ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ഇസ്രയേല്‍ ആക്രമിച്ചാല്‍ വലിയ നഷ്ടമുണ്ടാകുന്നത് ചൈനയ്ക്കോ ? China would suffer huge losses if Israel attacked Irans oil export facilities
Last Updated:
ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിപണികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സംഘര്‍ഷത്തില്‍ ഇസ്രയേല്‍ ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ ആക്രമിച്ചാല്‍ ഏറ്റവും അധികം നഷ്ടം സംഭവിക്കുന്നത് ചൈനയ്ക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ഊര്‍ജ കയറ്റുമതി കേന്ദ്രങ്ങളെ ഇസ്രയേല്‍ ഇതുവരെ ആക്രമിച്ചിട്ടില്ലെങ്കിലും അതില്‍ ഏതെങ്കിലും മാറ്റമുണ്ടായാല്‍ ഇത് വലിയ നഷ്ടമായിരിക്കും ഇറാന് വരുത്തുക. കൂടാതെ ഇറാന്റെ എണ്ണയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചൈനയുടെ സ്വകാര്യ ശുദ്ധീകരണ മേഖലയെയും ഇത് സാമ്പത്തികമായി ബാധിക്കുകയും ചെയ്യുമെന്ന് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ ഇറാന്റെ എണ്ണ കയറ്റുമതിയില്‍ യുഎസ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും ഇറാന്റെ അസംസ്കൃത എണ്ണ വാങ്ങുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍, ചൈന പിന്‍വാങ്ങിയില്ല. ഇറാന് കയറ്റുമതി ചെയ്യുന്ന എണ്ണയുടെ 90 ശതമാനത്തിലധികവും ഇപ്പോള്‍ ചൈനയിലേക്കാണ് പോകുന്നതെന്ന് ചരക്ക് രഹസ്യാന്വേഷണ സ്ഥാപനമായ കെപ്ലറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ടീപോട്ട് എന്നറിയപ്പെടുന്ന ചെറുതും സ്വതന്ത്രവുമായ എണ്ണശുദ്ധീകരണശാലകളാണ് ഈ എണ്ണയുടെ ഭൂരിഭാഗവും വാങ്ങുന്നത്. ഈ ശുദ്ധീകരണശാലകള്‍ 2022ല്‍ അനധികൃത ഇറാനിയന്‍ ക്രൂഡിലേക്ക് കൂട്ടത്തോടെ മാറാന്‍ തുടങ്ങി. ക്രൂഡിന്റെ കുത്തനെയുള്ള കിഴിവുകളില്‍ ചൈന ആകൃഷ്ടരാകുകയായിരുന്നു.
ഇറാന്റെ എണ്ണയ്ക്ക് ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കാന്‍ അത് രഹസ്യമായാണ് വില്‍ക്കുന്നത്. ചരക്കുകള്‍ക്കുള്ള തുക പലപ്പോഴും യുഎസ് ഡോളറിന് പകരം റെന്‍മിന്‍ബിയിലാണ് നല്‍കുന്നത്. തങ്ങളുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ചൈനീസ് സാധനങ്ങള്‍ ഉപയോഗിക്കാന്‍ ഇത് ഇറാനെ നിര്‍ബിന്ധതരാക്കുന്നു. ഈ വ്യാപാര ബന്ധത്തെ ഒരു ‘കൊളോണിയല്‍ കെണി’ എന്നാണ് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന് വിശേഷിപ്പിച്ചത്.
