Leading News Portal in Kerala

Champions Trophy 2025 | ഇംഗ്ലണ്ടിന് അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി; ഗ്രൂപ്പ് ബിയില്‍നിന്നുള്ള സെമി യോഗ്യതാ സാധ്യതകള്‍| Champions Trophy 2025 qualification scenarios in Group B after England knocked out by Afghanistan


Last Updated:

അവസാന ഗ്രൂപ്പ്-ഘട്ട മത്സരങ്ങള്‍ക്ക് മുമ്പുള്ള ഗ്രൂപ്പ് ബി യോഗ്യതാ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം

Image: ReutersImage: Reuters
Image: Reuters

ബുധനാഴ്ച നടന്ന ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റണ്ണിന് തോറ്റതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണ്. ഈ ഫലത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ഇപ്പോള്‍ മൂന്ന് ടീമുകൾക്കാണ് സാധ്യതയുള്ളത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ എന്നിവ സെമി ഫൈനല്‍ സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടത്തിലാണ്. ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡും ഇതിനകം തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

അവസാന ഗ്രൂപ്പ്-ഘട്ട മത്സരങ്ങള്‍ക്ക് മുമ്പുള്ള ഗ്രൂപ്പ് ബി യോഗ്യതാ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം. പ്രബലരായ ഓസ്‌ട്രേലിയ തികഞ്ഞ ആത്മവിശ്വാസമുള്ള അഫ്ഗാനിസ്ഥാനെ നേരിടും. അതേസമയം, കരുത്തരായ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെയും നേരിടും.

ദക്ഷിണാഫ്രിക്കയുടെ സെമി യോഗ്യത

ദക്ഷിണാഫ്രിക്ക നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലുള്ള അവരുടെ അവസാന മത്സരം ഇതിനോടകം പുറത്തായ ഇംഗ്ലണ്ടിനോടാണ്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചാല്‍ മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ തന്നെ അവര്‍ നേരിട്ട് സെമി സ്ഥാനം ഉറപ്പിക്കും.

എന്നാല്‍, ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് തോറ്റാല്‍, അവരുടെ വിധി ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തിന്റെ ഫലത്തിന്റെ ആശ്രയിച്ചിരിക്കും. അങ്ങനെയെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് യോഗ്യത നേടണമെങ്കില്‍ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍, ഓസ്‌ട്രേലിയയെ മറികടക്കാന്‍ ദക്ഷിണാഫ്രിക്ക മികച്ച നെറ്റ് റണ്‍ റേറ്റിനെ ആശ്രയിക്കേണ്ടി വരും.

ഓസ്‌ട്രേലിയയുടെ യോഗ്യത

രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഓസ്‌ട്രേലിയ നേടിയിരിക്കുന്നത്. അവര്‍ അവസാന ലീഗ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ഓസ്‌ട്രേലിയ വിജയിച്ചാല്‍ അവര്‍ നേരിട്ട് സെമി ഫൈനലിലേക്ക് കടക്കും.

അതേസമയം, അഫ്ഗാനോട് പരാജയപ്പെട്ടാല്‍, ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ മാത്രമെ ഓസ്‌ട്രേലിയയ്ക്ക് സെമി ഉറപ്പിക്കാനാവൂ. കൂടാതെ നെറ്റ് റണ്‍ റേറ്റിനെയും ആശ്രയിക്കേണ്ടി വരും. കാരണം, ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയും മൂന്ന് പോയിന്റുമായി തുല്യനിലയിലെത്തും. ഇംഗ്ലണ്ടിനെതിരേ പരാജയപ്പെട്ടാലും ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍ റേറ്റ് ഉയര്‍ന്ന നിലയിലാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് പകരം ദക്ഷിണാഫ്രിക്ക സെമയില്‍ കടക്കുകയും ചെയ്യും.

അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തുമോ?

രണ്ട് മത്സരങ്ങളില്‍ നിന്നായി അഫ്ഗാനിസ്ഥാന്‍ രണ്ട് പോയിന്റാണ് നേടിയിരിക്കുന്നത്. സെമി ഫൈനലില്‍ എത്താന്‍ ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരേ വിജയിച്ചാല്‍ അവര്‍ക്ക് നാല് പോയിന്റ് ലഭ്യമാകും. മറ്റ് ഫലങ്ങളൊന്നും പരിഗണിക്കാതെ തന്നെ അവര്‍ സെമിഫൈനല്‍ ഉറപ്പിക്കുകയും ചെയ്യും.

ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പുറത്തായതിനാല്‍ ഗ്രൂപ്പ് ബിയിലെ അവസാന രണ്ട് മത്സരങ്ങള്‍ സെമി ഫൈനലിലെത്തുന്ന ടീമുകളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും താരതമ്യേന ശക്തമായ സ്ഥാനങ്ങളിലാണ് ഉള്ളത്. എന്നാല്‍, ഓസീസിനെ തോല്‍പ്പിച്ച് സെമിഫൈനല്‍ ഉറപ്പിക്കാന്‍ അഫ്ഗാന്റെ മുന്നില്‍ സുവര്‍ണാവസരമാണുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Champions Trophy 2025 | ഇംഗ്ലണ്ടിന് അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി; ഗ്രൂപ്പ് ബിയില്‍നിന്നുള്ള സെമി യോഗ്യതാ സാധ്യതകള്‍