കെനിയയില്‍ മരിച്ച മലയാളികളില്‍ 18മാസം പ്രായമുള്ള കുഞ്ഞും 8 വയസുകാരിയും; വില്ലനായത് കനത്ത മഴ| kenya bus accident 18-month-old baby and an 8-year-old girl were among the Malayalis who died
Last Updated:
14 മലയാളികളായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്
കെനിയയിലെ ബസ് അപകടത്തില്‍ മരിച്ച 6 പേരില്‍ അഞ്ചും മലയാളികള്‍. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. ഖത്തറില്‍നിന്ന് ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കെനിയയിലേക്ക് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.
പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവല്ല സ്വദേശിനി ഗീത ഷോജി ഐസക് (58), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര മാസം) എന്നിവരാണ് മരിച്ചത്. ജസ്‌നയുടെ ഭര്‍ത്താവ് വെങ്കിടങ്ങ് തൊയക്കാവ് മാടക്കായില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് പരിക്കേറ്റ് ആശുപത്രിയിലാണ്.
നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉരുളക്കിഴങ്ങ് തോട്ടത്തിലേക്കാണ് ബസ് മറിഞ്ഞത്. കെനിയയിലെ ഓളോ ജൊറോക്-നകൂറു റോഡില്‍ ഗിച്ചാഖ മേഖലയിലായിരുന്നു അപകടം.
അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദ്ലിസാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുത്തനെ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. ബസ് പലതവണ മലക്കംമറിഞ്ഞാണ് താഴ്ചയിലേക്കു പതിച്ചത്. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി. ഇന്ന് ഖത്തറിലേക്കു മടങ്ങാനിരിക്കെയാണ് അപകടം.
New Delhi,New Delhi,Delhi
June 11, 2025 8:38 AM IST