ഓൺലൈൻ ഗെയിമിലൂടെയുണ്ടായ ഭീമമായ നഷ്ടം നികത്താൻ പാകിസ്ഥാന് വേണ്ടി ചാരവൃത്തി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ| Indian Navy Officer Arrested for Spying for Pakistan
Last Updated:
നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇയാള് പാകിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണു കൈമാറിയിരുന്നത്
ന്യൂഡൽഹി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് കണ്ടെത്തൽ.
നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ വിശാൽ യാദവ് പാകിസ്ഥാനിലെ ഒരു സ്ത്രീയ്ക്കാണു കൈമാറിയിരുന്നത്. പ്രിയ ശർമ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ ഐഎസ്ഐയുടെ ഏജന്റ് എന്നാണ് വിവരം. തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതിന് പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു.
വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും ഇതുവഴി അദ്ദേഹത്തിനുണ്ടായ ഭീമമായ നഷ്ടം നികത്താൻ ഈ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ക്രിപ്റ്റോകറൻസി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാൽ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ വിശാൽ യാദവിനെ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ഈ റാക്കറ്റിൽ മറ്റാരൊക്കെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്നും എത്രത്തോളം വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നും കണ്ടെത്താനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം.
Summary: An employee posted at the Indian Navy’s headquarters in Delhi has been arrested on charges of espionage, with investigators alleging that he was leaking sensitive defence information to Pakistan’s ISI.
New Delhi,New Delhi,Delhi
June 26, 2025 9:51 AM IST
ഓൺലൈൻ ഗെയിമിലൂടെയുണ്ടായ ഭീമമായ നഷ്ടം നികത്താൻ പാകിസ്ഥാന് വേണ്ടി ചാരവൃത്തി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