Leading News Portal in Kerala

വക്കീൽ ഭാര്യക്ക് സമ്മാനമായി നല്‍കിയ 49,000 രൂപയുടെ ഫോണ്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഗുജറാത്ത് പോലീസ് വീട്ടിൽ | Gujarat police reaches home after lawyer gifts premium smart phone to wife


Last Updated:

ഭാര്യക്ക് എല്ലാം കൊണ്ടും തികഞ്ഞ ഒരു സമ്മാനമാണെന്ന് വിശ്വസിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം ഇത് സമ്മാനമായി നല്‍കിയത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

വിവാഹ വാര്‍ഷികത്തിന് ഭാര്യക്ക് ഒരു പുതിയ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയതാണ് കൊല്‍ക്കത്ത സ്വദേശിയായ അഭിഭാഷകന്‍. 49,000 രൂപ ചെലവിട്ട് മേടിച്ച ഈ ഫോണ്‍ അവര്‍ക്ക് പിന്നീട് വലിയ തലവേദനയായി മാറി. സമ്മാനമായി ലഭിച്ച ഫോണ്‍ ഭാര്യ ഓണ്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. സമ്മാനമായി നല്‍കിയ സ്മാര്‍ട്ട്‌ഫോണ്‍ ഒരു പ്രധാനപ്പെട്ട സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു. ക്രിമിനല്‍ കുറ്റം ചുമത്തിയ ഉപകരണങ്ങള്‍ പുതിയതാക്കി വീണ്ടും വില്‍പ്പനയ്‌ക്കെത്തിക്കുന്ന ഒരു റാക്കറ്റിനെക്കുറിച്ച് ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ് നടക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനതല അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്.

കൊല്‍ക്കത്തയിലെ മിഷന്‍ റോ എക്‌സ്റ്റന്‍ഷനിലുള്ള ഒരു കടയില്‍ നിന്ന് 49,000 രൂപ വിലമതിക്കുന്ന ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ് അഭിഭാഷകന്‍ വാങ്ങിയത്. ഇത് സീല്‍ ചെയ്തിരുന്നു. കൂടാതെ ജിഎസ്ടി ഇന്‍വോയിസും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോള്‍ ഈ ഫോണ്‍ പുതിയതായി അഭിഭാഷകന് തോന്നി. ഭാര്യക്ക് എല്ലാം കൊണ്ടും തികഞ്ഞ ഒരു സമ്മാനമാണെന്ന് വിശ്വസിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം ഇത് സമ്മാനമായി നല്‍കിയത്.

ആഴ്ചകള്‍ക്ക് ശേഷം ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥര്‍ ദമ്പതികളുടെ വീട്ടിലെത്തി. ഭാര്യ ഉപയോഗിക്കുന്ന ഫോണ്‍ ഒരു സൈബര്‍കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്ന് അറിയിച്ചു. ഫോണിന്റെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി(IMEI) നമ്പര്‍ പോലീസ് കണ്ടെത്തി. ഇത് ഒരു ഓണ്‍ലൈന്‍ തട്ടിപ്പിന് ഉപയോഗിച്ച ഫോണുമായി പൊരുത്തപ്പെടുന്നതാണെന്ന് സ്ഥിരീകരിച്ചു.

പോലീസിന്റെ ആരോപണത്തില്‍ ഞെട്ടിപ്പോയ ദമ്പതികള്‍ തങ്ങള്‍ ഫോണ്‍ നിയമപരമായാണ് വാങ്ങിയതെന്നും ഒരു ക്രിമിനല്‍ പ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും പോലീസിനെ അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ അഭിഭാഷകന്‍ ഉടന്‍ തന്നെ കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയ്‌ക്കെതിരേ ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു.

കേസ് പിന്നീട് ബൗബസാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മൊബൈല്‍ ഫോണ്‍ ഈ പോലീസ് സ്‌റ്റേഷന്‍രെ പരിധിയില്‍ വരുന്നതിനാലാണിത്. കടയുടമയെയും ഉപകരണം വിതരണം ചെയ്ത വിതരണക്കാരെനെയും അവിടുത്തെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ തുടങ്ങി. കടയില്‍ നിന്ന് ലഭിച്ച രേഖകളുടെ പ്രാഥമിക പരിശോധനയില്‍ പൊരുത്തക്കേടുകളൊന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഇപ്പോള്‍ വിതരണക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ദമ്പതികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോണിന്റെ ഉടമസ്ഥാവകാശ ചരിത്രം, മുമ്പ് ഇതില്‍ കൃത്രിമം കാണിച്ചിട്ടുണ്ടോ, പുനരുപയോഗിച്ചിട്ടുണ്ടോ, വീണ്ടും വില്‍പ്പനയ്ക്കായി പാക്ക് ചെയ്തിട്ടുണ്ടോ എന്നിവയെല്ലാം കണ്ടെത്താനാണ് ഫൊറന്‍സിക് പരിശോധന നടത്തുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണോ, അതോ ഉപയോഗിച്ചതോ മോഷ്ടിച്ചതോ ആയ മൊബൈല്‍ ഫോണുകള്‍ പുതിയതാക്കി വീണ്ടും വില്‍പ്പന നടത്തുന്ന ഒരു വലിയ തട്ടിപ്പിന്റെ ഭാഗമാണോ, എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒരുപക്ഷേ, ഇത് മഞ്ഞുമലയുടെ അറ്റമായിരിക്കാമെന്ന് കേസുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന് പിന്നില്‍ സംഘടിത റാക്കറ്റ് സംഘമുണ്ടെങ്കില്‍ സംശയിക്കാതെ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഇത് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ഫോണ്‍ ആണ് തങ്ങള്‍ വാങ്ങുന്നതെന്ന് അവര്‍ വിശ്വസിക്കുകയും എന്നാല്‍ നിയമത്തിന്റെ ഒരു കെണിയില്‍ അകപ്പെട്ട് പോകാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

വക്കീൽ ഭാര്യക്ക് സമ്മാനമായി നല്‍കിയ 49,000 രൂപയുടെ ഫോണ്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഗുജറാത്ത് പോലീസ് വീട്ടിൽ