Leading News Portal in Kerala

Champions Trophy| രചിൻ രവീന്ദ്രക്കും വില്യംസണും സെഞ്ചുറി; കീവിസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ വിജയലക്ഷ്യം| champions trophy semi final new zealand vs south africa match updates


Last Updated:

ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് ന്യൂസീലൻഡ് നേടിയത്

(AP)(AP)
(AP)

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 363 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ന്യൂസീലന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. രചിന്‍ രവീന്ദ്രയുടെയും കെയ്ന്‍ വില്യംസന്റെയും സെഞ്ചുറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും അതിവേഗ ഇന്നിങ്‌സുകളുമാണ് കിവീസിന് വമ്പൻ സ്കോർ സമ്മാനിച്ചത്.

വില്‍ യങ് – രചിന്‍ രവീന്ദ്ര ഓപ്പണിങ് സഖ്യം മിക്ക തുടക്കമാണ് സമ്മാനിച്ചത്. 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യങ്ങിനെ മടക്കി ലുങ്കി എന്‍ഗിഡിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. എന്നാല്‍, രചിനൊപ്പം രണ്ടാം വിക്കറ്റില്‍ വില്യംസണ്‍ കൂടി ചേർന്നതോടെ കിവീസിന്റെ ബാറ്റിങ് വിരുന്നായിരുന്നു.

രചിന്‍ യഥേഷ്ടം റണ്‍സടിച്ചുകൂട്ടിയപ്പോള്‍ വില്യംസണ്‍ ശ്രദ്ധയോടെ ബാറ്റ് വീശി. നിലയുറപ്പിച്ചതോടെ വില്യംസൺ ഗിയര്‍ മാറ്റി. ഇരുവരും ചേര്‍ന്നെടുത്ത 164 റണ്‍സാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ല്. അഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച രചിന്‍ 101 പന്തില്‍നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 108 റണ്‍സെടുത്തു. 34-ാം ഓവറില്‍ രചിനെ പുറത്താക്കി കാഗിസോ റബാദയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

15-ാം സെഞ്ചുറി കുറിച്ച വില്യംസണ്‍ 94 പന്തില്‍ നിന്ന് 102 റണ്‍സെടുത്തു. രണ്ടു സിക്‌സും 10 ഫോറുമടങ്ങുന്നതായിരുന്നു വില്യംസന്റെ ഇന്നിങ്‌സ്. പിന്നാലെ കാര്യമായ സംഭാവനകളില്ലാതെ ടോം ലാഥം (4) മടങ്ങി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ കിവീസിന്റെ റണ്‍റേറ്റ് ഇടയ്ക്ക് താഴ്ന്നു. എന്നാല്‍, അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ – ഗ്ലെന്‍ ഫിലിപ്‌സ് സഖ്യം കിവീസ് ഇന്നിങ്‌സിനെ വീണ്ടും ടോപ് ഗിയറിലാക്കി. 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് സ്‌കോര്‍ 300 കടത്തിയത്. പിന്നാലെ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്ണകലെ മിച്ചല്‍ മടങ്ങി. 37 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 49 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസ് സ്‌കോര്‍ 362ല്‍ എത്തിച്ചത്. 27 പന്തുകള്‍ നേരിട്ട ഫിലിപ്‌സ് ഒരു സിക്‌സും ആറ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്കല്‍ ബ്രേസ്‌വെല്‍ 16 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്നും റബാദ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Summary: Centuries from Rachin Ravindra and Kane Williamson, followed by quickfire outings from Glenn Phillips, Daryl Mitchell helped NZ post a mammoth 362 runs on the board, the highest-ever total in Champions Trophy history.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Champions Trophy| രചിൻ രവീന്ദ്രക്കും വില്യംസണും സെഞ്ചുറി; കീവിസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ വിജയലക്ഷ്യം