‘വീട്ടിൽ നിന്ന് ജനകീയമിറങ്ങി’, ‘പാട്ടയും റോഡിൽ ഉണ്ട്’; പോലീസിനെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർ അറസ്റ്റിൽ | Admins to a WhatsApp group formed to track police officers in Kasargod arrested
കേരള – കർണാടക അതിർത്തി സ്റ്റേഷനായ രാജപുരത്താണ് പോലീസിനെയും മറ്റ് വകുപ്പുകളെയും നിരീക്ഷിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ‘ഫാമിലി’ എന്ന പേരിലുള്ള ഗ്രൂപ്പിൽ ലഹരി സംഘങ്ങൾ, മണൽ മാഫിയ, ഓൺലൈൻ ലോട്ടറി, ചൂതാട്ട സംഘങ്ങൾ എന്നിവരാണ് അംഗങ്ങളായുള്ളത്.
നാലുപേർ അഡ്മിൻമാരാണ്. കേസിൽ അഡ്മിന്മാർ ഉൾപ്പെടെ ഏഴുപേരെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിൽ വോയിസ് മെസ്സേജ് അയച്ച ഇവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. നിലവിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. സൈബർ, ഫോറൻസിക് വിഭാഗങ്ങളുടെ സഹായത്തോടെ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പനത്തടി കുറിഞ്ഞി സ്വദേശി സതീഷാണ് ഗ്രൂപ്പിന്റെ പ്രധാന അഡ്മിൻ. ഇയാളെ പിടികൂടാനായിട്ടില്ല. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 80 അംഗങ്ങളാണുണ്ടായിരുന്നത്. ഇവരിൽ പലരും നിരവധി കേസുകളിലെ പ്രതികളാണ്. മേസെജുകൾ കൈമാറിയ 16 പേർക്കെതിരെയാണ് കേസെടുത്തത്.
ഇവരുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തു തന്നെ പോലീസിനെയും മറ്റു വകുപ്പ് അധികൃതരെയും നിരീക്ഷിച്ച് വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി കൈമാറുന്ന സംഘത്തിനെതിരെയുള്ള ആദ്യ കേസ് കൂടിയാണിത്.
ഇത്തരത്തിൽ കൂടുതൽ ഗ്രൂപ്പുകൾ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞദിവസം പുറത്തുവന്ന കോഡ് വാക്കുകളെ കൂടാതെ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ചില കോഡുകളും പുറത്തുവന്നിട്ടുണ്ട്.
റവന്യൂ സംഘങ്ങൾ റോഡിൽ ഇറങ്ങിയാൽ, യാത്രക്കാരുണ്ടെന്നും, ട്രാൻസ്പോർട്ട് വിഭാഗത്തിൽ വാഹനം ശ്രദ്ധയിൽപ്പെട്ടാൽ ചാകര വന്നെന്നുമാണ് ഗ്രൂപ്പിൽ അറിയിക്കുക. പോലീസ് സ്റ്റേഷനിൽ നിന്ന് ജീപ്പ് പുറപ്പെട്ടാൽ ‘വീട്ടിൽ നിന്ന് ജനകീയമിറങ്ങി’ എന്നും, മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനിലെ ഗൂർക്ക പോലീസ് വാഹനം ഇറങ്ങിയാൽ
‘ബുള്ളറ്റുമായി ലീഡറും ഇറങ്ങി’യിട്ടുണ്ടെന്നുമാണ് കോഡ്. പഴയ പോലീസ് വാഹനം പട്രോളിങ്ങിനിറങ്ങിയാൽ പാട്ടയും റോഡിൽ ഉണ്ടെന്നാണ് കോഡ്.
Summary: Seven people including admins to a WhatsApp group formed to track police officers in Kasargod arrested
Thiruvananthapuram,Kerala
June 28, 2025 11:17 AM IST
‘വീട്ടിൽ നിന്ന് ജനകീയമിറങ്ങി’, ‘പാട്ടയും റോഡിൽ ഉണ്ട്’; പോലീസിനെ നിരീക്ഷിക്കാൻ ഉണ്ടാക്കിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർ അറസ്റ്റിൽ