Leading News Portal in Kerala

നമ്മുടെ യുപിഐ ഇനി നമീബിയയിലും; പ്രധാനമന്ത്രി മോദി നാല് ഉഭയകക്ഷി കരാറില്‍ ഒപ്പ് വെച്ചു|UPI is now available in Namibia PM Modi signs four bilateral agreements


ഡിജിറ്റല്‍ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നിര്‍ണായകമായ ധാതുക്കൾ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എന്‍പിസിഐ(നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യും ബാങ്ക് ഓഫ് നമീബിയയും തമ്മില്‍ യുപിഐ സാങ്കേതികവിദ്യ ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവെച്ചിരുന്നു.  ഈ വര്‍ഷം അവസാനം നമീബിയയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

നമീബിയയില്‍ ഒരു സംരംഭകത്വ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിലും ആരോഗ്യ, വൈദ്യശാസ്ത്ര മേഖലയിലെ സഹകരണം സംബന്ധിച്ച മറ്റൊരു കരാറിലും പ്രധാനമന്ത്രി മോദിയും നമീബിയന്‍ പ്രസിഡന്റും ഒപ്പുവെച്ചു. ഇന്ത്യയുടെ പിന്തുണയുള്ള സിഡിആര്‍ഐ(ദുരന്ത പ്രതിരോധമേഖലയിലെ സഹകരണം)യിലും ഗ്ലോബല്‍ ബയോഫ്യൂവല്‍സ് അലയന്‍സിലും നമീബിയ ചേര്‍ന്നു.

പ്രതിനിധി സംഘങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ-നമീബിയ ബന്ധത്തിലെ എല്ലാ ശ്രേണികളും ഇരുനേതാക്കളും അവലോകനം ചെയ്തു. ”ഡിജിറ്റല്‍ സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളിലെ സഹകരണം ഞങ്ങളുടെ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നുവന്നു,” കൂടിക്കാഴ്ചയ്ക്ക് ശേഷം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു. ”വ്യാപാരം, ഊര്‍ജം, പെട്രോകെമിക്കല്‍ എന്നിവയിലെ സഹകരണം വര്‍ധിപ്പിക്കാമെന്നും ഞങ്ങള്‍  ചര്‍ച്ച ചെയ്തു. പ്രോജക്ട് ചീറ്റയ്ക്ക് നമീബിയ നല്‍കി വരുന്ന സഹായത്തിന് നന്ദി അറിയിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ക്ക് ശേഷം ആരോഗ്യം-വൈദ്യശാസ്ത്രമേഖലയിലെ സഹകരണം, നമീബിയയില്‍ ഒരു സംരംഭകത്വ വികസന കേന്ദ്രം സ്ഥാപിക്കല്‍, സിടിആര്‍ഐ ഫ്രെയിംവര്‍ക്ക്, ഗ്ലോബല്‍ ബയോഫ്യൂവല്‍സ് അലയന്‍സ് ഫ്രെയിംവര്‍ക്ക് എന്നിവയുള്‍പ്പെടെ നാല് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാദ്യമായാണ് നമീബിയ സന്ദര്‍ശിക്കുന്നത്. ബ്രസീലില്‍ വെച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം നമീബിയയില്‍ എത്തിയത്. നമീബിയയുടെ സ്ഥാപകനേതാവ് സാം നുജോമയ്ക്ക് ഹീറോസ് ഏക്കര്‍ സ്മരകത്തില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. 1990ല്‍ നമീബിയയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് നുജോമ. അദ്ദേഹം 15 വര്‍ഷത്തോളം നമീബിയയുടെ പ്രസിഡന്റായിരുന്നു. നമീബിയയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവാണ് നുജോമയെന്ന് മോദി അനുസ്മരിച്ചു. നമീബിയയെ ആഫ്രിക്കയിലെ വിലപ്പെട്ടതും വിശ്വസനീയവുമായ പങ്കാളി എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി മോദിക്ക് സ്‌റ്റേറ്റ് ഹൗസില്‍ ആചാരപരമായ വരവേല്‍പ്പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയിരുന്നു. 21 ഗണ്‍ സല്യൂട്ട് നല്‍കിയാണ് അദ്ദേഹത്തെ രാജ്യം സ്വീകരിച്ചത്.