Leading News Portal in Kerala

ഗുജറാത്തിൽ രണ്ടാമത്തെ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ മാരുതി; 35,000 കോടി രൂപ ചെലവഴിക്കും| Maruti to invest Rs 35,000 crore to set up 2nd manufacturing plant in Gujarat


Last Updated:

2028-29 സാമ്പത്തിക വർഷത്തിൽ പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും

ഗുജറാത്തിൽ രണ്ടാമത്തെ കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ 35,000 കോടി രൂപ നിക്ഷേപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷൻ പ്രസിഡന്റ് തോഷിഹിറോ സുസുക്കി. 2030-31 ഓടെ വാർഷിക ഉത്പാദന ശേഷി 40 ലക്ഷം യൂണിറ്റായി ഉയർത്താനാണ് പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. 2028-29 സാമ്പത്തിക വർഷത്തിൽ പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കും.

” ഗുജറാത്തിലെ രണ്ടാമത്തെ കാർ പ്ലാന്റിന്റെ നിർമാണത്തിനായി ഞങ്ങൾ 35,000 കോടി രൂപ നിക്ഷേപിക്കും. ഇത് പ്രതിവർഷം ഒരു ദശലക്ഷം യൂണിറ്റുകൾ കൂടി ഉൽപ്പാദിപ്പിക്കും ” എന്ന് സുസുക്കി വ്യക്തമാക്കി. രണ്ടാമത്തെ പ്ലാന്റ് യാഥാർത്ഥ്യമാകുന്നതോടെ ഗുജറാത്തിലെ വാർഷിക ഉൽപ്പാദന ശേഷി 2 ദശലക്ഷം (20 ലക്ഷം) യൂണിറ്റാകുമെന്നും നിലവിൽ സുസുക്കി മോട്ടോർ ഗുജറാത്തിൽ 10 ലക്ഷം യൂണിറ്റ് ആണ് നിർമ്മിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

നിർമ്മാണ വ്യവസായങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഫലമായാണ് ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയായി ഇന്ത്യ മാറിയതെന്നും സുസുക്കി അഭിപ്രായപ്പെട്ടു.

“ഇന്ത്യയിലും ഞങ്ങൾ ഉത്പാദന ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു. 10 വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച്, ഈ സാമ്പത്തിക വർഷം വാഹന ഉത്പാദനത്തിൽ 1.7 മടങ്ങും കയറ്റുമതി വിൽപ്പനയിൽ 2.6 മടങ്ങും വർധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു ” എന്നും സുസുക്കി പറഞ്ഞു. ഇതിനുപുറമേ സുസുക്കി ഗ്രൂപ്പിൽ നിന്നുള്ള ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനം (ബിഇവി) ഈ വർഷം അവസാനത്തോടെ സുസുക്കി മോട്ടോർ ഗുജറാത്തിൽ പുറത്തിറക്കുമെന്നും അറിയിച്ചു.

ഈ മോഡൽ ഇന്ത്യക്ക് പുറമേ ജപ്പാനിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും സുസുക്കി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഭാവിയിൽ ബിഇവി ഉത്പാദനം വിപുലീകരിക്കുന്നതിനായി, 3,200 കോടി രൂപ സുസുക്കി മോട്ടോർ ഗുജറാത്തിൽ നിക്ഷേപിക്കുമെന്നും സുസുകി ഉറപ്പു നൽകി. ഇന്ത്യയിൽ വാഹന നിർമാതാക്കൾ ചാണകത്തിൽ നിന്ന് ബയോഗ്യാസ് ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും ബനാസ് ഡയറിയും ചേർന്ന് ഗുജറാത്തിൽ നാല് ബയോഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണം സുസുക്കി ആരംഭിച്ചു കഴിഞ്ഞു.

2030-31 ഓടെ ഏകദേശം 28 വ്യത്യസ്ത മോഡലുകൾ വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് കമ്പനി. നിലവിൽ ഹരിയാനയിലലെയും ഗുജറാത്തിലും സുസുക്കിയുടെ രണ്ട് പ്ലാന്റുകളിലായി പ്രതിവർഷം 22 ലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദന ശേഷിയുണ്ട് എന്നാണ് വിലയിരുത്തൽ. കൂടാതെ ആദ്യ ഘട്ടത്തിൽ 11,000 കോടി രൂപ മുതൽമുടക്കിൽ ഹരിയാനയിലെ സോനിപത്തിൽ പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും സുസുക്കി നടത്തുന്നുണ്ട്.