ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച 23-കാരൻ പിടിയിൽ|23-year-old arrested for sexually assaulting female doctor by mixing drugs in soft drinks in navi mumbai
Last Updated:
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രതിയും പരാതിക്കാരിയും സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്നത്
നവി മുംബൈ: ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 23-കാരൻ അറസ്റ്റിൽ. പുണെ സ്വദേശിയായ ആനന്ദ് ഗാട്ടേ (23) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിലായ 28 കാരിയായ വനിതാ ഡോക്ടറെയാണ് പ്രതി ലൈംഗികമായി ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച യുവതി ഖാർഘർ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. സീനിയർ ഇൻസ്പെക്ടർ അജയ് കാംബ്ലെയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പ്രതിയും പരാതിക്കാരിയും സോഷ്യൽമീഡിയ വഴി പരിചയപ്പെടുന്നത്. നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷം ഇരുവരും കാണാൻ തീരുമാനിക്കുന്നു. തുടർന്ന് ഇരുവരും ഖാർഘറിൽ വച്ച് കണ്ടുമുട്ടി. അവിടെവച്ചാണ് പ്രതി സോഫ്റ്റ് ഡ്രിങ്കിൽ മയക്കുമരുന്ന് കലർത്തി യുവതിയെ സത്താറയിലെ രാജ് ലോഡ്ജിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ പ്രതി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് വീണ്ടും തനിക്ക് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, പരാതിക്കാരി ഇതിന് വിസമ്മതിച്ചതോടെ പ്രതി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ജൂലായ് 8 ചൊവ്വാഴ്ചയാണ് പ്രതിയെ ഖാർഘറിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നിർദ്ദേശപ്രകാരം പരാതിക്കാരി യുവാവിനെ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രതി യുവതിയെ കാണാൻ എത്തിയപ്പോഴാണ് പൊലീസ് സംഘം യുവാവിനെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും വീഡിയോ അടങ്ങിയ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ ബലാത്സംഗത്തിനും മയക്കുമരുന്ന് കൊടുത്ത് പരിക്കേൽപ്പിച്ചതിനും ബിഎൻഎസിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Navi Mumbai,Thane,Maharashtra
July 10, 2025 7:44 AM IST
ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വനിതാഡോക്ടറെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച 23-കാരൻ പിടിയിൽ