Leading News Portal in Kerala

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്ക് തുര്‍ക്കി ധനസഹായം നല്‍കുന്നത് ഇന്ത്യക്ക് ഭീഷണിയെന്ന് ഇന്റലിജന്റ്‌സ് | Turkish funding for Bangladesh’s Jamaat-e-Islami poses threat to India


തുര്‍ക്കി നിലവില്‍ നല്‍കി വരുന്ന പിന്തുണ പ്രത്യയശാസ്ത്രപരമായ സഹതാപത്തിനപ്പുറമാണെന്നും ഇപ്പോള്‍ നേരിട്ടുള്ള സാമ്പത്തിക സഹായവും നല്‍കുന്നുണ്ടെന്നും സ്രോതസ്സുകള്‍ പറഞ്ഞു. ധാക്കയിലെ മൊഗ്ബാസറിലെ ജമാഅത്തെ ഇസ്ലാമിന്റെ ഓഫീസില്‍ നവീകരിച്ചതാണ് ഒരു പ്രധാനപ്പെട്ട ഉദാഹരണം. തുര്‍ക്കിയിലെ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതിന് ധനസഹായം നല്‍കിയതെന്ന് കരുതപ്പെടുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാപരവും അടിസ്ഥാന സൗകര്യത്തിന്റെയും അടിത്തര ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തെയെയുമാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

ആയുധനിര്‍മാണ കേന്ദ്രങ്ങളിലെ സന്ദര്‍ശനം

സാദിഖ് ഖയാം ഉള്‍പ്പെടെയുള്ള ബംഗ്ലാദേശി ഇസ്ലാമിക നേതാക്കള്‍ക്കും വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും തുര്‍ക്കിയിലെ ആയുധ നിര്‍മാണ യൂണിറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുര്‍ക്കി സർക്കാർ അവസരമൊരുക്കിയതാണ് ആശങ്ക ഉയര്‍ത്തുന്ന പ്രധാന കാര്യം. സൈനിക പരിജ്ഞാനവും ആയുധ വിതരണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനങ്ങള്‍ നടന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.

പാന്‍ ഇസ്ലാമിസ്റ്റ് അജണ്ട

പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ കീഴില്‍ ദക്ഷിണേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ തുര്‍ക്കി സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. തുര്‍ക്കിയുടെ വിശാലമായ പാന്‍-ഇസ്ലാമിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ദക്ഷിണേഷ്യയിലെ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള മത സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും തുര്‍ക്കിയിലെ സ്ഥാപനങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

പ്രതിരോധ മേഖലയിലെ ഇടപെടലുകള്‍

ബംഗ്ലാദേശ് നിക്ഷേപ വികസന അതോറിറ്റി(BIDA) മേധാവി മുഹമ്മദ് ആഷിഖ് ചൗധരി തുര്‍ക്കിയിലെ ആയുധ നിര്‍മാണ കേന്ദ്രമായ എംകെഇ സന്ദര്‍ശിച്ചത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. ബംഗ്ലാദേശിലെ മുതിര്‍ന്ന സൈനികരുടെയോ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ സാന്നിധ്യമില്ലാതെയാണ് ഈ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. രഹസ്യ പ്രതിരോധ ക്രമീകരണങ്ങളെക്കുറിച്ച് ഇത് ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇതിന് പുറമെ ബംഗ്ലാദേശിലെ ദേശീയ സുരക്ഷാ, ഇന്‍ഫൊര്‍മേഷന്‍ ഉപദേഷ്ടാക്കള്‍ തുര്‍ക്കിയില്‍ അടച്ചിട്ട മുറികളില്‍ സൈനിക ബ്രീഫിംഗുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മ്യാന്‍മറില്‍ പ്രവര്‍ത്തിക്കുന്ന വിമത സംഘടനയായ അരക്കാന്‍ ആര്‍മിയ്ക്ക് ആയുധങ്ങള്‍ ലഭ്യമാക്കാന്‍ തുര്‍ക്കി സഹായം നല്‍കിയേക്കുമെന്നും സംശയമുണ്ട്.

അതിര്‍ത്തി കടന്നുള്ള ഭീഷണിയും ഭീകരവാദത്തിന് ധനസഹായവും

ജമാഅത്തെ ഇസ്ലാമിയും അതിന്റെ അനുബന്ധ സംഘടനകളും അവയുടെ പ്രവര്‍ത്തനത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് വിവിധ തരത്തിലുള്ള ധനസഹായ മാര്‍ഗങ്ങളെ ആശ്രയിക്കുന്നു. പണമയക്കല്‍, സംഭാവനകള്‍, രഹസ്യമായുള്ള വിദേശ ഇന്റലിജന്റ്‌സ് പിന്തുണ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജമാഅത്തെയും തുര്‍ക്കിയും തമ്മിലുള്ള ശക്തമായ ബന്ധത്തിലൂടെ അതിര്‍ത്തി കടന്നുള്ള ഭീകരത, പ്രത്യേകിച്ച് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വളര്‍ന്നുവരാന്‍ ഇടയാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളം, ജമ്മുകശ്മീര്‍ പോലെയുള്ള ഇടങ്ങളില്‍ തുര്‍ക്കി തീവ്രവാദികളെ പിന്തുണയ്ക്കുന്നതായി മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.

തുര്‍ക്കി, പാക് ചാരസംഘടനയായ ഐഎസ്‌ഐ, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി എന്നിവ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് തന്ത്രപരമായ സംഖ്യം രൂപീകരിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

എന്താണ് ജമാഅത്തെ ഇസ്ലാമി?

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. 1971ലെ വിമോചന യുദ്ധത്തിൽ പാകിസ്ഥാനോടൊപ്പം നില്‍ക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഷെയ്ഖ് മുജിബുര്‍ റഹ്‌മാനെയും അവാമി ലീഗിനെയും എതിര്‍ക്കുകയും ചെയ്തു.

മുജീബുര്‍ റഹ്‌മാന്റെ മകളായ ഷെയ്ഖ് ഹസീന ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുകയും അതിലെ നിരവധി ഉന്നതനേതാക്കളുടെ മേല്‍ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഷെയ്ഖ് ഹസീനയുടെ ഭരണം അവസാനിച്ചതോടെ സുപ്രീം കോടതി ജമാഅത്തെ ഇസ്ലാമിയുടെ രജിസ്‌ട്രേഷന്‍ മടക്കി നല്‍കി. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വഴി രാഷ്ട്രീയത്തിലേക്കുള്ള ഔദ്യോഗികമായുള്ള പുനഃപ്രവേശനത്തിന് അവർക്ക് വഴിയൊരുക്കി.

മലയാളം വാർത്തകൾ/ വാർത്ത/World/

ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിക്ക് തുര്‍ക്കി ധനസഹായം നല്‍കുന്നത് ഇന്ത്യക്ക് ഭീഷണിയെന്ന് ഇന്റലിജന്റ്‌സ്