Ranji Trophy Final| മികച്ച തുടക്കം പാഴാക്കി കേരളം; രഞ്ജി ഫൈനലില്‍ ആദ്യദിനം വിദര്‍ഭയ്ക്ക് മേല്‍ക്കൈ| ranji trophy final kerala vs vidarbha first day at nagpur
Last Updated:
Ranji Trophy Final Kerala Vs Vidarbha: 24 റണ്‍സ് നേടുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ വിദര്‍ഭയെ സെഞ്ചുറി നേടിയ ഡാനിഷ് മലേവാറും മലയാളി താരം കരുണ്‍ നായരും ചേര്‍ന്ന കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സെഞ്ചുറി നേടിയ ഡാനിഷ് മലേവാര്‍ പുറത്താകാതെ നില്‍ക്കുകയാണ്
നാഗ്പൂര്‍: ചരിത്ര ഫൈനലില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ആധിപത്യം നിലനിർത്താനാകാതെ കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. 24 റണ്‍സ് നേടുന്നതിനിടെ 3 വിക്കറ്റുകള്‍ നഷ്ടമായ വിദര്‍ഭയെ സെഞ്ചുറി നേടിയ ഡാനിഷ് മലേവാറും മലയാളി താരം കരുണ്‍ നായരും ചേര്‍ന്ന കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. സെഞ്ചുറി നേടിയ ഡാനിഷ് മലേവാര്‍ പുറത്താകാതെ നില്‍ക്കുകയാണ്.
ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബൗളര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. കളി തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പാര്‍ഥ് റെഖഡെ പുറത്തായി. പാര്‍ഥിനെ നിധീഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കുകയായിരുന്നു. പത്ത് റൺ സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരു റണ്ണെടുത്ത ദര്‍ശന്‍ നല്‍ഖണ്ഡയെയും നിധീഷ് തന്നെ പുറത്താക്കി. 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കിയതോടെ 3 വിക്കറ്റിന് 24 റണ്‍സെന്ന നിലയിലായിരുന്നു വിദര്‍ഭ.
നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഡാനിഷ് മലേവാറിന്റെയും കരുണ്‍ നായരുടെയും കൂട്ടുകെട്ടാണ് വിദര്‍ഭ ഇന്നിങ്‌സില്‍ നിർണായകമായത്. വളരെ കരുതലോടെ ബാറ്റ് വീശിയ ഇരുവരും സാവധാനത്തിലാണ് ഇന്നിങ്‌സ് മുന്നോട്ട് നീക്കിയത്. എന്നാല്‍ അർധ സെഞ്ചുറിയിലേക്ക് അടുത്തതോടെ ഡാനിഷ് മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു. 104 പന്തുകളില്‍ നിന്ന് 50 തികച്ച ഡാനിഷ് 168 പന്തുകളില്‍ നിന്ന് രഞ്ജിയിലെ രണ്ടാം സെഞ്ചുറി പൂര്‍ത്തിയാക്കി. മറുവശത്ത് കരുണ്‍ നായര്‍ ഉറച്ച പിന്തുണ നൽകി. 125 പന്തുകളില്‍ നിന്നാണ് കരുണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
അവസാന സെഷനില്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരുമ്പോഴാണ് കരുണ്‍ റണ്ണൗട്ടായത്. ന്യൂ ബോളെടുത്ത് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീണു. മുഹമ്മദ് അസ്ഹറുദ്ദീന്റെ കയ്യില്‍ നിന്ന് പന്ത് വഴുതിയകന്നതോടെ റണ്ണിനായി ഓടിയ കരുണിനെ മികച്ചൊരു ഡയറക്ട് ത്രോയിലൂടെ രോഹന്‍ കുന്നുമ്മല്‍ പുറത്താക്കുകയായിരുന്നു. 188 പന്തുകളില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കം 86 റണ്‍സാണ് വരുണ്‍ നേടിയത്. കളി നിര്‍ത്തുമ്പോള്‍ 138 റണ്‍സോടെ ഡാനിഷ് മലേവാറും 5 റണ്‍സോടെ യഷ് താക്കൂറും ആണ് ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് കേരളം കളിക്കാന്‍ ഇറങ്ങിയത്. വരുണ്‍ നായനാര്‍ക്ക് പകരം ഏദന്‍ ആപ്പിള്‍ ടോമിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
Nagpur,Nagpur,Maharashtra
February 26, 2025 8:23 PM IST