ഹുമ അബൈദിനെ അറിയാമോ? ജോര്‍ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസിന്റെ ഭാര്യയെ | Who is Huma Abedin ex-aide of Hillary Clinton who got married to Alex Soros
Last Updated:
ഹിലറിയുടെ രണ്ടാമത്തെ മകള്‍ എന്നാണ് അവര്‍ മിക്കപ്പോഴും അറിയപ്പെട്ടിരുന്നത്
അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രക്ഷാധികാരിയും നിക്ഷേപകനുമായ ജോര്‍ജ് സോറോസിന്റെ മകന്‍ അലക്‌സ് സോറോസും ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റണിന്റെ രാഷ്ട്രീയ സഹായി ഹുമ അബൈദും വിവാഹിതരായി. ഹിലറി ക്ലിന്റണ്‍, ഭര്‍ത്താവും മുന്‍ യുഎസ് പ്രസിഡന്റുമായ ബില്‍ ക്ലിന്റണ്‍, മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, അവരുടെ ഭര്‍ത്താവ് ഡഗ് എമഹോഫ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്റംഗം ഷക്ക് ഷൂമര്‍, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെലബ്രിറ്റി താരം നിക്കി ഹില്‍ട്ടണ്‍ റോത്സ്‌ചൈല്‍ഡ് തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ബേനിയന്‍ പ്രസിഡന്റ് എഡി റാമയും ചടങ്ങില്‍ പങ്കെടുത്തു.
വളരെക്കാലമായി ഹിലറി ക്ലിന്റണിന്റെ രാഷ്ട്രീയ സഹായിയായി പ്രവര്‍ത്തിച്ചുവരികയാണ് 48കാരിയായ ഹുമ. ഹിലറിയുടെ രണ്ടാമത്തെ മകള്‍ എന്നാണ് അവര്‍ മിക്കപ്പോഴും അറിയപ്പെട്ടിരുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ആന്റണി വെയ്‌നറാണ് ഹുമയുടെ ആദ്യ ഭര്‍ത്താവ്.
യുഎസില്‍ ജനിച്ച ഹുമ സൗദി അറേബ്യയിലാണ് വളര്‍ന്നത്. ജേണല്‍ ഓഫ് മുസ്ലിം മൈനോരിറ്റി അഫയേഴ്‌സ് എന്ന പേരിലുള്ള ജേണലിന്റെ നടത്തിപ്പുകാരാണ് ഹുമയുടെ മാതാപിതാക്കള്‍. 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടുന്നതിനായി അവര്‍ യുഎസിലേക്ക് മടങ്ങി. 19ാമത്തെ വയസ്സില്‍ അവര്‍ ഹിലറി ക്ലിന്റണിനു കീഴില്‍ ഇന്റേണിയായി ജോലി ചെയ്തു തുടങ്ങി. ഹിലറി അന്ന് പ്രഥമ വനിതയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ അവര്‍ ഹിലറിയുടെ വിശ്വസ്തയായ സഹായിയായി വളർന്നു. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിലറിക്കുവേണ്ടി അവർ പ്രവർത്തിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അശ്ലീല സന്ദേശം അയച്ചതിന് ആന്റണി വെയ്‌നറിനെ 21 മാസം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുമയുടെയും വെയ്‌നറിന്റെയും വിവാഹബന്ധം താറുമാറായത്. അതേവര്‍ഷം ഹുമ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. ഇരുവര്‍ക്കും ജോര്‍ദാന്‍ എന്ന പേരില്‍ ഒരു മകനുണ്ട്.
ജോര്‍ജ് സോറോസ് സ്ഥാപിച്ച ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ചെയര്‍മാനാണ് 39കാരനായ അലക്‌സ് സോറോസ്. ന്യൂയോര്‍ക്കിലെ കറ്റോണയിലാണ് അലക്‌സ് ജനിച്ചു വളര്‍ന്നത്. 2009ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്ന് 2018ല്‍ പിഎച്ച്ഡി സ്വന്തമാക്കി. 2023 ജൂണില്‍ ജോര്‍ജ് സോറോസിന്റെ സ്വത്തുക്കള്‍ക്ക് അവകാശം ലഭിച്ചു. വൈകാതെ തന്നെ ഒഎസ്എഫിന്റെയും സോറോസ് ഫണ്ട് മാനേജ്‌മെന്റിന്റെയും നേതൃചുമതല ഏറ്റെടുത്തു.
Thiruvananthapuram,Kerala
June 17, 2025 1:09 PM IST