Leading News Portal in Kerala

ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാക്കിസ്ഥാൻ വാദം കൃത്യമല്ലെന്ന് ഡസാള്‍ട്ട് ഏവിയേഷൻ | Pakistan claim of Rafale jets loss during Operation Sindoor inaccurate says Dassault chief


Last Updated:

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ഐഎഎഫിന്റെ റഫാല്‍ ജെറ്റുകള്‍ തകര്‍ത്തുവെന്ന തെറ്റായ പ്രചാരണമാണ് പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ നടത്തുന്നത്

2019-ല്‍ ഡസാള്‍ട്ടുമായുള്ള ഉന്നത കരാറിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ ജെറ്റുകള്‍ ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്2019-ല്‍ ഡസാള്‍ട്ടുമായുള്ള ഉന്നത കരാറിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ ജെറ്റുകള്‍ ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്
2019-ല്‍ ഡസാള്‍ട്ടുമായുള്ള ഉന്നത കരാറിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ ജെറ്റുകള്‍ ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) റഫാല്‍ ജെറ്റുകള്‍ വെടിവെച്ചിട്ടുവെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ തള്ളി ഡസാള്‍ട്ട്ഏവിയേഷന്‍ സിഇഒ എറിക് ട്രാപ്പിയര്‍. പാക്കിസ്ഥാന്റെ വാദങ്ങള്‍ കൃത്യതയുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഐഎഎഫ് റഫാല്‍ ജെറ്റുകള്‍ തകരാനുള്ള സാധ്യതയെ കുറിച്ച് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോഴായിരുന്നു ട്രാപ്പിയറിന്റെ പ്രതികരണം.

ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ ഐഎഎഫിന്റെ റഫാല്‍ ജെറ്റുകള്‍ തകര്‍ത്തുവെന്ന തെറ്റായ പ്രചാരണമാണ് പാക്കിസ്ഥാന്‍ ആഗോളതലത്തില്‍ നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ആശയവിനിമയം നടത്തിയിട്ടില്ലെന്നും അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഡസാള്‍ട്ട്മേധാവി പറഞ്ഞു. അതേസമയം മൂന്ന് റഫാല്‍ ജെറ്റുകള്‍ തകര്‍ത്തുവെന്ന പാക്കിസ്ഥാന്റെ വാദങ്ങളില്‍ കൃത്യതയില്ലെന്ന് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഫാല്‍ ജെറ്റുകളുടെ പ്രകടനത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. റഫാല്‍ ജെറ്റുകളുടെ ശേഷിയെ അദ്ദേഹം ന്യായീകരിച്ചു. യുദ്ധ ദൗത്യങ്ങളുടെ വിജയം അളക്കുന്നത് നഷ്ടങ്ങളുടെ കണക്കെടുത്തല്ലെന്നും നേടിയ ലക്ഷ്യങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ചിലര്‍ അത്ഭുതപ്പെട്ടേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു യുദ്ധ വിമാനം പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ദൗത്യം പൂര്‍ത്തിയാക്കുകയാണ്. ദൗത്യത്തിന്റെ വിജയം എന്നത് നഷ്ടമുണ്ടായിട്ടില്ല എന്നതല്ലെന്നും മറിച്ച് നേടിയെടുത്ത ലക്ഷ്യങ്ങള്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചും അദ്ദേഹം ഉദാഹരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സഖ്യകക്ഷികള്‍ക്ക് സൈന്യം നഷ്ടമായതുകൊണ്ട് അവര്‍ യുദ്ധം തോറ്റുവെന്ന് ആരും അവകാശപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2019-ല്‍ ഡസാള്‍ട്ടുമായുള്ള ഉന്നത കരാറിന്റെ അടിസ്ഥാനത്തിലാണ് റഫാല്‍ ജെറ്റുകള്‍ ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ വ്യോമ പോരാട്ട ശേഷിയില്‍ ഒരു ഗെയിം ചേഞ്ചറായി റഫാല്‍ പ്രശംസിക്കപ്പെടുന്നുണ്ട്.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ മൂന്ന് ഇന്ത്യന്‍ റഫാല്‍ ജെറ്റുകളും ഒരു സു30-ഉം ഒരു മിഗ്29-ഉം വെടിവച്ചിട്ടതായാണ് പാക്കിസ്ഥാന്‍ നടത്തുന്ന വ്യാജ പ്രചാരണം. അഞ്ച് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും നിരവധി ഇന്ത്യന്‍ സൈനികരെ തടവിലാക്കിയതായും പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സൈനിക നടപടി. കൃത്യമായി ലക്ഷ്യം നിശ്ചയിച്ച് നടത്തിയ ആക്രമണത്തില്‍ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു. നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിവരം.