Amitabh Bachchan | ഇന്ദിരാ ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചു, ബച്ചൻ ഊമയായി സിനിമയിൽ; അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ
1. ദീവാർ, ഷോലെ തുടങ്ങിയ അമിതാബ് ബച്ചന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ മരിക്കുന്നുണ്ട്.
2. ‘കൂലി’യിലെ അദ്ദേഹത്തിന്റെ കഥാപാത്രവും മരിക്കുന്നതായിട്ടായിരുന്നു തിരക്കഥയിൽ എഴുതിയിരുന്നത്. എന്നാൽ ഷൂട്ടിങ്ങ് സെറ്റിൽ വെച്ച് അമിതാഭ് ബച്ചന് വലിയൊരു അപകടം ഉണ്ടായി. ഇതേത്തുടർന്ന് സംവിധായകൻ മൻമോഹൻ ദേശായി ക്ലൈമാക്സ് മാറ്റാൻ തീരുമാനിക്കുകയും ബിഗ് ബിയുടെ കഥാപാത്രം ജീവിച്ചിരിക്കുന്നതായി തന്നെ കാണിക്കുകയും ചെയ്തു.
3. പല സിനിമകളുടെയും ‘നരേറ്റർ’ ആയും ബിഗ് ബി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ മൃണാൾ സെന്നിന്റെ ‘ഭുവൻ ഷോമി’ൽ ‘വോയ്സ് നരേറ്റർ’ ആയാണ് സിനിമാ രംഗത്ത് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
4. ബോളിവുഡിലെത്തും മുൻപ് അമിതാഭ് ബച്ചൻ റേഡിയോ അവതാരകനാകാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഡൽഹിയിലെ ആകാശവാണി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചിരുന്നു.
5. ഗുഡ്ഡി, ഗോൽ മാൽ, ഹീറോ ഹിരാലാൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
6. സിനിമാ രംഗത്ത് ഒരു ഇടമുറപ്പിക്കാൻ കഷ്ടപ്പെട്ട ആദ്യ നാളുകളിൽ, നടൻ മെഹ്മൂദ് അദ്ദേഹത്തിന് തന്റെ വീട്ടിൽ താമസിക്കാൻ സ്ഥലം നൽകിയിരുന്നു.
7. അഭിനയത്തിനു പുറമെ ഗായകനായും അമിതാഭ് ബച്ചൻ കഴിവു തെളിയിച്ചിട്ടുണ്ട്. ബാഗ്ബാനിലെ ‘മെയ്ൻ യഹാൻ തു വഹൻ’, വിദ്യാ ബാലൻ അഭിനയിച്ച കഹാനി എന്ന ചിത്രത്തിലെ ‘ഏക്ലാ ചലോ രേ’ തുടങ്ങിയ ഗാനങ്ങളെല്ലാം അദ്ദേഹം പാടിയതാണ്. ലാവാരിസ് എന്ന ചിത്രത്തിലെ ‘മേരെ അംഗനേ മേ’ എന്ന ഗാനം അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളിൽ ഒന്നാണ്.
8. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുഹൃത്തായിരുന്നു നടിയും രാഷ്ട്രീയ പ്രവർത്തകയുമായിരുന്ന നർഗീസ് ദത്ത്. നർഗീസിന് ഇന്ദിരാ ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചതിന് ശേഷമാണ് സുനിൽ ദത്ത് ബച്ചനെ ‘രേഷ്മ ഔർ ഷേര’യിൽ ഊമയായി കാസ്റ്റ് ചെയ്തത്.
9. അമിതാഭ് ബച്ചന്റെ തന്റെ ആദ്യ തിയേറ്റർ ഹിറ്റായ സഞ്ജീറിനു മുൻപ്, 1969 മുതൽ 1973 വരെ, തുടർച്ചയായി അദ്ദേഹത്തിന്റെ 12 ചിത്രങ്ങൾ പരാജയമായിരുന്നു.
10. 1994-ൽ പുറത്തിറങ്ങിയ ‘ഇൻസാനിയാത്’ എന്ന സിനിമയായിരുന്നു അദ്ദേഹം അഭിനയത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയ അവസാന ചിത്രം. 1991-ലായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. സഹനടൻമാരായ നൂതന്റെയും വിനോദ് മെഹ്‌റയുടെയും മരണം ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാൽ റീലീസ് വൈകുകയായിരുന്നു.
11. ബിഗ് സ്ക്രീനിൽ മാത്രമല്ല, മിനി സ്ക്രീനിലും താരമാണ് ബിഗ് ബി. ‘കോൻ ബനേഗാ ക്രോർപതി’യുടെ അവതാരകനായി അദ്ദേഹം എത്തിയപ്പോൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
12. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ഒന്നിച്ച് അഭിനയിച്ച ‘അഭിമാൻ’ അവരുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം 1973 ലാണ് പുറത്തിറങ്ങിയത്.
13. ഇരുപതിലധികം ചിത്രങ്ങളിൽ അമിതാഭ് ബച്ചന്റെ സ്ക്രീനിലെ പേര് ‘വിജയ്’ എന്നാണ്.
14. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ കരിയറിൽ ബിഗ് ബി 14 ചിത്രങ്ങളിൽ ഡബിൾ റോൾ ചെയ്തിട്ടുണ്ട്.
15. 2010-ൽ പുറത്തിറങ്ങിയ ‘കാണ്ഡഹാർ’ എന്ന മലയാള ചിത്രത്തിൽ മോഹൻലാലിനൊപ്പവും ബിഗ് ബി അഭിനയിച്ചു.
Thiruvananthapuram,Kerala
October 11, 2023 11:30 AM IST
Amitabh Bachchan | ഇന്ദിരാ ഗാന്ധിയുടെ ശുപാർശക്കത്ത് ലഭിച്ചു, ബച്ചൻ ഊമയായി സിനിമയിൽ; അമിതാഭ് ബച്ചന് ഇന്ന് 81-ാം പിറന്നാൾ