ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ‘ഭർതൃപീഡനം നേരിട്ടിരുന്നു’| kollam woman and daughter death in sharjah voice clips alleges domestic violence is out
Last Updated:
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.
കൊല്ലം: ഷാര്‍ജയിൽ കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി ജീവനൊടുക്കിയത് ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് പരാതി. കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.
‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്‌ളാറ്റ് വേണം സുഖിക്കണം. മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം. എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു. അത് ഞാന്‍ വാങ്ങിച്ചു. സ്വര്‍ണം ഞാന്‍ കൊടുത്തിട്ടില്ല. എനിക്ക് നിധീഷ് ഒന്നും വാങ്ങിച്ച് തരാന്‍ പാടില്ല, എന്നെ എങ്ങോട്ടും കൊണ്ടുപോകാന്‍ പാടില്ല. ഇത് എന്റെ ഭാര്യാണ്, എന്റെ കുഞ്ഞാണ് എന്ന ചിന്ത നിധീഷിനില്ല. സ്വയം അടിച്ച് പൊളിച്ച് നടക്കണം. ദിവസങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തണം. കുഞ്ഞ് ആയതിന് മുമ്പ് ഇത്രയും പ്രശ്‌നം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞായതിന് ശേഷം അവനുംകൂടെ ചേര്‍ന്നു’ പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ വിപഞ്ചിക പറയുന്നു.
വിപഞ്ചിക ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഫയലിങ് ക്ലാര്‍ക്കായിരുന്നു. ദുബായില്‍ത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാല്‍ക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭര്‍ത്താവ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക യുഎഇയിലാണ് ജോലിചെയ്യുന്നത്. നാലരവര്‍ഷം മുന്‍പായിരുന്നു വിവാഹം.
വിവാഹമോചനത്തിനായി ഇരുവരും നിയമനടപടികള്‍ ആരംഭിച്ചിരുന്നതായും വിപഞ്ചികയുടെ ബന്ധു പറയുന്നു. അതേസമയം മരണകാരണം ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം 16ന് നാട്ടിലെത്തിക്കാനാകുമെന്ന് ബന്ധുക്കള്‍ കരുതുന്നു. സംസ്‌കാരം പിന്നീട് മാതൃസഹോദരന്റെ വീടായ പൂട്ടാണിമുക്ക് സൗപര്‍ണികയില്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Kollam,Kollam,Kerala
July 11, 2025 11:12 AM IST
ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ‘ഭർതൃപീഡനം നേരിട്ടിരുന്നു’