Leading News Portal in Kerala

പുതിയ കാർ വാങ്ങുന്നുണ്ടോ? ഉറപ്പാക്കേണ്ട 7 സുരക്ഷാ ഫീച്ചറുകൾ | Buying a new car know these 7 safety features


Last Updated:

ഒരു കാർ വാങ്ങാൻ പദ്ധതിയിടുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് സുരക്ഷയ്ക്ക് തന്നെയാണ്

കാർ എയർബാഗ്കാർ എയർബാഗ്
കാർ എയർബാഗ്

മുൻകാലങ്ങളേക്കാൾ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് കാർ നിർമാതാക്കൾ നൽകുന്നത്. അപകടത്തെ അതിജീവിക്കാനും സുരക്ഷയേകുന്നതുമായ നിരവധി സവിശേഷതകൾ ഇന്ന് കാറുകളിൽ ലഭ്യമാണ്. ഒരു കാർ വാങ്ങാൻ പദ്ധതിയിടുമ്പോൾ ഏറ്റവും പ്രാധാന്യം നൽകേണ്ടത് സുരക്ഷയ്ക്ക് തന്നെയാണ്. ഇവിടെയിതാ, കാറിൽ ഉറപ്പാക്കേണ്ട 7 സുരക്ഷാ ഫീച്ചറുകൾ എന്തൊക്കെയെന്ന് നോക്കാം…

1. എയർബാഗുകൾ

കാറുകളിൽ അടിസ്ഥാന ഫീച്ചറായി എയർബാഗുകൾ മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരും നിർദേശം നൽകിയിട്ടുണ്ട്. അടിസ്ഥാന വേരിയന്‍റുകളിൽ പോലും കുറഞ്ഞത് രണ്ട് എയർബാഗുകളെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞത് 6 സ്റ്റാൻഡേർഡ് എയർബാഗുകളുള്ള ഒരു കാർ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഡാഷ്‌ബോർഡിനും യാത്രക്കാരനുമിടയിൽ കുഷ്യൻ പോലുള്ള ഉപകരണങ്ങളായി പ്രവർത്തിക്കുന്ന എയർബാഗുകൾ, യാത്രക്കാർക്ക് സുരക്ഷാകവചമൊരുക്കുന്നു.

2. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം

ശരിയായ വീൽ അലൈൻമെന്‍റും ടയർ വായു മർദ്ദവും നിരീക്ഷിച്ചുകൊണ്ട് ടിപിഎംഎസ് സുഗമമായ ഡ്രൈവിങ് ഉറപ്പാക്കുന്നു. വായുമർദ്ദം കുറയുകയോ കൂടുകയോ ചെയ്യുന്നത് ടയർ തേയ്മാനത്തിനും പൊട്ടിത്തെറിക്കാനും, അതുവഴി നിയന്ത്രണം നഷ്ടമാകാനും കാരണമാകും. കുറഞ്ഞ ടയർ മർദ്ദത്തെക്കുറിച്ച് ടിപിഎംഎസ് കാറിലെ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററിലൂടെ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു.

3. ഇൻ-ബിൽറ്റ് നാവിഗേഷൻ

ഇൻ-ബിൽറ്റ് നാവിഗേഷൻ പ്രവർത്തനം സ്മാർട്ട്‌ഫോണിനെ കാറുമായി ബന്ധിപ്പിക്കുകയും അനായാസം വഴി കണ്ടെത്താനും സഹായിക്കും. അതേസമയം ഈ സംവിധാനം ലഭ്യമാക്കുന്ന പല മൊബൈൽ ആപ്പുകളും ഉള്ളതിനാൽ ഇൻ-ബിൽറ്റ് നാവിഗേഷൻ ഒരു ഓപ്ഷണൽ ഫീച്ചറായി ധാരാളം വാഹനങ്ങളിൽ ലഭ്യമാണ്.

