വിളിച്ചിറക്കിയത് സ്ത്രീ; കൊല്ലപ്പെട്ട ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത് സ്ത്രീകളെ ഉപയോഗിച്ച് ; 2 സ്ത്രീകൾക്കെതിരെ അന്വേഷണം| police probe against two women as murdered hemachandran was trapped
Last Updated:
ഹേമചന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ചാണ് കെണിയിൽ വീഴ്ത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിനായി കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ 2 സ്ത്രീകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്
കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽനിന്ന് കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ പ്രതികളുമായി കൂട്ടു ചേർന്ന രണ്ടു യുവതികൾക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്നു പൊലീസ് പറഞ്ഞു. ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നു അന്വേഷിക്കുന്നുണ്ട്. ഇതിനായി നേരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ബത്തേരി സ്വദേശി നൗഷാദിനെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നു ഡിസിപി അരുൺ കെ പവിത്രൻപറഞ്ഞു. കൊലപാതകമാണെന്നു പൊലീസ് സംശയിച്ചതോടെ രണ്ടു മാസം മുൻപ് സൗദിയിലേക്ക് മുങ്ങിയ നൗഷാദിനെ ഉടൻ കോഴിക്കോട് എത്തിക്കുമെന്നു ഡിസിപി പറഞ്ഞു.
ബത്തേരി കൈവട്ടമൂലയിലെ വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് 2 വർഷത്തോളം ഈ വീട് കൈവശം വച്ചിരുന്നു. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വിട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഊട്ടിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ട് 40 ശതമാനം മാത്രം അഴുകിയ മൃതദേഹം ഹേമചന്ദ്രന്റേതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. 4 ദിവസത്തിനു ശേഷം റിപ്പോർട്ട് ലഭിക്കും. പൊലീസ് നടപടി പൂർത്തിയായതിനു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുക.
അറസ്റ്റിലായ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ(35), വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷ് (27) എന്നിവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് വിദേശത്തായിരുന്ന നൗഷാദാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഹേമചന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ചാണ് കെണിയിൽ വീഴ്ത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിനായി കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ 2 സ്ത്രീകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നൗഷാദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമേ സ്ത്രീകൾക്കെതിരെ പൊലീസ് നടപടിയെടുക്കൂ.
Kozhikode [Calicut],Kozhikode,Kerala
June 30, 2025 8:32 AM IST
വിളിച്ചിറക്കിയത് സ്ത്രീ; കൊല്ലപ്പെട്ട ഹേമചന്ദ്രനെ കെണിയിൽ വീഴ്ത്തിയത് സ്ത്രീകളെ ഉപയോഗിച്ച് ; 2 സ്ത്രീകൾക്കെതിരെ അന്വേഷണം