1340 ക്രിക്കറ്റ് ബോളിന് ഒരു കോടി രൂപ; ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അറസ്റ്റിൽ | Hyderabad cricket association president arrested for the rs 1 crore scam for 1340 cricket balls
Last Updated:
കുറഞ്ഞത് 2.32 കോടി രൂപയുടെയെങ്കിലും ഫണ്ട് തിരിമറി നടന്നതായി തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഫണ്ട് ദുരുപയോഗവുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു അറസ്റ്റിലായി. ക്രിക്കറ്റ് ബോളുകള്‍, എയര്‍ കണ്ടീഷണറുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, പ്ലംബിക് വസ്തുക്കള്‍ എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് എ. ജഗന്‍ മോഹന്‍ റാവു, അസോസിയേഷന്‍ ട്രഷറര്‍ സി.ജെ. ശ്രീനിവാസ് റാവു, ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ സുനില്‍ കാന്തെ എന്നിവർ ചേര്‍ന്ന് ഫണ്ട് ദുരുപയോഗം ചെയ്തതായി തെലങ്കാന സിഐഡി അറിയിച്ചു. ജൂലൈ 9ന് മൂന്നുപേരെയും പോലീസ് അറസ്റ്റു ചെയ്തു.
കുറഞ്ഞത് 2.32 കോടി രൂപയുടെയെങ്കിലും ഫണ്ട് തിരിമറി നടന്നതായി തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ ആറ് കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ചാര്‍ത്തിയിരിക്കുന്നത്. അതില്‍ കാറ്ററിംഗ് സേവനങ്ങള്‍ അനുവദിച്ചതും ഇലക്ട്രിക് വസ്തുക്കള്‍ വാങ്ങിയതുമെല്ലാം ഉള്‍പ്പെടുന്നു.
തെലങ്കാന ക്രിക്കറ്റ് അസോസിയേഷന്‍ ജനറള്‍ സെക്രട്ടറി ഡി ഗുരുവ റെഡ്ഡി 2025 ജൂണ്‍ 9ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ബിസിസിഐയ്ക്ക് വേണ്ടി 2024-25 ആഭ്യന്തര ക്രിക്കറ്റ് മത്സരത്തില്‍ പന്തുകള്‍ വാങ്ങുന്നതിനായി ജഗന്‍ മോഹന്‍ റാവുവും എച്ച്‌സിഎയിലെ ഉന്നത സമിതിയിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ചേര്‍ന്ന് 1.03 കോടി രൂപ ദുരുപയോഗം ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു. ”1.03 കോടി രൂപയ്ക്ക് വെറും 1340 ബോളുകളാണ് വാങ്ങിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബോളുകളുടെ വാങ്ങള്‍ നടപടിയില്‍ റാവു ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ലംഘിച്ചു. സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിച്ചില്ല,” എഫ്‌ഐആറില്‍ പറയുന്നു.
സമാനമായ രീതിയില്‍ എയര്‍ കണ്ടീഷണറുകള്‍ വാങ്ങുന്നതിനായി 11.85 ലക്ഷം രൂപ വഴിവിട്ട് ചെലവഴിച്ചതായും പരാതിയില്‍ പറയുന്നു.
2023-24, 2024-25 ഐപിഎല്‍ സീസണുകളില്‍ പംബ്ലിംഗ് വസ്തുക്കള്‍ വാങ്ങിയതില്‍ 21.7 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. ഇതേ രീതിയില്‍ 2024-25 ഐപിഎല്‍ സീസണില്‍ ഇലക്ട്രിക് വസ്തുക്കള്‍ വാങ്ങിയതില്‍ 6.85 ലക്ഷം രൂപ ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്.
ബിസിസിഐ ആഭ്യന്തര സീസണില്‍ സ്വകാര്യ കച്ചവടക്കാരന് 31.07 ലക്ഷം രൂപയ്ക്ക് കാറ്ററിംഗ് സര്‍വീസ് ഏല്‍പ്പിച്ചതായും വസ്ത്രം വാങ്ങുന്നതിന്റെ പേരില്‍ 56.84 ലക്ഷം രൂപ വഴിവിട്ട് ചെലവഴിച്ചതായും എഫ്‌ഐആറില്‍ ആരോപിക്കുന്നു.
2023ലെ എച്ച്‌സിഎ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാവുവും മറ്റ് രണ്ടുപേരും വ്യാജരേഖ ചമച്ചതായും ആരോപണമുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആവശ്യമായ ക്രിക്കറ്റ് ക്ലബ് അംഗത്വം റാവു വ്യാജമായി സൃഷ്ടിച്ചെടുത്തതായാണ് ആരോപണം. ഗൗളിപുര ക്രിക്കറ്റ് ക്ലബ്ബിന്റെ രണ്ട് ഉന്നത ഉദ്യോഗസ്ഥരായ സി രാജേന്ദര്‍ യാദവിനെയും ജി കവിതയെയും ഈ കേസുമായി ബന്ധപ്പെട്ട് ജൂലൈ 9ന് അറസ്റ്റ് ചെയ്തിരുന്നു.
ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉദ്യോഗസ്ഥരെ റാവുവും അറസ്റ്റിലായ എച്ച്‌സിഎയുടെ മറ്റ് ഭാരവാഹികളും തടഞ്ഞുവെച്ചതായും ആരോപണമുണ്ട്. കോംപ്ലിമെന്ററി ടിക്കറ്റുകളുടെയും കോര്‍പ്പറേറ്റ് ബോക്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെയും പേരില്‍ ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക് മെയില്‍ ചെയ്യല്‍ എന്നീ ആരോപണങ്ങളും ഈ പരാതിയില്‍ ഉള്‍പ്പെടുന്നതായി എഡിജിപി സിഐഡി ചാരു സിന്‍ഹ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.
Thiruvananthapuram,Kerala
July 11, 2025 5:06 PM IST