Leading News Portal in Kerala

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ടിക്കറ്റില്ലാതെ യുവതിയുടെ വിമാനയാത്ര|Woman flies to Los Angeles without ticket after bypassing airport security, arrested


Last Updated:

ടിക്കറ്റില്ലാതെ വിമാനത്തിൽ കയറുന്ന യാത്രക്കാരെ ഇതാദ്യമായല്ല പിടികൂടുന്നത്.

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ടിക്കറ്റില്ലാതെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്തിൽ കയറിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിന് നാഷ്‌വില്ലേയിൽ നിന്നും ലോസ് ആഞ്ചലസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യുവതി കയറിക്കൂടിയത്. യാത്രാ മധ്യേ ഈ വിവരം അമേരിക്കൻ എയർലൈൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയുകയും വിമാനം ഇറങ്ങിയ ശേഷം യുവതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി കൊണ്ട് പോവുകയും ചെയ്തു.

എന്നാൽ വിമാനത്തിൽ കയറുന്നതിനു മുൻപായി യുവതിയുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നുവെന്നാണ് വിവരം. ഫെബ്രുവരി ഏഴിന് നാഷ് വില്ലേ എയർപോർട്ടിൽ ഉണ്ടായ സംഭവത്തിൽ പ്രതിയായ യുവതിയെയും അവരുടെ കയ്യിലുണ്ടായിരുന്ന വസ്തുക്കളെയും സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നതായി നാഷ് വല്ലേയിലെ ടിഎസ്എ ( Transportation Security Administration ) ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. തുടർ നടപടികളുമായി സഹകരിച്ചു വരികയാണെന്നും ടിഎസ്എ പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു. അമേരിക്കൻ എയർലൈൻസിന്റെ AA1393യിലുണ്ടായ സംഭവത്തിൽ തങ്ങൾ നിയമ നടപടികൾ സ്വീകരിച്ചുവെന്നും യാത്രക്കാരുടെ സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനമെന്നും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

ടിക്കറ്റില്ലാതെ വിമാനത്തിൽ കയറുന്ന യാത്രക്കാരെ ഇതാദ്യമായല്ല പിടികൂടുന്നത്. കഴിഞ്ഞ നവംബറിൽ ഡെന്മാർക്കിൽ നിന്നും അമേരിക്കയിലേക്കുള്ള വിമാനത്തിൽ ടിക്കറ്റോ പാസ്പോർട്ടോ ഇല്ലാതെ യാത്ര ചെയ്തതിന് റഷ്യൻ – ഇസ്രായേൽ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.