Leading News Portal in Kerala

പെൺകുട്ടികളെ വിവസ്ത്രരാക്കി ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പലും സഹായിയും അറസ്റ്റിൽ| Principal and Attendant arrested for stripping girls for period check in thane school


Last Updated:

ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലെ കർശനമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്കൂളിൽ പത്തോളം പെൺകുട്ടികളെ വിവസ്ത്രരാക്കി ആർത്തവ പരിശോധന നടത്തിയ പ്രിൻ‌സിപ്പലും അറ്റൻഡറും അറസ്റ്റിലായി. മഹാരാഷ്ട്ര താനെ ഷഹാപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിന് പിന്നാലെയാണ് വനിതകളായ പ്രിൻസിപ്പലും സഹായിയും ചേര്‍ന്ന് പെൺകുട്ടികളെ വിവസ്ത്രരാക്കി ആർത്തവ പരിശോധന നടത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട നാല് അധ്യാപകർക്കെതിരെയും രണ്ട് ട്രസ്റ്റിമാർക്കെതിരെയും പൊലീസ് കേസെടുത്തു. അറസ്റ്റിലായവരെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാതാപിതാക്കൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിച്ചതായി താനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലെ കർശനമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.

സ്കൂളിലെ ജീവനക്കാർ ചൊവ്വാഴ്ച ടോയ്‌ലറ്റിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തുന്നതിനായി, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ടോയ്‌ലറ്റിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു.

തുടർന്ന് വിദ്യാർത്ഥിനികളോട് ആർക്കൊക്കെ ആർത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. കൈകൾ ഉയർത്തിയ പെൺകുട്ടികളുടെ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ അധ്യാപകർ രേഖപ്പെടുത്തി. ബാക്കിയുള്ള പെൺകുട്ടികളെ വാഷ്‌റൂമുകളിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കി.

പരാതിക്കാരിയായ മാതാപിതാക്കളിൽ ഒരാളുടെ മകളോട്, ആർത്തവമില്ലാത്തപ്പോൾ എന്തിനാണ് സാനിറ്ററി പാഡ് ഉപയോഗിക്കുന്നതെന്ന് പ്രിൻസിപ്പൽ ചോദിച്ചതായും തുടർന്ന് പ്രിൻസിപ്പൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കള്ളം പറഞ്ഞതായി ആരോപിക്കുകയും ബലമായി അവളുടെ വിരലടയാളം എടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടികൾ കരഞ്ഞുകൊണ്ട് വീട്ടിലെത്തി സ്കൂളിലെ അനുഭവം മാതാപിതാക്കളോട് പറഞ്ഞു. ബുധനാഴ്ച, മാനേജ്‌മെന്റിനും അധ്യാപകർക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മാതാപിതാക്കൾ സ്കൂളിൽ പ്രതിഷേധിച്ചു. പ്രിൻസിപ്പലിന്റെ പ്രവൃത്തി പെൺകുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് ഒരു അമ്മ തന്റെ പരാതിയിൽ പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ, നാല് അധ്യാപകർ, അറ്റൻഡർ, രണ്ട് ട്രസ്റ്റികൾ എന്നിവർക്കെതിരെ പെൺകുട്ടികളിൽ ഒരാളുടെ മാതാവിന്റെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസ് വിദ്യാർത്ഥികളിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ചു.

Summary: The principal and an attendant of a private school at Shahapur in Thane district of Maharashtra have been arrested while six other staff members have been booked under POCSO Act for allegedly stripping around 10 girls to check if they were on their periods.