Leading News Portal in Kerala

2024ല്‍ കാര്‍വില്‍പ്പനയില്‍ റെക്കോഡ്; മുന്നില്‍ എസ്‌യുവി, ഗ്രാമീണ മേഖലയിലും കുതിപ്പ് | Indian Automotive Industry Witnesses Record Sales in 2024


എസ്‌യുവി വാഹനങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചതും ഗ്രാമീണ വിപണിയിലെ കുതിപ്പുമാണ് വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. 2023ല്‍ സ്ഥാപിച്ച 41.1 ലക്ഷം യൂണിറ്റ് എന്ന റെക്കോഡ് മറികടക്കാന്‍ ഇത് സഹായിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 4.5 മുതല്‍ 4.7 ശതമാനം വരെയാണ് വര്‍ധന രേഖപ്പെടുത്തിയത്.

മാരുതി സുസുക്കി തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ഹോള്‍സെയില്‍, റീട്ടെയില്‍ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 17,90,977 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം അവര്‍ വിറ്റഴിച്ചത്. 2018-ലെ 17.51 ലക്ഷം യൂണിറ്റ് എന്ന ആറ് വര്‍ഷത്തെ റെക്കോഡ് ഇതോടെ മറികടന്നു. റീട്ടെയില്‍ വില്‍പ്പനയിലും 2023ലെ 17,26,661 യൂണിറ്റുകള്‍ എന്ന റെക്കോഡ് മറികടന്ന് 17,88,405 യൂണിറ്റിലെത്തി.

കമ്പനിയുടെ ഗ്രാമീണ മേഖലയിലെ വില്‍പ്പനയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മണ്‍സൂണ്‍ അനുകൂലമായതും ശക്തമായ കുറഞ്ഞ താങ്ങുവിലയും ഇതിന് ആക്കം കൂട്ടി. മാരുതി സുസുക്കിയുടെ 2024 ഡിസംബറിലെ വില്‍പ്പന 1,30,117 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 24.18 ശതമാനത്തിന്റെ വര്‍ധനയാണ് ഇത് രേഖപ്പെടുത്തിയത്

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 2024-ല്‍ 6,05,433 യൂണിറ്റുകളുടെ റെക്കോഡ് ആഭ്യന്തര വില്‍പ്പന രേഖപ്പെടുത്തി. എസ്‌യുവി വിഭാഗത്തില്‍ നിന്ന് 67.6 ശതമാനം വില്‍പ്പനയാണ് നടത്തിയത്. എന്നാല്‍, 2024 ഡിസംബറിലെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 1.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ടാറ്റാ മോട്ടോഴ്‌സ് 2024 ഡിസംബറില്‍ 44,289 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനേക്കാള്‍ ഒരു ശതമാനം അധികം വളര്‍ച്ച കൈവരിച്ചു. 5.65 ലക്ഷം യൂണിറ്റുകളുമായി കമ്പനി തുടര്‍ച്ചായി നാലാം വര്‍ഷവും റെക്കോഡ് വാര്‍ഷിക വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയിലും കമ്പനിയുടെ കുതിപ്പ് തുടരുകയാണ്. എസ് യുവികള്‍ക്കും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെയും ശക്തമായ ആവശ്യമാണ് ടാറ്റയുടെ കുതിപ്പിന് പിന്നില്‍.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 2024ല്‍ 3,26,329 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തി. എസ്‌യുവി, എംപിവി വിഭാഗങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന സംഭവന നല്‍കിയത്.

കിയ ഇന്ത്യ വില്‍പ്പനയില്‍ ആറ് ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 2,55,038 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2024 ഡിസംബറിലെ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. 41,424 യൂണിറ്റുകളാണ് ഡിസംബറില്‍ അവര്‍ വിറ്റഴിച്ചത്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ 2024 ഡിസംബറിലെ വില്‍പ്പനയില്‍ 55 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. അതിന്റെ ഇലക്ട്രിക് വാഹന വിഭാഗം മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും മൊത്തം വില്‍പ്പനയുടെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുകയും ചെയ്തു.

നിസാന്‍ മോട്ടോര്‍ ഇന്ത്യ 2024 ഡിസംബറിലെ മൊത്ത വില്‍പ്പനയില്‍ 51.42 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2023 ഡിസംബറിലെ 7,711 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ഡിസംബറില്‍ 11,676 യൂണിറ്റായി.

ആഡംബര കാര്‍ വിഭാഗത്തില്‍ ഓഡി ഇന്ത്യയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 26.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2023ല്‍ 7931 യൂണിറ്റ് വിറ്റഴിച്ചപ്പോള്‍ 2024ല്‍ അത് 5816 യൂണിറ്റായി കുറഞ്ഞു.