കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു | first special train from Kerala to Ayodhya begins journey from Kochuveli
Last Updated:
3300 രൂപയാണ് കൊച്ചുവേളിയിൽനിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരം കൊച്ചുവേളിയില്‍ മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ഒ രാജഗോപാല്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 20 കോച്ചുകള്‍ ഉള്ള ആസ്ത ട്രെയിനില്‍ 972 യാത്രക്കാരാണുള്ളത്. ട്രെയിന്‍ 12ന് പുലര്‍ച്ചെ രണ്ട് മണിക്ക് അയോധ്യയില്‍ എത്തും. 13ന് പുലര്‍ച്ചെ അയോധ്യയില്‍ നിന്ന് തിരിച്ച് 15ന് രാത്രി കൊച്ചുവേളിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരണം. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് ട്രെയിനിൽ യാത്ര അനുവദിച്ചിട്ടുള്ളത്. IRCTCയുടെ ആസ്ത സ്പെഷ്യൽ ട്രെയിനാണിത്.
3300 രൂപയാണ് കൊച്ചുവേളിയിൽനിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. യുപിയിലെത്തിയാല്‍ അവിടുത്തെ വളന്റിയര്‍മാര്‍ സൗകര്യങ്ങളൊരുക്കുമെന്നാണ് വിവരം. രാമക്ഷേത്ര ദര്‍ശനത്തിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 ട്രെയിന്‍ സര്‍വീസുകളാണ് നടത്തുന്നത്. അതില്‍ 24 എണ്ണമാണ് കേരളത്തില്‍ നിന്നുള്ളത്. ജനുവരി 30ന് പാലക്കാട് നിന്ന് ആദ്യ സര്‍വീസ് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും അയോധ്യയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനാല്‍ വൈകുകയായിരുന്നു. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കാനാണ് പദ്ധതി.
Thiruvananthapuram,Kerala
February 09, 2024 4:47 PM IST