‘ജെയിംസ് ബോണ്ടിൻ്റെ ബോസ് ‘ആയി ആദ്യ വനിത; അറിയാം116 വർഷത്തെ MI 6 ചരിത്രം മാറ്റിയ ബ്ലെയ്‌സ് മെട്രെവെലിയെ | UK PM Keir Starmer appoints MI6 spy agency’s first-ever female chief
Last Updated:
ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6-ന്റെ തലപ്പത്ത് വര്‍ഷങ്ങളായി വനിതയാണ് എത്താറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്.
യുകെയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ6-ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെ നിയമിച്ച് ബ്രിട്ടീഷ് ഭരണകൂടം. 116 വര്‍ഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ മേധാവിയാകാന്‍ ബ്ലെയ്‌സ് മെട്രെവെലി യോഗ്യത നേടിയതായി സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. എംഐ6-ന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിതയായ ബ്ലെയ്‌സ് ഉടന്‍ ചുമതലയേല്‍ക്കും.
എംഐ6 അഥവാ സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് യുകെയിലെ വിദേശ ഇന്റലിജന്‍സ് ഏജന്‍സിയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുക വിദേശ നയവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയാണ് ഏജന്‍സിയുടെ ഉത്തരവാദിത്തം.
രഹസ്യാന്വേഷണ പ്രവര്‍ത്തനം അത്ര നിര്‍ണായകമായിരിക്കുന്ന കാലഘട്ടത്തിലാണ് ബ്ലെയ്‌സ് മെട്രെവെലിയുടെ നിയമനമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. യുകെയിലെ ജലമാര്‍ഗങ്ങളിലേക്ക് ചാരകപ്പലുകള്‍ അയക്കുന്ന ആക്രമണകാരികളില്‍ നിന്നും സൈബര്‍ ഗൂഢാലോചന നടത്തുന്ന ഹാക്കര്‍മാരില്‍ നിന്നും കടുത്ത ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ നിയമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം വെല്ലുവിളികളില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാനും ജനങ്ങളെ സംരക്ഷിക്കാനും കെല്‍പ്പുള്ള മികച്ച നേതൃത്വം ബ്ലെയ്‌സ് തുടരുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. എംഐ6-ന്റെ നിലവിലെ മേധാവി റിച്ചാര്‍ഡ് മൂര്‍ സര്‍വീസില്‍ നിന്നൊഴിയുന്നതോടെയാണ് ബ്ലെയ്‌സ് നിയമിക്കപ്പെട്ടത്. ഈ വര്‍ഷം റിച്ചാര്‍ഡ് മൂര്‍ സര്‍വീസില്‍ നിന്നൊഴിയും.
ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കല്‍പ്പിക എംഐ6-ന്റെ തലപ്പത്ത് വര്‍ഷങ്ങളായി വനിതയാണ് എത്താറുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്. 47 വയസ്സുകാരിയായ ബ്ലെയ്‌സ് മെട്രെവെലി ഇപ്പോള്‍ എംഐ6-ല്‍ സാങ്കേതികവിദ്യയുടെ മേല്‍നോട്ടം വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ഠിക്കുകയാണ്. ‘ക്യു’ എന്ന രഹസ്യനാമത്തിലാണ് ഇവര്‍ ഈ പദവിയില്‍ അറിയപ്പെടുന്നത്. നേരത്തെ യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ എംഐ5-ല്‍ ഡയറക്ടര്‍ ലെവല്‍ പദവി വഹിച്ചിരുന്നു ബ്ലെയ്‌സ്.
കേംബ്രിജ് സര്‍വകലാശാലയില്‍ പേംബ്രൂക്ക് കോളേജില്‍ നിന്ന് ആന്ത്രോപോളജിയില്‍ ബിരുദം നേടിയ ബ്ലെയ്‌സ് 1999-ലാണ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ ചേരുന്നത്. ജോലിയുടെ ഭാഗമായി ഭൂരിഭാഗം സമയവും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലുടനീളവുമാണ് ബ്ലെയ്‌സ് പ്രവര്‍ത്തിച്ചത്. 2024-ല്‍ ബ്രിട്ടീഷ് വിദേശ നയത്തിലെ സേവനങ്ങള്‍ക്ക് കിങ്‌സ് ബര്‍ത്ത്‌ഡേ ഓണേഴ്‌സില്‍ കമ്പാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് ജോര്‍ജ് ആയി ബ്ലെയിസ് അംഗീകരിക്കപ്പെടുകയും ചെയ്തു.
പുതിയ ദൗത്യത്തിലേക്ക് നിയമിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ബ്ലെയ്‌സ് പ്രതികരിച്ചു. ധൈര്യശാലികളായ ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും അന്താരാഷ്ട്ര പാര്‍ട്ണര്‍മാര്‍ക്കുമൊപ്പം എംഐ6-ല്‍ തന്റെ സേവനം തുടരുമെന്നും ബ്ലെയ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.
എംഐ 6-ല്‍ ‘സി’ എന്ന കോഡിലായിരിക്കും ബ്ലെയ്‌സ് അറിയപ്പെടുക. ഏജന്‍സിയുടെ പ്രവര്‍ത്തനപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഇവരായിരിക്കും. വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതും ഇവരുടെ ചുമതലയാണ്. മറ്റ് വകുപ്പുകളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെയും ഭാഗമാണ് ‘സി’. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും നിലവിലുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുകയും ചെയ്യുന്ന സമിതിയാണിതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
June 17, 2025 12:38 PM IST