Leading News Portal in Kerala

IPL 2025| ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാൻ റിയാൻ പരാഗ്; സഞ്ജു ബാറ്ററായി കളിക്കും| ipl 2025 Riyan Parag Named Rajasthan Royals Skipper For First Three matches Sanju Samson To Play As Batter


Last Updated:

രാജസ്ഥാൻ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയിൽ, സഞ്ജു സാംസൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

News18News18
News18

ജയ്പുർ: ഐപിഎൽ പുതിയ സീസണിൽ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ മലയാളി താരം സഞ്ജു സാംസൺ ഇല്ല. പകരം, യുവതാരം റിയാൻ പരാഗായിരിക്കും രാജസ്ഥാൻ നായകൻ. രാജസ്ഥാൻ ടീം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയിൽ, സഞ്ജു സാംസൺ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൈവിരലിനേറ്റ പരുക്കിന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായ സഞ്ജു, ആദ്യ മത്സരങ്ങളിൽ ബാറ്ററായി കളിക്കുമെന്നും രാജസ്ഥാൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

അതേസമയം, ഐപിഎലിന് മുന്നോടിയായി മുംബൈയിൽ നടക്കുന്ന ടീം ക്യാപ്റ്റൻമാരുടെ യോഗത്തിൽ സഞ്ജു സാംസണാകും രാജസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

‘പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ എനിക്ക് കളിക്കാനാകില്ല. ഈ ടീമിൽ നേതൃശേഷിയുള്ള ഒട്ടേറെ താരങ്ങളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ടീമിലെ അന്തരീക്ഷം ഏറ്റവും മികച്ചതായി സൂക്ഷിക്കുന്നതിൽ സവിശേഷ ശ്രദ്ധ പുലർത്തുന്ന താരങ്ങളുണ്ട്. ഇത്തവണ ആദ്യ മൂന്നു മത്സരങ്ങളിൽ റയാൻ പരാഗാകും രാജസ്ഥാനെ നയിക്കുക. എല്ലാവരും അദ്ദേഹത്തിന് ഉറച്ച പിന്തുണ നൽകുമെന്നാണ് എന്റെ പ്രതീക്ഷ’ – സഞ്ജു പറഞ്ഞു.

ഐപിഎൽ 18–ാം സീസണിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് സഞ്ജു ടീമിനൊപ്പം ചേർന്നത്. ജയ്പുർ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതു മുതൽ ടീം ക്യാംപിലെത്തി പരിശീലകൻ രാഹുൽ ദ്രാവിഡിനെയും ടീമംഗങ്ങളെയും ഉൾപ്പെടെ സന്ദർശിക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രമായിട്ടായിരിക്കും കളിക്കുക എന്ന അറിയിപ്പ് വന്നത്. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കും വരെ താരത്തെ ഇംപാക്ട് പ്ലേയറായി കളിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്‌ക്കിടെയാണ് സഞ്ജുവിന് കൈവിരലിന് പരിക്കേറ്റത്. തുടർന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു സഞ്ജു. മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ കിരീടമാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്. 2008ലെ പ്രഥമ സീസണിൽ ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ചാംപ്യൻമാരായിരുന്നു.

Summary: Riyan Parag was on Thursday named the Rajasthan Royals captain for the first three IPL 2025 matches, which they will play against the Sunrisers Hyderabad, defending champions Kolkata Knight Riders and the Chennai Super Kings.