Leading News Portal in Kerala

ആശ്രമത്തിന്റെ മറവിൽ ലഹരി; രണ്ട് കിലോ കഞ്ചാവുമായി സ്വയം പ്രഖ്യാപിത യോഗ ഗുരു സോനു അറസ്റ്റിൽ | Yoga guru held for drug racket op in garb of ashram


Last Updated:

വിദേശികൾ ഉൾപ്പെടെ പലർക്കും ക്രാന്തി യോഗ പഠിപ്പിച്ചുകൊണ്ട് ഗുരു സോനു ‘ദി ക്രാന്തി’ എന്ന സംഘടന നടത്തിയിരുന്നു

തരുൺ ക്രാന്തി അഗർവാൾ എന്നറിയപ്പെടുന്ന സോനുവിന്റെ മാതാപിതാക്കൾ ബിസിനസുകാരാണ്തരുൺ ക്രാന്തി അഗർവാൾ എന്നറിയപ്പെടുന്ന സോനുവിന്റെ മാതാപിതാക്കൾ ബിസിനസുകാരാണ്
തരുൺ ക്രാന്തി അഗർവാൾ എന്നറിയപ്പെടുന്ന സോനുവിന്റെ മാതാപിതാക്കൾ ബിസിനസുകാരാണ്

റായ്പൂർ: ആശ്രമത്തിന്റെ മറവിൽ ലഹരി വില്പന നടത്തിയ സ്വയം പ്രഖ്യാപിത യോ​ഗാ ​ഗുരു അറസ്റ്റിൽ. ഗോവയിൽ നിന്നെത്തി ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ഒരു ആശ്രമം സ്ഥാപിച്ച 45 കാരനായ തരുൺ ക്രാന്തി അഗർവാൾ എന്ന സോനുവാണ് അറസ്റ്റിലായത്. ഇയാളുടെ ആശ്രമത്തിൽ നിന്നും രണ്ട് കിലോ​ഗ്രാം കഞ്ചാവ് പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

ആശ്രമത്തിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ഒരു ദശാബ്ദക്കാലം ഗോവയിൽ ചെലവഴിച്ചതിന് ശേഷമാണ് പ്രതി ഛത്തീസ്ഗഡിലേക്ക് എത്തിയത്.

വിദേശികൾ ഉൾപ്പെടെ പലർക്കും ക്രാന്തി യോഗ പഠിപ്പിച്ചുകൊണ്ട് അദ്ദേഹം ‘ദി ക്രാന്തി’ എന്ന സംഘടന നടത്തിയിരുന്നു. ഛത്തീസ്ഗഡിലേക്ക് എത്തിയതിന് ശേഷം ഡോൺഗർഗഡ് ക്ഷേത്രത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി പ്രജ്ഞ ഗിരി കുന്നുകൾക്ക് സമീപം അഞ്ച് ഏക്കർ സ്ഥലം ഇയാൾ വാങ്ങിയിരുന്നു. ഇവിടെ ആശ്രമം സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനിടയിലാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്തവർക്കും വിനോദസഞ്ചാരികൾക്കും ഇയാൾ മയക്കുമരുന്ന് നൽകുന്നുവെന്ന വിവരം ഡോൺഗർഗഡ് പൊലീസിന് ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കഞ്ചാവുമായി സ്വയം പ്രഖ്യാപിത യോ​ഗാ ​ഗുരു പിടിയിലായത്.

‘സ്ഥലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വിവരം തുടർന്ന് ജൂൺ 25-ന് ഞങ്ങൾ പരിശോധനയും നടത്തി. ഇയാളുടെ കൈയ്യിൽ നിന്നും 1.993 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇയാൾ സ്ഥലത്ത് മയക്കുമരുന്ന് വിറ്റിരുന്നതായി ഞങ്ങൾ സംശയിക്കുന്നു,”- രാജ്നന്ദ്ഗാവ് പൊലീസ് സൂപ്രണ്ട് മോഹിത് ഗാർഗ് പറഞ്ഞു.

തരുൺ ക്രാന്തി അഗർവാൾ എന്നറിയപ്പെടുന്ന സോനുവിന്റെ മാതാപിതാക്കൾ ബിസിനസുകാരാണ്. ഡോൺഗർഗഡ് സ്വദേശിയായ ഇയാൾ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വീട് വിട്ടിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. താൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും പത്ത് എൻ‌ജി‌ഒകൾ നടത്തുന്നുണ്ടെന്നുമാണ് തരുണിന്റെ അവകാശവാദം. സോനുവിന്റെ പാസ്‌പോർട്ട് പിടിച്ചെടുക്കുമെന്നും അയാൾ പരാമർശിക്കുന്ന എൻ‌ജി‌ഒകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.