. ആദായനികുതി റിട്ടേണ്‍ ഫയലിംഗിന് ഈ സര്‍ട്ടിഫിക്കറ്റ് പ്രധാനപ്പെട്ടതാണ്.

ആധാര്‍ പുതുക്കാനുള്ള അവസാന തീയതി

myAdhaar പോര്‍ട്ടല്‍ വഴി സൗജന്യമായി ആധാര്‍ വിശദാംശങ്ങള്‍ പുതുക്കാനുള്ള അവസാന ദിവസമാണ് ജൂണ്‍ 14. ഇതിന് ശേഷം അപ്‌ഡേറ്റുകള്‍ക്ക് ഓണ്‍ലൈനായി 25 രൂപയും ആധാര്‍ കേന്ദ്രങ്ങളിൽ 50 രൂപയും ഈടാക്കും.

എല്‍പിജി വില പരിഷ്‌കരണം

എണ്ണ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി എല്‍പിജി സിലിണ്ടറിന്റെ വില പരിഷ്‌കരിക്കും. മേയ് മാസത്തില്‍ വിലയില്‍ കുറവ് വരുത്തിയിരുന്നു. ജൂണ്‍ 1ന് വിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.

സ്ഥിരനിക്ഷേപ പലിശനിരക്ക് കുറച്ചു

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ജൂണ്‍ 1 മുതല്‍ മൂന്ന് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍ സ്ഥിര നിക്ഷേപ നിരക്കുകള്‍ 60 ബേസിസ് പോയിന്റ് വരെ കുറയ്ക്കും. പുതുക്കിയ നിരക്കുകള്‍ 4 ശതമാനം മുതല്‍ 8.4 ശതമാനം വരെയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Money/

മ്യൂച്ചല്‍ ഫണ്ടു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ചട്ടങ്ങള്‍ വരെ; ജൂണ്‍ 1 മുതൽ സാമ്പത്തിക മേഖല മാറുന്നത് ഇങ്ങനെ