ഇലക്ട്രിക് വാഹന പ്രിയം; കേരളത്തിന് പുതിയ ഊര്‍ജനയം രൂപീകരിക്കാന്‍ 18 അംഗ സമിതി | use of electric vehicles is increasing government formed 18 member committee to formulate new energy policy for Kerala
Last Updated:
ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ആണ് സമിതിയുടെ അധ്യക്ഷന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുന്നതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ ഊര്‍ജനയം രൂപീകരിക്കുന്നു. ഇതിനായി 18 അംഗ വിദഗ്ദ സമിതിയെ നിയോഗിച്ചു. ഊര്‍ജമേഖലയില്‍ സമീപകാലത്ത് ഉണ്ടായ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കം. എല്ലാമേഖലകളിലും സൗരോര്‍ജത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനുപുറമേ, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നയം പ്രാധാന്യം നല്‍കും. ഫെബ്രുവരി 15 -നകം നയത്തിന്റെ കരടുരൂപം സര്‍ക്കാരിന് സമര്‍പ്പിക്കണം.
ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഇന്ത്യന്‍ സ്മാര്‍ട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് റെജി പിള്ള, റൂര്‍ക്കി ഐ.ഐ.ടി. പ്രൊഫസര്‍ അരുണ്‍ കുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. വി.കെ. ദാമോദരന്‍ എന്നിവരാണ് സമിതിയിലെ വിദഗ്ദ അംഗങ്ങള്‍.
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങിയതോടെ സംസ്ഥാനത്തിന് വൈദ്യുതി കൂടുതല്‍ ആവശ്യമായിവരും. ഇതിനായി സൗരോര്‍ജം കൂടുതലായി ഉപയോഗിക്കാനുള്ള നയപരിപാടികള്‍ക്ക് സമിതി രൂപം നല്‍കും. വാഹനങ്ങളില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിന്റെ സാധ്യത, ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് ഗ്രിഡിലേക്ക് തിരിച്ച് വൈദ്യുതി നല്‍കുന്നതിനുള്ള വി2ജി (വെഹിക്കിള്‍ ടു ഗ്രിഡ്) പ്രാവര്‍ത്തികമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതിയ്ക്ക് മുന്പിലുണ്ട്.
ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിയും ഇളവുകളും നല്‍കുക, ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുക, വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന രീതിയിലുള്ള കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ പുതിയ നയ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
Thiruvananthapuram,Thiruvananthapuram,Kerala
January 01, 2024 11:39 AM IST