Leading News Portal in Kerala

വെള്ളിപ്പാത്രത്തിൽ ഒരാള്‍ക്ക് 5,000 രൂപയുടെ ഭക്ഷണം; ആഡംബര പാര്‍ട്ടി നടത്തിയ മഹാരാഷ്ട്ര സർക്കാരിന് വിമര്‍ശനം | Maharashtra govt hosting lavish Parliament event in Mumbai with serving guests on silver plates


Last Updated:

പരിപാടിയില്‍ അതിഥികള്‍ക്കായി മൊത്തം 27 ലക്ഷം രൂപ ചെലവായെന്നാണ് ആരോപണം

മുംബൈയിലെ വിധാൻ ഭവനിൽ നടന്ന എസ്റ്റിമേറ്റ്സ് കമ്മിറ്റി യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 അതിഥികൾ പങ്കെടുത്തുമുംബൈയിലെ വിധാൻ ഭവനിൽ നടന്ന എസ്റ്റിമേറ്റ്സ് കമ്മിറ്റി യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 അതിഥികൾ പങ്കെടുത്തു
മുംബൈയിലെ വിധാൻ ഭവനിൽ നടന്ന എസ്റ്റിമേറ്റ്സ് കമ്മിറ്റി യോഗത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 അതിഥികൾ പങ്കെടുത്തു

വിവാദത്തിന് തിരികൊളുത്തി മുംബൈയില്‍ നടന്ന പാര്‍ലമെന്റ് എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി യോഗം. പാര്‍ട്ടി നടത്തുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ അമിതമായി പണം ചെലവഴിച്ചതായി മഹാരാഷ്ട്ര കോണ്‍ഗ്രസും സാമൂഹിക പ്രവര്‍ത്തകരും ആരോപിച്ചു. ആഡംബര വിരുന്ന് നടത്തിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ക്കിടയിലും അതിഥികള്‍ക്ക് ഓരോരുത്തര്‍ക്കും വെള്ളി പാത്രങ്ങളില്‍ ഭക്ഷണം വിളമ്പികൊണ്ടുള്ള ആഡംബര പാര്‍ട്ടിയാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ആരോപണമുയര്‍ന്നു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ രാജ്യമെമ്പാടുമുള്ള 600 ഓളം അതിഥികളാണ് പങ്കെടുത്തത്. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി 550 രൂപ വീതം ചെലവിട്ട് വെള്ളി പാത്രങ്ങള്‍ വാടകയ്‌ക്കെടുത്തതായി മഹാരാഷ്ട്ര കോണ്‍ഗ്രസ് പറയുന്നു. ഇതില്‍ 5,000 രൂപയുടെ ഭക്ഷണമാണ് ഓരോരുത്തര്‍ക്കും വിളമ്പിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

സംസ്ഥാനം ഏതാണ്ട് പാപ്പരത്തത്തിന്റെ വക്കിലായിരിക്കുമ്പോള്‍ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അംഗങ്ങള്‍ക്ക് വെള്ളി പാത്രത്തില്‍ ഭക്ഷണം വിളമ്പേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് വിജയ് വാഡെറ്റിവാര്‍ നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ‘അമിത ചെലവിടല്‍’ എന്നാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഓരോ അതിഥിയുടെയും ഭക്ഷണത്തിന് ഏകദേശം 5,000 രൂപയാണ് ചെലവഴിച്ചതെന്നും മറുവശത്ത് സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും വിജയ് വാഡെറ്റിവാര്‍ ആരോപിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുവശത്ത് ആഡംബര പാര്‍ട്ടി നടത്തുകയും മറുവശത്ത് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളല്‍ നിഷേധിക്കുകയും ബോണസ് നല്‍കാതിരിക്കുകയും നിരവധി ക്ഷേമ പെന്‍ഷനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓരോ ഭരണ വകുപ്പിന്റെയും ബജറ്റ് എസ്റ്റിമേറ്റുകളും ചെലവുകളും എസ്റ്റിമേറ്റ്‌സ് കമ്മിറ്റി അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. ഇത് ഫണ്ടുകളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്നു. ഈ കമ്മിറ്റി യോഗമാണ് മുംബൈയില്‍ നടന്നത്.

മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി ഹര്‍ഷവര്‍ദ്ധന്‍ സപ്കലും ആഡംബര പാര്‍ട്ടി നടത്തിയതില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ വാഡെറ്റിവാറിന്റെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ആഡംബര പാര്‍ട്ടിക്കായി ചെലവഴിച്ച പണത്തിന് ധൂലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് കണ്ടെത്തിയ പണവുമായി ബന്ധമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ കുംഭറും വിമര്‍ശനവുമായെത്തി. പരിപാടിയില്‍ അതിഥികള്‍ക്കായി മൊത്തം 27 ലക്ഷം രൂപ ചെലവായെന്ന് അദ്ദേഹം ആരോപിച്ചു. പൊതുജനത്തിന്റെ പണം ഉപയോഗിച്ചുള്ള ‘അതിരുകടന്ന ധൂര്‍ത്ത്’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.

“ഇന്ത്യയിലുടനീളമുള്ള ബജറ്റ് കമ്മിറ്റി അംഗങ്ങള്‍ക്കുവേണ്ടി മുംബൈയില്‍ വിധാന്‍ ഭവനിലാണ് ആഡംബര വിരുന്ന് സംഘടിപ്പിച്ചത്. 550 രൂപ വില വരുന്ന വെള്ളി പാത്രങ്ങളില്‍ ഒരാള്‍ക്ക് 5,000 രൂപയുടെ ഭക്ഷണം വിളമ്പി. മൊത്തം ചെലവായത് 27 ലക്ഷം രൂപയാണ്. ചെലവുചുരുക്കലിനെ കുറിച്ച് പ്രസംഗിക്കുന്ന അതേ കമ്മിറ്റിയാണ് ഈ ധൂര്‍ത്തിന്റെ ഭാഗമായത്. ഇത് ജനരോഷത്തിന് ഇടയാക്കി”, അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

പരിപാടിയെ അതിഥികള്‍ പരിഹസിച്ചതായും കുംഭര്‍ എഴുതി. 40 അടി ബാനറുകള്‍, താജ് പാലസിലും ട്രൈഡെന്റിലും താമസസൗകര്യം എസി ഡൈനിങ് ടെന്റ്, റെഡ് കാര്‍പ്പറ്റ് എന്നിവയാണ് പരിപാടിക്കായി ഒരുക്കിയ മറ്റ് ധൂര്‍ത്തുകളെന്നും ഇത് നികുതി പണത്തോടുള്ള രാജകീയ പരിഹാസമായിരുന്നുവെന്നും കുംഭര്‍ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/India/

വെള്ളിപ്പാത്രത്തിൽ ഒരാള്‍ക്ക് 5,000 രൂപയുടെ ഭക്ഷണം; ആഡംബര പാര്‍ട്ടി നടത്തിയ മഹാരാഷ്ട്ര സർക്കാരിന് വിമര്‍ശനം