Leading News Portal in Kerala

ട്വിറ്ററില്‍ യുദ്ധം ചെയ്യുകയാണോ? ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് തമാശ പറഞ്ഞ് നരേന്ദ്ര മോദി|Are you fighting on Twitter Narendra Modi Banter With Macron Grabs Internet’s Attention


Last Updated:

ഇസ്രായേൽ-ഇറാൻ നയതന്ത്രത്തെച്ചൊല്ലി മാക്രോണും ഡൊണാൾഡ് ട്രംപും തമ്മിൽ ഓണ്‍ലൈനില്‍ തര്‍ക്കം നടന്നിരുന്നു

News18News18
News18

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മിലുള്ള സംഭാഷണത്തിലെ രസകരമായ പ്രസ്താവനയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. “ഇപ്പോള്‍ നിങ്ങള്‍ ട്വിറ്ററില്‍ ഏറ്റുമുട്ടുകയാണോ” എന്ന മോദിയുടെ പ്രസ്താവന ഇതോടെ ആഗോള വേദിയില്‍ തമാശയായി മാറി. ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അടുത്തിടെ ട്വിറ്ററില്‍ നടന്ന വാക്ക് തര്‍ക്കത്തെ പരാമര്‍ശിച്ചാണ് മോദി മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഇക്കാര്യം നര്‍മ്മത്തോടെ ചോദിച്ചത്.

ചൊവ്വാഴ്ച കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചക്കോടിക്കിടെയാണ് മോദി ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയത്. “ഇപ്പോള്‍ നിങ്ങള്‍ ട്വിറ്ററില്‍ യുദ്ധം ചെയ്യുകയാണോ?” എന്ന് ഫ്രഞ്ച് പ്രസിഡന്റിന് കൈ കൊടുത്തുകൊണ്ട് മോദി ചോദിച്ചു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. മോദിയുടെ ചോദ്യത്തിന് പിന്നാലെ ഇരുവരും പരസ്പരം പൊട്ടിച്ചിരിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പങ്കിട്ടിട്ടുള്ളത്. ഇതോടെ സംഭവം ചര്‍ച്ചയായി.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെച്ചെല്ലി അടുത്തിടെ ഇമ്മാനുവല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഓണ്‍ലൈനില്‍ ഒരു തര്‍ക്കം നടന്നിരുന്നു. ട്രംപ് ജി7-ല്‍ നിന്ന് നേരത്തെ പോയപ്പോള്‍ അതിനെ തന്ത്രപരമായ നീക്കമായി വ്യാഖ്യാനിക്കാന്‍ മാക്രോണ്‍ ശ്രമിച്ചു.

കണ്ടുമുട്ടാനും കൈമാറ്റം നടത്താനുമുള്ള ഒരു ഓഫര്‍ തീര്‍ച്ചായായും ഉണ്ടെന്ന് മാക്രോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും മാക്രോണ്‍ സൂചന നല്‍കി. ഇതിന് ട്രംപ് ഉടന്‍ തന്നെ മറുപടി നല്‍കി. മാക്രോണിനെ ‘പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കുന്നയാള്‍’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മാക്രോണ്‍ എപ്പോഴും തെറ്റായി ചിന്തിക്കുന്നുവെന്നും താന്‍ ഇപ്പോള്‍ വാഷിംഗ്ടണിലേക്ക് പോകുന്നത് എന്തിനാണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും ട്രംപ് പറഞ്ഞു. വളരെ വലിയ കാര്യമാണിതെന്നും കാത്തിരിക്കൂവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു.

ഈ സംഭവത്തെ കുറിച്ചാണ് മോദി മാക്രോണിനോട് തമാശയായി പറഞ്ഞതെന്നാണ് ഓണ്‍ലൈനില്‍ ആളുകള്‍ വിശ്വിസിക്കുന്നത്. ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇതിനെ കുറിച്ച് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. “എന്റെ സുഹൃത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംവദിക്കുന്നതും വിവിധ വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുന്നതും എപ്പോഴും സന്തോഷകരമാണ്. നമ്മുടെ ഗ്രഹത്തിന്റെ പുരോഗതിക്കായി ഇന്ത്യയും ഫ്രാന്‍സും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും”, മോദി കുറിച്ചു.

കനനാസ്‌കിസില്‍ നടന്ന 51-ാമത് ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി നടത്തിയ നിരവധി ഉന്നതതല ഉഭയകക്ഷി ഇടപെടലുകളില്‍ ഒന്നായിരുന്നു മാക്രോണുമായുള്ള കൂടിക്കാഴ്ച. ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മെക്‌സിക്കോ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.