പത്തനംതിട്ടയിൽ BJP-CPM സംഘർഷം; 2 സിപിഎം പ്രവർത്തർക്ക് വെട്ടേറ്റു; ബിജെപി പ്രവർത്തകർക്കും പരിക്ക്| BJP-CPM clash in Omalloor Pathanamthitta 2 CPM workers hacked
Last Updated:
സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഓമല്ലൂരിൽ ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും മറ്റൊരു സിപിഎം പ്രവർത്തകനും മർദനമേറ്റു. സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് സിപിഎം പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഓമല്ലൂർ പറയനാലി തുണ്ടിൽ മേലേതിൽ ടി അരുൺ, തുണ്ടിയിൽ വടക്കേതിൽ എം പ്രദീപ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിന് മർദനമേറ്റു. ബിജെപി പ്രവർത്തകൻ ഓമല്ലൂർ പൈവള്ളി താന്നിമൂട്ടിൽ അഖിലിന് പരുക്കുണ്ട്.
പകൽ സമയത്തെ പ്രശ്നങ്ങൾക്കുശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരിൽ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സംഘർഷം തടഞ്ഞത്. രാത്രി ഒൻപതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്.
ഓമല്ലൂരിലെ ബിജെപി പ്രവർത്തകൻ അഖിലിന്റെ വീടിനു മുന്നിൽ ഇന്നലെ സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നാണു പൊലീസ് പറയുന്നത്. അഖിലിന്റെ വീടിനടുത്ത് സിപിഎം പ്രവർത്തകരുടെ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അഖിലിന്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് സിപിഎം പ്രവർത്തകർ കടന്നു കയറി ആക്രമിച്ചെന്നാണ് ബിജെപി വാദം. അഖിലിനും അമ്മയ്ക്കും പരുക്കുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ വീടിനു മുന്നിലെ റോഡിലൂടെ ബൈക്കിൽ പോയ സിപിഎം പ്രവർത്തകരെ അഖിൽ ആക്രമിച്ചെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. പരിക്കേറ്റ 3 സിപിഎം പ്രവർത്തകർ ചികിത്സ തേടിയിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവർത്തകർ തടിച്ചു കൂടിയതോടെ കൂടുതൽ പൊലീസെത്തി. ഏതാനും വർഷം മുൻപ് ഓമല്ലൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടി കെട്ടാൻ അന്നു പ്രവർത്തകർ ശ്രമിച്ചപ്പോൾ സംഘർഷമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇരു പാർട്ടികളും തമ്മിൽ വിരോധം നിലനിന്നിരുന്നുവെന്നാണ് പൊലീസ് നിഗമനം.
Pathanamthitta,Pathanamthitta,Kerala
July 10, 2025 7:10 AM IST