ചക്ക സീസൺ അല്ലെ..ചക്കക്കുരു കളയേണ്ട; ഗുണങ്ങൾ പലതുണ്ട്!!|know about the health benefits of jackfruit seeds
വീണ്ടും ഒരു ചക്ക കാലം (Jackfruit) കൂടെ എത്തിയിരിക്കുകയാണ്. ചക്ക ഇഷ്ടമില്ലാത്ത മലയാളികൾ വിരളമായിരിക്കും. ചക്കപോലെ തന്നെ മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്കക്കുരുവും (Jackfruit Seed). കറിവെച്ചും, വറുത്തും, പഴുപ്പിച്ചും ഒക്കെ പലതരത്തിലാണ് നമ്മള്‍ ചക്ക കഴിക്കുന്നത് അല്ലെ. നാരുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ചക്ക കഴിച്ച് ഇതിന്റെ കുരുവും പലവിധത്തില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. ഉള്ളിലെ മധുരമാർന്ന പഴം മാത്രമല്ല, ഇതിൻ്റെ കുരുവും പോഷക സമൃദ്ധമാണ് എന്ന കാര്യം എല്ലാവർക്കുമറിയാം. സത്യത്തിൽ പഴത്തേക്കാൾ എത്രയോ ഇരട്ടി പോഷകങ്ങളാണ് ചക്കക്കുരുവിൽ ഒളിഞ്ഞിരിക്കുന്നത്. ഇവയിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല. സിങ്ക്, അയൺ കാൽസ്യം, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന് നിങ്ങൾക്ക് കണ്ടെത്താനാവും.