4. പാർക്കിംഗ് സെൻസറുകൾ

പാർക്കിങ് എളുപ്പമാക്കുന്ന സെൻസറുകളും റിയർ ക്യാമറകളും 360 ഡിഗ്രി ക്യാമറകളുമുള്ള സവിശേഷതകൾ വാഹനത്തിന് ഉണ്ടെന്ന് ഉറപ്പാക്ഖണം. കാറുകൾ പിന്നിലേക്ക് എടുക്കുകയോ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വശങ്ങളിലോ തടസമുണ്ടെങ്കിൽ ബീപ് ശബ്ദത്തിലൂടെ ഈ സെൻസറുകൾ മുന്നറിയിപ്പ് നൽകും. കാറുകളിൽ റിയർ സെൻസറുകൾ സാധാരണമാണ്. ചില മോഡലുകളിൽ ഫ്രണ്ട് സെൻസറുകളും 360 ഡിഗ്രി സെൻസറുകളുമുണ്ട്.

5. ക്രൂയിസ് കൺട്രോൾ

കാറുകളിൽ രണ്ട് തരത്തിലുള്ള ക്രൂയിസ് കൺട്രോൾ ലഭ്യമാണ് – സ്റ്റാൻഡേർഡ്, അഡാപ്റ്റീവ്. സ്റ്റാൻഡേർഡ് ക്രൂയിസ് കൺട്രോൾ ഹൈവേയിൽ ഒരു നിശ്ചിത വേഗതയിൽ തനിയെ വാഹനമോടിക്കാൻ സഹായിക്കും. എന്നാൽ റോഡുകളിൽ വേഗത കുറഞ്ഞ കാറുകളുണ്ടെങ്കിൽ ഈ സംവിധാനം ഉപയോഗിക്കാനാകില്ല. അതുകൊണ്ടുതന്നെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതി കൈവരിച്ച ഒരു സാങ്കേതികവിദ്യയാണ്. കാരണം റോഡിൽ വേഗത കുറഞ്ഞ കാറുകളുണ്ടെങ്കിൽ, സുരക്ഷിതമായ അകലം പാലിക്കുന്നതരത്തിൽ തനിയെ വേഗത കുറയ്ക്കുന്നു. മറ്റ് വാഹനങ്ങളെ തിരിച്ചറിയുംവിധം ക്യാമറകളോ ലേസറുകളോ റഡാറുകളോ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

6. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB) നിങ്ങളുടെ കാർ മറ്റേതെങ്കിലും വാഹനത്തോടോ ഒബ്‌ജക്റ്റിനോടോ വളരെ അടുത്താണോ എന്ന് മനസ്സിലാക്കാൻ ഈ സെൻസറുകൾ ഉപയോഗിക്കുന്നു. കൂടാതെ എന്തെങ്കിലും അപകടസാധ്യത ഒഴവാക്കുന്നതിന് സ്വയമേ ബ്രേക്കുകൾ പ്രയോഗിക്കുന്നു. കാർ പെട്ടെന്ന് നിർത്തേണ്ടിവരുന്ന സാഹചര്യത്തിലാണ് ഈ ഫീച്ചർ ആക്ടിവേറ്റാകുന്നത്.

7. ഹിൽ അസിസ്റ്റ് കൺട്രോൾ

കാർ കുത്തനെയുള്ള കയറ്റത്തിലോ ഇറക്കത്തിലോ നിർത്തിയെടുക്കുന്നത് പരിചയസമ്പന്നരല്ലാത്ത ഡ്രൈവർമാരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരക്കാർക്ക് സഹായകരമായ ഒരു ഫീച്ചറാണ് ഹിൽ അസിസ്റ്റ് കൺട്രോൾ. കയറ്റത്തിൽവെച്ച് കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അൽപ്പനേരത്തേക്ക് കാർ പിന്നിലേക്ക് പോകാതെ ഹോൾഡ് ചെയ്ത് നിർത്താനും, ആ സമയംകൊണ്ട് കാർ മുന്നിലേക്ക് എടുകാനും ഇത് സഹായിക്കും.