ഇറാനിയന്‍ ലൈറ്റ് ക്രൂഡിന്റെയും അനുമതിയില്ലാത്ത ഗ്രേഡുകളായ ഒമാന്‍ എക്സ്പോര്‍ട്ട് ബ്ലെന്‍ഡ് പോലുള്ളവയുടെയും വില ഇക്കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഇടിഞ്ഞിരുന്നു. 2023ല്‍ ബാരലിന് 11 ഡോളര്‍ വിലക്കിഴിവിലാണ് ഇത് നില്‍കിയിരുന്നത്. എന്നാല്‍ ഇറാനിയന്‍ എണ്ണ ഇപ്പോള്‍ വെറും രണ്ട് ഡോളറിനാണ് വ്യാപാരം നടത്തുന്നത്. ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുകയും യുഎസ് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഇറാന്റെ എണ്ണ വിതരണത്തെ അത് ബാധിക്കുകയും കരിഞ്ചന്തയില്‍ ലഭ്യമായ ബാരലുകളുടെ ലഭ്യത കൂടുതല്‍ അപകടകരമാക്കുകയും ചെയ്യുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
ഇറാന്റെ എണ്ണയില്‍ ഭൂരിഭാഗവും ടാങ്കറുകളില്‍ കയറ്റുന്ന പേര്‍ഷ്യന്‍ ഗള്‍ഫ് ടെര്‍മിനലായ ഖാര്‍ഗ് ദ്വീപിനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അത് ടെഹ്റാന്റെ പ്രധാന എണ്ണ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇടയാക്കിയേക്കും. ഇത് ഇറാന് കനത്ത സാമ്പത്തിക തിരിച്ചടി നല്‍കും. ചൈനയുടെ ഡിസ്കൗണ്ട് ക്രൂഡ് ഓയില്‍ വിതരണം തത്ക്ഷണം നിര്‍ത്തലാക്കുകയും ചെയ്യും.
ഇറാനിയന്‍ എണ്ണയിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുന്നത് ചൈനയുടെ സ്വകാര്യ റിഫൈനറികളെ പ്രതിസന്ധിയിലാക്കും. ഡിസ്കൗണ്ട് ബാരലുകള്‍ ഇല്ലാതെ ഇവര്‍ മറ്റു വിപണികളിലേക്ക് തിരിയുകയും ക്രൂഡോയിലിന്റെ മുഴുവന്‍ വിലയും നല്‍കേണ്ടിയും വരും. ഇത് അവരുടെ ചെലവ് വര്‍ധിപ്പിക്കുകയും മാര്‍ജിനുകള്‍ കുറയ്ക്കുകയും ചെയ്യും. കാലക്രമേണ ആഗോള എണ്ണ വിപണി വീണ്ടും സന്തുലിതമാകുമെങ്കിലും ചൈനയുടെ ശുദ്ധീകരണശാലകള്‍ക്ക് മേല്‍ വൈകാതെ തന്നെ സമ്മര്‍ദം അനുഭവപ്പെട്ട് തുടങ്ങും
ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതോടെ പ്രതിദിനം 1.7 മില്ല്യണ്‍ ബാരല്‍ എണ്ണ കുറവ് വരുമെങ്കിലും ഇത് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. സൗദി അറേബ്യയും യുഎഇയും ഒരുമിച്ച് പ്രതിദിനം നാല് മില്ല്യണ്‍ ബാരലിലധികം എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. ആറ് മാസത്തിനുള്ളില്‍ നഷ്ടമായ ഇറാനിയന്‍ വിതരണത്തിന്റെ 80 ശതമാനവും അവര്‍ക്ക് നികത്താന്‍ കഴിയുമെന്നും ഗോള്‍ഡ്മാന്‍ സാച്ചസ് പറയുന്നു. എന്നാല്‍, ഇറാന്റെ എണ്ണയുടെ അളവ് കുറയുന്നത് താത്കാലികമായുള്ള വില വര്‍ധനവിന് കാരണമായേക്കും.
അതേസമയം, ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് ചൈനയുടെ മേല്‍ വലിയ ആഘാതം സൃഷ്ടിക്കും. ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത നിര്‍ത്തലാക്കിയാല്‍ ചൈനയിലെ സ്വകാര്യ എണ്ണ ശുദ്ധീകരണശാലകള്‍ ഓരോ ബാരലിനും ഡിസ്കൗണ്ട് ഇല്ലാതെ പൂര്‍ണമായും വില നല്‍കേണ്ടി വരും.
New Delhi,Delhi
June 18, 2025 3:17 PM IST