ലോക ജനസംഖ്യാ ദിനത്തിൽ ഓർക്കാം; ഈ വര്‍ഷം ലോകത്ത് ജനസംഖ്യ 823 കോടി കവിയും | On this world population day know that global population is poised to to cross 823 crores
നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കള്‍ ആഗ്രഹിക്കുന്നതുപോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രമേയം.
1989-ലാണ് ഐക്യരാഷ്ട്രസഭ ജൂലായ് 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. 1987 ജൂലായ് 11-ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ജനസംഖ്യാപരമായ വെല്ലുവിളികളെ കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്.
ലോക ബാങ്കിലെ മുതിര്‍ന്ന ജനസംഖ്യാ ശാസ്ത്രജ്ഞനായ ഡോ. കെസി സക്കറിയയാണ് ജൂലായ് 11-ന് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ലോക ജനസംഖ്യ 500 കോടിയില്‍ എത്തിയ 1987 ജൂലായ് 11-ന് ‘5 ബില്യണ്‍ ഡേ’യില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടായിരുന്നു ഇത്.
ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിലൂടെ ജനസംഖ്യാപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന്റെയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആഗോള പ്രാധാന്യം എടുത്തുക്കാണിക്കാനാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്.
എന്നാല്‍ കാലക്രമേണ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം ജനസംഖ്യാ വളര്‍ച്ചയില്‍ നിന്നും മാതൃ ആരോഗ്യം, ശിശുക്ഷേമം, കുടുംബാസൂത്രണം തുടങ്ങിയ വിശാലമായ വിഷയങ്ങളിലേക്ക് മാറി. മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രത്യേകിച്ച് പ്രത്യുല്‍പാദന അവകാശങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കാനുള്ള വേദിയായി ലോക ജനസംഖ്യാ ദിനം മാറിയിരിക്കുന്നു.
ജനസംഖ്യാ വളര്‍ച്ച ആഗോള പരിസ്ഥിതിയിലും വിഭവങ്ങളുടെ ലഭ്യതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ പ്രത്യുല്‍പാദന ആരോഗ്യ, കുടുംബാസൂത്രണ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനം നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ലിംഗ സമത്വം, യുവജന ശാക്തീകരണം, വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും തുല്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.
ഇന്ത്യ- 146 കോടി
ചൈന- 142 കോടി
യുഎസ്- 34.7 കോടി
ഇന്തോനേഷ്യ- 28.6 കോടി
പാക്കിസ്ഥാന്‍-25.5 കോടി
നൈജീരിയ- 23.8 കോടി
ബ്രസീല്‍-21.3 കോടി
ബംഗ്ലാദേശ്- 17.6 കോടി
റഷ്യ- 14.4 കോടി
എത്യോപ്യ- 13.5 കോടി
Thiruvananthapuram,Kerala
July 11, 2025 10:14 AM IST