കാസര്‍ഗോഡ് കാണാതായ യുവാവിന്റെ മൃതദേഹം മീൻവലയിൽ കുടുങ്ങിയ നിലയിൽ; ശരീരത്തിൽ മർദനമേറ്റ പാടുകൾ|Body of missing youth from Kasaragod Found in River caught in a fishing net
Last Updated:
യുവാവിന്റെ ശരീരത്തിലെ ആഭരണങ്ങള്‍ കാണുന്നില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു
അഴിമുഖത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കാസര്‍ഗോഡ് ഹാര്‍ബര്‍ ഗേറ്റിനടുത്തുള്ള പുഴയില്‍ നിന്ന് കണ്ടെത്തി. ബുധനാഴ്ച്ച രാവിലെ മീന്‍ പിടിക്കാൻ വലയെറിഞ്ഞ തൊഴിലാളികൾക്കാണ് മൃതദേഹം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഴിമുഖത്ത് നിന്നും കാണാതായ കസബ കടപ്പുറത്തെ രമേശന്റെ മകന് ആദിത്യന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കസബ കടപ്പുറം സ്വദേശിയായ ആദിത്യനെ കാണാതായത്. ഹാര്ബറിനടുത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ യുവാവ് മടങ്ങി എത്താതിനെത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തീരദേശ പോലീസും അഗ്നിരക്ഷാ സേനയും ചൊവ്വാഴ്ച ഹാർബറിലും പരിസരപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെ മീന്‍ വലയില്‍ മൃതദേഹം കുടുങ്ങിയത്. ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും കൈയില്‍ ധരിച്ചിരുന്ന സ്വര്‍ണ്ണ വളയും നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ ശരീരത്തില്‍ മർദനമേറ്റതിന്റെ പാടുകളുള്ളമുണ്ട്. യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
അതേസമയം, യുവാവിന്റെ മൊബൈല്‍ ഫോണും ബൈക്കും ഹാര്‍ബറിനടുത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kasaragod,Kasaragod,Kerala
July 10, 2025 9:25 AM IST