യൂത്ത് കോൺഗ്രസ് നേതാവിന് മർദനം; പോലീസുകാർക്കെതിരെ കേസെടുത്ത് കുന്നംകുളം കോടതി|Kunnamkulam court registers case against policemen on Youth Congress leader assault case
Last Updated:
നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പൊലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്
കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ അകാരണമായി മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരെ കേസെടുത്ത് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പൊലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്.
2023 ഏപ്രിൽ മാസം അഞ്ചാം തീയതി ചൊവ്വന്നൂരിൽ വെച്ച് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ് ഐ നുഹ്മാൻ സുജിത്തിനെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സ്റ്റേഷനിലെ ഇടിമുറിയിൽ വച്ച് സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോഭദ്രവം ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ FIR ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടയ്ക്കാൻ ആയിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.
തുടർന്ന് കോടതിയുടെ നിർദ്ദേശമനുസരണം വൈദ്യ പരിശോധനയിൽ പോലീസ് അക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി.
പോലീസിനെതിരെ സുജിത്ത് നടത്തിയ ധീരമായ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്. സുജിത്തിന് വേണ്ടി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ക്കൂടിയായ അഡ്വാ. സി ബി രാജീവ് ഹാജരായി. പോലീസുക്കാർ തന്നെ പ്രതികളായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തുടർ നടപടികൾ.
Thrissur,Kerala
July 10, 2025 5:49 PM IST
മദ്യപിച്ച് പൊലീസിനെ ഉപദ്രവിച്ചെന്ന കള്ളക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച പോലീസുകാർക്കെതിരെ കുന്നംകുളം കോടതി കേസെടുത്തു
